വിശേഷണം

ചില  വിശേഷണങ്ങൾ  നമ്മെ  വല്ലാതെ  നടുക്കിക്കളയും. പിന്നെ ആ വിശേഷങ്ങൾക്കനുസരിച്ച് ജീവിക്കാൻ  നിർബന്ധിക്കപ്പെടും. പ്രത്യേകിച്ച് നാലാൾ കൂടുന്നിടത്ത് പരസ്യമായിട്ടുളള വിശേഷണങ്ങൾ. ഒരാൾ നിങ്ങളെ നോക്കി മറ്റുള്ള വരോട് പറയുകയാണ് ‘ഇതാ ഇയാളൊരു നല്ല മനുഷ്യനാണ് ധാർമ്മികതയുളളവനാണ്, മനുഷ്യസ്നേഹിയാണ്. മാതൃകാകുടുംബജീവിതം നയിക്കുന്നവനാണ്. യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത വ്യക്തിയാണ്….’

 മാനുഷികമായി എല്ലാവിധ കുറവുകളുമുള്ള ഒരു വ്യക്തിയാണെന്ന് സ്വയം മനസ്സിലാക്കിയ നി ങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം പ്രയോഗങ്ങൾ വല്ലാത്തൊരു പ്രഹരമാണ്. പ്രത്യേകിച്ച് വിശേഷങ്ങൾക്കനുസരിച്ച് ജീവിക്കാതെ  തന്റേതായ രീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ. ഇരട്ടജീവിതം നയിക്കാതെ എല്ലാ കുറവുകളോടും ക്ഷതങ്ങളോടും കൂടി സ്വന്തം ജീവിതം മാനുഷികതയോടെ ജീവിക്കാനാഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ.

ചില ആദരങ്ങൾ ഏറ്റുവാങ്ങുമ്പോഴുമുണ്ട് ഇതേ പ്രശ്നം. അവാർഡും ആദരവും രണ്ടും രണ്ടാണ്. അവാർഡുകിട്ടിയ ഒരു വ്യക്തി തനിക്ക് സ്വന്തമായ കഴിവുകളുടെ പേരിലാണ് അത് നേടിയെടുത്തിരിക്കുന്നത്. അവാർഡു അയാളുടെ കഴിവിന് കിട്ടിയ അംഗീകാരമാണ്. പക്ഷേ ഒരു വ്യക്തി ആദരിക്കപ്പെടുന്നത് അയാളുടെ കഴിവുകൊണ്ടുമാത്രമല്ല. അയാൾ എന്ന വ്യക്തിയെ, വ്യക്തിത്വത്തെ, പ്രവൃത്തികളെയും മാർഗ്ഗങ്ങളെയും എല്ലാം ചേർത്താണ് നാം ആദരിക്കുന്നത്. പൊന്നാടകൾ, മെമന്റോകൾ, പ്രശസ്തിപത്രങ്ങൾ എല്ലാം ആദരവിന്റെ ഭാഗമാണ് നിങ്ങൾ സവിശേഷത അർഹിക്കുന്നു. നിങ്ങൾ വ്യത്യസ്തനാണ് എന്ന പരസ്യമായ അംഗീകാരമാണ് അത്. അവിടെയും അതിനനുസരിച്ച് ജീവിക്കാൻ പിന്നീട് നിർബന്ധിക്കപ്പെടുന്നു. പണ്ടൊരു  വിശുദ്ധന്റെ ജീവിതത്തിൽ സംഭവിച്ചതുപോലെയാണ് ചില കാര്യങ്ങൾ. വിശുദ്ധനെന്ന പരക്കെ ഖ്യാതിയുണ്ടായിരുന്നു അയാൾക്ക്. ആ വിശേഷണങ്ങൾ അയാളെ സന്തോഷിപ്പിച്ചിരുന്നോ എന്നറിയില്ല. എന്തായാലും ആ പേരിന്റെ മഹിമയുമായി അയാൾ മുന്നോട്ടുപോകുമ്പോഴാണ് വയലിൽ പണിയെടുത്തുകൊണ്ടിരുന്ന ഒരാൾ അയാളെ കണ്ട് പണിനിർത്തി വഴിയിലേക്ക് കയറിവന്നിട്ട് ഇപ്രകാരം പറഞ്ഞത്. ‘എല്ലാവരും വിശുദ്ധനെന്നാണ് നിങ്ങളെക്കുറിച്ചുപറയുന്നത്. അങ്ങനെയായിരിക്കുകയും വേണം കേട്ടോ…’ ദൈവം ചേറിൽ നിന്ന് കയറിവന്നു എന്നെ ശാസിച്ചുവെന്നാണ് ആ പുണ്യവാൻ പിന്നീട് അതേക്കുറിച്ചു രേഖപ്പെടുത്തിയത്.

 അംഗീകാരങ്ങളോ ആദരവുകളോ അവാർഡുകളോ കിട്ടാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ജീവിതം കുറെക്കൂടി എളുപ്പമാണ്. അയാൾക്ക് സമൂഹത്തോട് പ്രത്യേകമായ വിധത്തിൽ പ്രതിബദ്ധതയില്ല. ആരോടും അയാൾക്ക് കടപ്പാടുകളുമില്ല. പക്ഷേ ഏതെങ്കിലും ഒരു അവസരത്തിൽ ആദരിക്കപ്പെട്ടുകഴിഞ്ഞാൽ അയാളുടെ മുന്നോട്ടുള്ള ജീവിതഗതികളിൽ ചെറിയൊരു നിയന്ത്രണം വന്നുകഴിഞ്ഞു. കാരണം അയാൾ ശ്രദ്ധിക്കപ്പെട്ടവനാണ്. ശ്രദ്ധിക്കപ്പെട്ടവനെ മറ്റുള്ളവരും ശ്രദ്ധിച്ചുതുടങ്ങും. അയാളുടെ പെരുമാറ്റം, ചെയ്തികൾ. അഭിപ്രായപ്രകടനങ്ങൾ, വാക്കുകൾ, സംസാരരീതി… അതോടെ അവരുടെ സ്വകാര്യത നഷ്ടമാകുന്നു. ചില സെലിബ്രിറ്റികൾ  തങ്ങളുടെ  പ്രൈവസിയെക്കുറിച്ച്  ഉറക്കെ സംസാരിക്കുന്നതു എന്തുകൊണ്ടാണ്? അവർക്ക് തങ്ങളാഗ്രഹിക്കുന്നവിധത്തിൽ പൊതുസമൂഹത്തിൽ ഇടപെടാനോ ജീവിക്കാനോ കഴിയുന്നില്ല എന്നതുകൊണ്ട്. പ്രശസ്തി ഒരു പരിധികഴിഞ്ഞാൽ ഭാരമുള്ളതാണ്.

ചില വിശേഷണങ്ങൾ വല്ലാതെ തകർത്തു കളയാറുമുണ്ട്. കഴുത, കഴിവുകെട്ടവൻ ഇത്യാദി… എത്ര പണിപ്പെട്ടാലാണ് പിന്നീട് അവയിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നത്. വിശേഷണം നല്കാൻ എളുപ്പമാണ്. വിശേഷണങ്ങൾക്ക് അനുസരിച്ചു ജീവിക്കാനാണ് പാട്. കിട്ടിയ അനർഹമായതും  അയോഗ്യവുമായ വിശേഷണങ്ങളിൽ നിന്ന് പുറത്തുകടക്കാനാണ് അതിലേറെ പാട്.

error: Content is protected !!