വിഷ് യൂ എ ഹാപ്പി ആന്റ് പ്രോസ്പറസ് മാരീഡ് ലൈഫ് എന്ന് വിവാഹാഘോഷങ്ങളുടെ ഭാഗമായി ബന്ധുക്കളും സുഹൃത്തുക്കളും ആശംസിച്ചത് വെറുതെയായില്ല ഈ ദമ്പതികളുടെ കാര്യത്തിൽ. കാരണം നൂറ്റിമൂന്ന് വയസുള്ള വില്യംസും നൂറു വയസുള്ള വില്ലിയും തങ്ങളുടെ വിവാഹജീവിതത്തിന്റെ എൺപത്തിരണ്ടാം വാർഷികം ആഘോഷിച്ചത് കഴിഞ്ഞ മാസം ആരംഭത്തിലായിരുന്നു. നോർത്ത് കരോലിന സ്വദേശികളാണ് രണ്ടുപേരും. മക്കളും പേരമക്കളും ചേർന്നാണ് അപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള ഈ വിവാഹാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്.
ജീവിതത്തിലെ നല്ലതും ചീത്തയുമായ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയവരാണ് ഇവർ. അതുപോലെ ഇത്രയും നീണ്ട ആയുസിനിടയിൽ ചരിത്രം രേഖപ്പെടുത്തിയ പല സംഭവവികാസങ്ങളെയും ഇവർ നേരിടുകയുണ്ടായിട്ടുണ്ട്. ലോകയുദ്ധങ്ങൾ ഉൾപ്പടെ പലതും. പക്ഷേ ഇരച്ചാർത്തുവരുന്ന ഏതു പ്രതിസന്ധിയിലും പരസ്പരം കൈകൾ കോർത്തുപിടിച്ചുനിന്നിട്ടേയുള്ളൂ ഈ ദമ്പതികൾ. എന്തുവന്നാലും തങ്ങൾ കുലുങ്ങുകയില്ല എന്ന ഒരേയൊരു മട്ട്. ചടങ്ങിൽ പങ്കെടുത്തവർക്കും വിരുന്നുകാർക്കും ഒരേയൊരു ചോദ്യമേ ഇവരോട് ചോദിക്കാനുണ്ടായിരുന്നുള്ളൂ. എന്താണ് ഈ ദാമ്പത്യജീവിതത്തിന്റെ രഹസ്യം?
വിശ്വാസവും ആശയവിനിമയവും. ഇരുവർക്കും പറയാനുള്ളത് അതുമാത്രം. ഞങ്ങൾ പരസ്പരം സ്നേഹിച്ചു, ഒരുമിച്ചു ജോലി ചെയ്തു, പരസ്പരം നല്ല സുഹൃത്തുക്കളായി. കുറ്റപ്പെടുത്താനോ ഒളിച്ചുവയ്ക്കാനോ പരാതിപറയാനോ ഒന്നുമില്ലാത്തവിധം സ്നേഹിക്കുന്ന കാര്യത്തിൽ ഞങ്ങൾ പരസ്പരം മത്സരിച്ചു. ദൈവവിശ്വാസവും തങ്ങൾക്ക് തുണയായെന്ന കാര്യവും ഇവർ മറച്ചുവച്ചില്ല. നിസ്സാരകാര്യങ്ങളുടെ പേരിൽ വേർപിരിയാൻ തയ്യാറെടുക്കുന്ന പുതു തലമുറയ്ക്ക് ഇവർ നല്കുന്ന പ്രചോദനം നിസ്സാരമൊന്നുമല്ല. അതുകൊണ്ട് മക്കളും പേരക്കുട്ടികളും ഒരേ സമയത്ത് പറയുന്നു ഇവരാണ് ഞങ്ങളുടെ പ്രചോദനം.