ഭാഷയ്ക്ക് മറക്കാനാവില്ല ഇദ്ദേഹത്തെ

ദ്രാവിഡൻ, ദ്രാവിഡ ഭാഷ, ദ്രാവിഡ രാഷ്ട്രം എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് തമിഴഭാഷയെക്കുറിച്ചുള്ള ഓർമ്മയാണോ? തമിഴ്നാട്ടുകാരനായ ഏതോ ഒരു പണ്ഡിതൻ നല്കിയ പ്രയോഗമായിരിക്കാം അത് എന്ന് കരുതുന്നുവെങ്കിലും തെറ്റി. റോബർട്ട് കാൽഡ്‌വെൽ (Robert Caldwell) എന്ന ബ്രിട്ടീഷ് പാതിരിയാണ് ഈ വാക്ക് സംഭാവന  ചെയ്തിരിക്കുന്നത്. അദ്ദേഹം 1856 ൽ പ്രസിദ്ധീകരിച്ച ‘A Compartive Grammer of the Dravidion or South Indian Family of Languages’ എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി ദ്രാവിഡ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. 
തെക്കൻ തമിഴ്നാട്ടിലെ തിരുനൽവേലി ജില്ലയിൽ ബംഗാൾ കടൽക്കരയോട് ചേർന്ന് കിടക്കുന്ന ഇടയാൻകുടി ഗ്രാമത്തിലായിരുന്നു റോബർട്ട് കാൽഡ്‌വെല്ലിന്റെ അഞ്ച് പതിറ്റാണ്ടോളം നീണ്ട മിഷനറി പ്രവർത്തനത്തിന്റെ സിംഹഭാഗവും. പിന്നീട് അദ്ദേഹം ആംഗ്ലീക്കൻ ചർച്ചിന്റെ ബിഷപ്പായി. 24 ാം വയസിലാണ് അദ്ദേഹം മദ്രാസിൽ എത്തിയത്. തന്റെ ദൗത്യം വിജയിപ്പിക്കണമെങ്കിൽ തദ്ദേശീയ ഭാഷയിൽ അവഗാഹം കൂടിയേ കഴിയൂ  എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ തമിഴ് പഠിക്കാനും ദക്ഷിണേന്ത്യൻ ഭാഷകളിൽ പ്രാവീണ്യം നേടാനും പ്രേരിപ്പിച്ചത്. ലണ്ടൻ മിഷൻ സൊസൈറ്റിയുടെ വൈദികനായെത്തിയ കാൽഡ്‌വെല്ലിനെ ഇന്ന് ലോകം അറിയുന്നത് മികച്ച ഭാഷാശാസ്ത്രജ്ഞൻ എന്ന നിലയിലാണ്. തമിഴ് ജനതയെ ബ്രാഹ്മണ മേധാവിത്വത്തിൽ നിന്ന് മോചിപ്പിക്കാനും ഭാഷയുടെ പേരിൽ ദേശീയത കരുപിടിപ്പിക്കാനുമൊക്കെ വഴിമരുന്നിട്ടത് കാൽഡ് വെല്ലായിരുന്നു. ഇ.വി. രാമസാമി നായ്ക്കർ എന്ന പെരിയാറിനും സി.എൽ.അണ്ണാദുരൈക്കുമൊക്കെ തമിഴ് ദേശീയത ഒരായുധമായെങ്കിൽ അതിന് കടപ്പെട്ടിരിക്കുന്നത് കാൽഡ് വെല്ലിന്റെ ദ്രാവിഡഭാഷാ അഭിമാനവാദത്തിനും സാഹിത്യകൃതികൾക്കുമാണ്. 1814 ൽ അയർലണ്ടിൽ ജനിച്ച ഇദ്ദേഹം ഗ്ലാസ്ഗോ സർവകലാശാലയിലെ പരിശീലനത്തിന് ശേഷമാണ് മിഷനറി പ്രവർത്തനത്തിനായി ഇന്ത്യയിലേക്കെത്തിയത്.
ഗ്രീക്ക്, ഇംഗ്ലീഷ, തത്വശാസ്ത്രം, താരമത്യപഠനം എന്നിവയിൽ അതീവ തല്പരനായിരുന്ന റോബർട്ട് ദക്ഷിണേന്ത്യയിലെ പ്രധാനഭാഷകളായ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നിവയെല്ലാം ചുരുങ്ങിയകാലം കൊണ്ട് സ്വായത്തമാക്കി. 19-ാം നൂറ്റാണ്ടിൽ കാൽഡ് വെല്ലിന്റെ പഠനങ്ങൾ വരുന്നതു വരെ തമിഴ് ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളെയെല്ലാം ആര്യഗോത്രത്തിലാണ് പെടുത്തിയിരുന്നത്. സംസ്‌കൃതം എന്ന മൂലഭാഷയിൽ നിന്ന് ഉത്ഭവിച്ചതാണ് ദക്ഷിണേന്ത്യൻ ഭാഷകളും എന്ന ധാരണയെ മാറ്റിമറിച്ചു എന്നതാണ് കാൽഡ് വെല്ലിന് താരതമ്യഭാഷാപഠന ശാഖയിലുള്ള സ്ഥാനം.
പുരാവസ്തു ഖനനത്തിലും തച്ചുശാസ്ത്രത്തിലും ചരിത്രത്തിലും ഏറെ തല്പരനായിരുന്ന ഇദ്ദേഹം ചോള ചേര പാണ്ഡ്യകാലത്തെ പല തിരുശേഷിപ്പുകളും തിരിച്ചറിയാനും തരംതിരിക്കാനും ഏറെ  താല്പര്യം കാട്ടി. ഇത്തരം പ്രവർത്തനങ്ങളുടെ ആകെത്തുകയായിരുന്നു A political and general history of the district of tirunelvels എന്ന ആധികാരിക ഗ്രന്ഥം. 1881 ൽ അന്നത്തെ മദ്രാസ് സർക്കാർ നേരിട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. നാട്ടുഭാഷാ പ്രാവീണ്യം, പ്രാദേശിക ചരിത്രരചന എന്നിവയിലൂടെയെല്ലാം കാൽഡ് വെൽ സമൂഹത്തെ കൊണ്ടുചെന്നെത്തിച്ചത് ബ്രാഹ്മണാധിപത്യത്തിനെതിരെയുള്ള ദ്രാവിഡ ദേശീയതയിലൂന്നിയ മുന്നേറ്റം എന്ന രൂപത്തിലാണ്.  മരണത്തിന് 80 വർഷങ്ങൾക്ക് ശേഷം 1967 ൽ മറീനാബീച്ചിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്ത് ആദരിക്കാനും ദ്രാവിഡനാട് മറന്നില്ല. ദ്രാവിഡനാടിന്റെ ഭാഷാ പൈതൃകരംഗത്ത് കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിൽ കാൽഡ് വെല്ലിനോളം സ്വാധീനം ചെലുത്തിയ വ്യക്തികളില്ല.

 

സന്തോഷ് വേരനാനി

error: Content is protected !!