രോഹിത് എന്ന സംവിധായകന്റെ പേര് ശ്രദ്ധിച്ചത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. പടം കാണണം എന്ന് ആഗ്രഹമുള്ളവര്‍ ഇന്ന്തന്നെ പോയി തീയറ്ററില്‍ കണ്ടോളൂ. പടം നാളെ മാറും എന്ന് അര്‍ത്ഥം വരുന്ന ഒരു വാചകമായിരുന്നു അത്. അഡൈ്വഞ്ചറസ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയെക്കുറിച്ചായിരുന്നു സംവിധായകനായ രോഹിതിന്‍റെ ആ നിലവിളി.
തീയറ്ററില്‍ ഭേദപ്പെട്ടതെന്ന് പ്രതികരണം ഉണ്ടാക്കിയിട്ടും റീലിസ് ചെയ്ത് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ചില പ്രത്യേക ഇടപെടല്‍ മൂലം ചിത്രം മാറ്റാന്‍ പോകുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ നിലവിളി. എന്തായാലും അതേറ്റു. കുറെ ദിവസം കൂടി ഓടിയതിന് ശേഷമാണ് ചിത്രം തീയറ്റര്‍ വിട്ടത്. അതെന്തായാലും ആ ചിത്രം കാണാന്‍ പറ്റിയില്ല. വ്യത്യസ്തതയുള്ള ചിത്രമാണ് എന്ന് കേട്ടിരുന്നു. അതുകൊണ്ട് രോഹിതിന്റെ രണ്ടാമത്തെ ചിത്രമായ ഇബ് ലിസ് കാണാന്‍ പോയപ്പോള്‍ എന്തോ പ്രതീക്ഷിച്ചിരുന്നു.
സംഭവം സത്യമാണ്. മലയാളം സിനിമയുടെ നടപ്പുശീലങ്ങളില്‍ നിന്നും പ്രമേയത്തിലും പ്രതിപാദനത്തിലും വ്യത്യസ്തമായസമീപനം തന്നെയാണ് ഇബ് ലീസ് വച്ചുപുലര്‍ത്തുന്നത്. പക്ഷേ പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമാകുന്ന രീതിയില്‍ ഒരു അനുഭവം സമ്മാനിക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല . മാധവിക്കുട്ടിയുടെയും എംപിനാരായണപിള്ളിയുടെയും ചില ഫാന്റസി കഥകള്‍ വായിക്കുന്നതുപോലെയൊരു സുഖമുണ്ട് സമീര്‍ ്അബ്ദൂളിന്റെ ഇബ് ലീസ് കഥക്ക്. എന്നാല്‍ ഇത്തരത്തിലുള്ള ഫാന്റസിയോട് മലയാളം പ്രേക്ഷകര്‍ക്ക് താല്പര്യമില്ല എന്നതിന്റെ പ്രകടമായ തെളിവാണ് ചിത്രത്തോട് അവര്‍ കാണിച്ച മുഖംതിരിച്ചില്‍.
എല്ലാ മനുഷ്യരുടെയും ഉള്ളിലെ ഒരു സംശയമാണ് മരണത്തിന് ശേഷം എന്തു സംഭവിക്കുന്നു എന്നത്. ഓരോരുത്തര്‍ക്കും അതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളായിരിക്കും .മതം പറയുന്നതല്ല ശാസ്ത്രം പറയുന്നത് ശാസ്ത്രം പറയുന്നതല്ല സാധാരണക്കാര്‍ പറയുന്നത്. മരണത്തിന് ശേഷം എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള സംവിധായകന്റെയും കഥാകൃത്തിന്റെയും വീക്ഷണമാണ് ഇബ് ലീസ്.
ഇക്കരെ, അക്കരെ എന്നിങ്ങനെയുള്ള സാങ്കല്പിക ഗ്രാമത്തിലാണ് ചിത്രത്തിന്റെ പാതിയും നടക്കുന്നത്. ഇതില്‍ അക്കരെയുള്ളവര്‍ക്ക് മരണം നമ്മുടേതുപോലെയുള്ള വികാരമാണ്. ഒരാള്‍ മരിച്ചുകഴിയുമ്പോള്‍ അവിടെ കണ്ണീരും വിലാപവുമൊക്കെയുണ്ട്. എന്നാല്‍ ഇക്കരെയതല്ല അവസ്ഥ. അവിടെയുള്ളവര്‍ക്ക് മരണം ആഹ്ലാദകരമായ അനുഭവമാണ്. ആഘോഷമാണ്. ആര്‍ക്കും കരച്ചിലില്ല. മരണവീടുകളില്‍ നിന്ന് നൃത്തഗാനങ്ങള്‍ ഒഴുകും. അതുപോലെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മരണവും സംഭവിക്കാം. മരിച്ചതിന്‍റെ പേരില്‍ സന്തോഷിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗ്രാമമായിരിക്കും അത്.
ആ ഗ്രാമത്തിലെ മരണവീട്ടില്‍ മൈക്ക് സെറ്റു വച്ചുകെട്ടുന്ന ജോലിയാണ് വൈശാഖിന്. അങ്ങനെയൊരു ദിവസം ഒരു മരണവീട്ടില്‍വച്ച് മരത്തില്‍ നിന്ന് വീണു അവന്‍ മരിക്കുന്നു. അവന്റെ മരണത്തില്‍ അച്ഛനും അമ്മയും പോലും വിഷമിക്കുമ്പോഴും ആകെ സങ്കടപ്പെടുന്നത് അവന്റെ കൂട്ടുകാരി ഫിദ മാത്രം. കാരണം അവള്‍ അക്കരെ നിന്നാണ് വരുന്നത്.ഭൂമിയില്‍ വച്ച് പറയാതെ പോയ പ്രണയം മരണത്തിന് ശേഷം അവന്‍റെഉളളില്‍ വേദനയാകുന്നു അവളെ തന്റെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വൈശാഖും മരണമടഞ്ഞ മുത്തച്ഛനും കൂട്ടുകാരനും കൂടി നടത്തുന്ന ശ്രമങ്ങളാണ് തുടര്‍ന്നുള്ള ഭാഗങ്ങളില്‍.
ഈ ശ്രമങ്ങളാണ് ചിത്രത്തിന്‍റെ കേന്ദ്രപ്രമേയത്തെ ദുര്‍ബലമാക്കുന്നത്. മരണമടയുന്നവര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവര്‍ തന്നെ. പക്ഷേ അവരുടെ അടുക്കലെത്താനും അവരോടുള്ളസ്നേഹം അറിയിക്കാനും സ്വമേധയാ മരണം തിരഞ്ഞെടുക്കുന്നത് ഒരിക്കലും ആശാസ്യമല്ല. അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുമില്ല. ഫാന്‍റിയും മിത്തും ഭ്രമാത്മകമായ ലോകവും ഒക്കെ പുതുമയുടെ പേരില്‍ സഹിച്ചിരിക്കാമെങ്കിലും പ്രിയപ്പെട്ടവരുടെ അടുക്കലെത്താന്‍ ആത്മഹത്യ ചെയ്യുന്നു എന്നത് തിരുത്തപ്പെടേണ്ട ജീവിതസമീപനം തന്നെയാണ്. കഥയും സിനിമയുമൊക്കെ ജീവിക്കാന്‍ പ്രേരണ നല്കുന്നവയായിരിക്കണം. അല്ലാതെ ജീവിതം അവസാനിപ്പിക്കാന്‍ പ്രചോദനം നല്കുന്നതാകരുത്.
വാല്‍ക്കഷ്ണം സമീപകാലത്ത് ഇറങ്ങിയ നാലു മലയാളചിത്രങ്ങള്‍ മരണവും മരണാന്തരലോകവുമായി ബന്ധപ്പെട്ടതായിരുന്നു എന്നത് കൗതുകകരമായ ഒരു നിരീക്ഷണമാണ്. ലിജോ പല്ലിശ്ശേരിയുടെ ഈമയൗ ശവസംസ്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയാണ് അപഗ്രഥിച്ചത്. അഞ്ജലിമേനോന്‍റെ കൂടെയില്‍ അകാലത്തില്‍ മരണമടഞ്ഞ ഒരു ആത്മാവ് ഭൂമിയിലെ ചില ബന്ധങ്ങളെ കൂട്ടിയിണക്കാനുള്ള ദൗത്യവുമായി സഹോദരനുമായി ചങ്ങാത്തം സ്ഥാപിക്കുന്നതാണ് അവതരിപ്പിച്ചിരിക്കുന്നത്. അല്‍ത്താഫിന്‍റെ നീലി എന്ന ചിത്രം കൊലപാതകത്തിലൂടെ മരണമടഞ്ഞ ആത്മാവിന്‍റെ പ്രതികാരചിന്തയും അപഥസഞ്ചാരങ്ങളുമാണ് പറഞ്ഞത്. ഇപ്പോള്‍ ഇബ് ലീസാകട്ടെ മരണശേഷമുള്ള ഒന്നിലധികം ആത്മാക്കളുടെയും അവരുടെ
ലോകത്തിന്‍റെയും സഫലമാകാതെ സ്വപ്നങ്ങളുടെയും കഥയിലൂടെ സഞ്ചരിക്കുന്നു. അവസാനം പറഞ്ഞ മൂന്ന് സിനിമയിലേതുപോലെയാണ് കാര്യങ്ങളെങ്കില്‍, ആത്മാക്കള്‍ ഈ ഭൂമിയിലൂടെ വ്യഥിതസ്വപ്നങ്ങളും നഷ്ടപ്രണയങ്ങളുമായി അലഞ്ഞുതിരിയുകയാണെങ്കില്‍ അതെന്തു കഷ്ടമായിരിക്കും!