കാലം മാറുന്നതിന് അനുസരിച്ച് പ്രേതങ്ങളും രൂപവുംഭാവവും മാറുമോ? രഞ്ജിത് ശങ്കറിന്റെ പ്രേതം സിനിമയില്‍ പരമ്പരാഗതമായി പ്രേതങ്ങള്‍ സ്വീകരിച്ചുപോന്നിരുന്ന ഡ്രസ് പാറ്റേണ്‍ ഉപേക്ഷിച്ചത് അതിന്റെ ചെറിയൊരു തുടക്കമായിരുന്നുവെന്ന് വേണം കരുതാന്‍. അതുപോലെ പ്രേതങ്ങള്‍ രക്തദാഹികളും പ്രതികാരദാഹികളുമാണെന്നുമാണ് വയ്പ്.
പക്ഷേ മറ്റുള്ളവരെ രക്ഷിക്കാനെത്തുന്ന പ്രേതങ്ങളുമുണ്ടെന്ന് പുതിയ സിനിമയായ നീലി പറയുന്നു. ചുരുക്കത്തില്‍ പ്രേതങ്ങളെയും പ്രേതസിനിമകളെയും കുറിച്ചുള്ള പല ധാരണകളെയും തിരുത്തിക്കൊണ്ട് പുതിയ കാലത്തിലെ പ്രേതത്തെയാണ് റിയാസ് മാറാത്ത്- മുനീര്‍ മുഹമ്മദുണ്ണി എന്നിവരുടെ രചനയില്‍ അല്‍ത്താഫ് റഹ്മാന്‍ എന്ന നവാഗത സംവിധായകന്‍ നീലിയെന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കള്ളിയങ്കാട്ട് നീലിയെന്ന സംരക്ഷകയും അഭയദായിനിയുമായ പ്രേതവും അകാലത്തില്‍ വേര്‍പെട്ടതിന്റെ വേദനയില്‍ മരി്ച്ചുകഴിഞ്ഞിട്ടും നീറിനിറിക്കഴിയുന്ന അലക്‌സ് എന്ന സ്വാര്‍ത്ഥനായ അച്ഛന്റെ ആത്മാവ്, തനിക്കാരുമില്ലാത്തതിന്റെ പേരില്‍ മകളുടെ ആത്മാവിനെകൂടി തന്റെ അടുക്കലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും അതിനായി അലക്‌സിന്റെ സഹോദരന്‍ നടത്തുന്ന ശ്രമങ്ങളും സൂപ്പര്‍നാച്വറലായ സ്പിരിറ്റുകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന അനൂപ് മേനോന്റെ കഥാപാത്രവും മോഷ്ടാക്കളായ ഭാസ്‌ക്കരനും ജലാലും വൈല്‍ഡ് ഫോട്ടോഗ്രാഫറും ഒക്കെകൂടി, സിനിമയില്‍ ബാബുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡയലോഗ് കടമെടുത്ത്പറഞ്ഞാല്‍, വളരെ സിമ്പതറ്റിക്കലായ സിനിമയാണ് നീലി.
ബാലലൈംഗികപീഡനം കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ശവത്തോട് പോലും ആസക്തി കാണിക്കുന്ന ആശുപത്രി ജീവനക്കാരന്റെ കൊലപാതകത്തോടെ നീലി കഥയിലേക്ക് പ്രവേശിക്കുന്നുമുണ്ട്. ലക്ഷ്മിയുടെ മകളെ കാണാതെ പോകുമ്പോള്‍ ആ വഴിക്കായിരിക്കും ചിത്രം മുന്നോട്ടുനീങ്ങുന്നതെന്ന് സ്വഭാവികമായും പ്രേക്ഷകന്‍ സംശയിക്കുമ്പോള്‍ മറ്റാരും വിചാരിക്കാത്ത വഴികളിലൂടെയാണ് സിനിമ തുടര്‍ന്ന് സഞ്ചരിക്കുന്നത്. തുടര്‍ന്ന് ലക്ഷ്മിയുടെ മകളെ തിരികെ കി്ട്ടുന്നതുവരെയുള്ള കഥാഗതിയില്‍ പ്രേക്ഷകനെ ആകാംക്ഷയില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാനുള്ള കോപ്പുകളൊക്കെ സംവിധായകന്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്.
പാരാനോര്‍മ്മല്‍ ഇന്‍വെസ്റ്റിഗേറ്ററായി വരുന്ന അനൂപ് മേനോന്റെ കഥാപാത്രം മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെ ഓര്‍മ്മിപ്പിച്ചു. സണ്ണിയുടേതിന് സമാനമായ മാനറിസങ്ങള്‍ കലര്‍ന്നതായിരുന്നു ആ കഥാപാത്രം. പതിവുശൈലിയില്‍ ആ കഥാപാത്രത്തെ അനൂപ് മേനോന്‍ അവതരിപ്പിക്കുകയും ചെയ്തു.
മണിച്ചിത്രത്താഴ്, വിസ്മയത്തുമ്പത്ത് തുടങ്ങിയ ചിത്രങ്ങളുമായും വിദൂരമായ ചിലഛായകളും ചിത്രത്തിനുണ്ട്. ഗംഗയുടെ രോഗം ചികിത്സിക്കാന്‍ ഒരേ സമയം മനശാസ്ത്രവും മന്ത്രവാദവും ഉപയോഗിക്കുന്നതുപോലെ ലക്ഷ്മിയുടെ മകളെ കണ്ടെത്താന്‍ സാങ്കേതികതയും മന്ത്രവാദവും പരീക്ഷിക്കുന്നത് അതിന് തെളിവാണ്.പക്ഷേ അതുകൊണ്ടൊന്നും ഈ ചിത്രം അനുകരണമോ മോഷണമോ എന്ന് പറയാനും കഴിയില്ല. തിരക്കഥയിലും അവതരണത്തിലും സംവിധാനത്തിലുമെല്ലാം നീലിക്ക് മൗലികതയുണ്ട്.ഹൊറര്‍ മൂഡ് നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുമുണ്ട്. .
ഹൃദയസ്പര്‍ശിയായ ചില ജീവിതചിത്രീകരണവും രംഗങ്ങളുംചിത്രത്തിലുള്ളതും കാണാതിരിക്കാനാവില്ല. ഉദാഹരണത്തിന് മോഷ്ടാക്കളാണെങ്കിലും മാതൃസ്‌നേഹികളായ ഭാസ്‌ക്കരനും ജലാലും വൃദ്ധയായ അമ്മയെ പാതിരാത്രി കഴിഞ്ഞനേരത്തും മകനും മരുമകളും ചേര്‍ന്ന് സ്വത്തിന്റെ പേരില്‍ പീഡിപ്പിക്കുന്ന രംഗത്തില്‍ ഇടപെടുന്നതും തുടര്‍ന്നുള്ള ഡയലോഗുകളും, വിശ്വാസവഞ്ചകനായിരുന്നിട്ടും അലക്‌സിന്റെ ജീവന്‍ രക്ഷിക്കാന്‍ കിഡ്‌നി ദാനം ചെയ്ത ലക്ഷ്മിയെ നന്ദികേടോടെ അലക്്‌സ് പിന്നീട് തള്ളിക്കളയുന്നതുമെല്ലാം അത്തരത്തിലുള്ളവയാണ്. അലക്‌സിന്റെ മരണം കൊലപാതകമായിരുന്നു എന്ന കണ്ടെത്തലോടെയാണ് ചിത്രം അവസാനിക്കുന്നതും.
എല്ലാവരുടെയും മനസ്സിലുള്ള ആത്മാക്കളെക്കുറിച്ചുള്ള ചില സങ്കല്പങ്ങളെ ന്യൂജെന്‍ രീതിയില്‍ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മോശം സിനിമയാണ് നീലിയെന്ന് പറയാനാവില്ല. പക്ഷേ പേടിച്ചുവിറയ്ക്കാന്‍ തീയറ്ററില്‍ ആളുകളില്ലെന്ന് മാത്രം.