കത്ത് ഒരോര്‍മ്മപ്പെടുത്തലാണ്. ഞാന്‍ നിന്നെ ഓര്‍ക്കുന്നുണ്ട് എന്നാണ് ഓരോ കത്തും പറയുന്നത്. ഞാന്‍ നിന്നെ ഓര്‍ക്കുന്നതുകൊണ്ട് നീ എന്നെയും ഓര്‍ക്കണമെന്ന് അത് ശാഠ്യം പിടിക്കുന്നുണ്ട്. അതുകൊണ്ടാണ് മറുപടിക്കുവേണ്ടി നമ്മള്‍ കാത്തിരിക്കുന്നതും അതുകിട്ടാതെ വരുമ്പോള്‍ നിരാശപ്പെടുന്നതും. മറുപടി കിട്ടുമ്പോള്‍ പറയാതെ പറയുന്നത് നീ എന്നെയും ഓര്‍ക്കുന്നതുപോലെ ഞാന്‍ നിന്നെയും ഓര്‍ക്കുന്നുണ്ട് എന്നാണ്. അതുകൊണ്ടാണ് ഒരു കത്ത് കിട്ടുമ്പോള്‍ സന്തോഷിക്കുന്നത്.
കത്തുകളില്‍ ഗൃഹാതുരത്വമുണ്ട്. വിവാഹം കഴിക്കുകയും മറ്റൊരു ദേശത്തേക്ക് പറിച്ചുനടപ്പെടുകയും ചെയ്യപ്പെട്ട ഒരു സുഹൃത്തിന്റെ കത്ത് തീരെ പ്രതീക്ഷിക്കാത്ത നേരത്തു കിട്ടിയപ്പോള്‍ ഏതൊക്കെയോ ചില ഓര്‍മ്മകള്‍ ഉണരുകയായിരുന്നു.
”… ഇപ്പോള്‍ ഭാര്യയും കുഞ്ഞുമില്ലാത്ത നേരത്ത് വീട്ടിലെങ്ങും ആരുമില്ലാത്ത നേരത്ത് നിന്നെ ഞാനോര്‍ത്തു. നീ വിളിച്ചിട്ടും തിരിച്ചുവിളിക്കാത്തതിനെക്കുറി
വായിച്ചുതീര്‍ന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.
ഒരു ഫോണ്‍ വിളി ഒന്നും രേഖപ്പെടുത്തുന്നില്ല… അത് ശബ്ദവീചികളായി വന്ന് അങ്ങനെതന്നെ ഒടുങ്ങുന്നു. പക്ഷേ കത്തുകളങ്ങനെയല്ല. അതൊരു രേഖയാണ്. ഇന്നില്‍ നിന്ന് നാളെത്തേക്ക് സൂക്ഷിച്ച് വയ്ക്കാന്‍ ഒരു രേഖ. പ്രസിദ്ധീകരണയോഗ്യമല്ലെന്ന് അറിയിച്ചുകൊണ്ടുള്ള പത്രാധിപന്മാരുടെ കൃത്രിമദു:ഖത്തിന്റെ പോസ്റ്റ്കാര്‍ഡുകള്‍ പോലും സൂക്ഷിച്ചുവച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അലുമിനിയത്തിന്റെ പഴയ സ്‌കൂള്‍ ബോക്‌സിലും കോളജ് ബാഗിലുമായി ഇന്നും കുറെയധികം കത്തുകളുണ്ട്.
ഏതൊക്കെയോ ചില ഓര്‍മ്മകളെ അത് സ്‌നാനപ്പെടുത്തുന്നുണ്ട്. . അന്നത്തെ മാനസികാവസ്ഥകളെ, മനോഭാവങ്ങളെ..
ജീവിതം മുഴുവന്‍ കത്തുകളില്‍ പ്രതിബിംബിക്കുകയും ജീവിതത്തെ തന്നെ അത് താങ്ങിനിര്‍ത്തുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് കൗമാരമായിരുന്നു. ആ ജീവിതത്തിന്റെ ആകുലതകളും ആശങ്കകളും നിരാശതയുമൊക്കെ അന്നത്തെ കത്തുകളില്‍ നിഴലിച്ചിരുന്നു.
തൂലികാസുഹൃത്ത് ഒരു കുമ്പസാരക്കൂടായിരുന്നു. പിണങ്ങുകയും വേദനിപ്പിക്കുകയും സ്‌നേഹിക്കുകയുമൊക്കെ അതിലൂടെയായിരുന്നു. ആസക്തമായ സൗഹൃദകാലമെന്ന് പിന്നീടതിനെക്കുറിച്ച് അവനെഴുതിയിട്ടുണ്ട്.
ശനിയാഴ്ചകളിലെ ഉച്ചകള്‍ അന്ന് തപാല്‍ക്കാരനെ കാത്തിരിക്കുന്ന നേരമാണ്. അയാള്‍ വരുന്ന സമയം അറിയാം. ഒന്നരയ്ക്കും രണ്ടിനുമിടയ്ക്കാണത്. റോഡിന്റെ വളവ് തിരിഞ്ഞ് വരുന്നത് കാണുമ്പോഴേ നെഞ്ചിടിപ്പ് കൂടും. കൈകള്‍ വിറയ്ക്കും. ജോലിക്ക് അപേക്ഷ അയച്ച് കാത്തിരിക്കുന്ന ഒരു ഉദ്യോഗാര്‍ത്ഥിയെക്കാള്‍ ഉത്കണ്ഠയായിരുന്നു അനുഭവിച്ചിരുന്നത്. തപാല്‍ക്കാരന്‍ ഒന്ന് നോക്കുകപോലും ചെയ്യാതെ കടന്നുപോവുമ്പോള്‍ എന്തൊരു നിരാശയായിരുന്നു.
ക്ലാസ് കഴിഞ്ഞ് വരുമ്പോഴും ചിന്തകള്‍ മറുപടിക്കത്തുകളെക്കുറിച്ചാണ്. വരേണ്ട സമയം കഴിഞ്ഞതാണ്.. ഇന്ന് വരുമായിരിക്കും.. തപാല്‍ അവധിദിവസങ്ങളെ അന്ന് വെറുത്തിരുന്നു.
പിന്നെ ജീവിതത്തിന്റെ ഏതൊക്കെയോ വഴികളില്‍വച്ച് കത്തുകളുടെ വരവ് നിലച്ചു. സ്വഭാവികമായി മറുപടിക്കത്തുകളും.
എങ്കിലും കത്തുകളെ സ്‌നേഹിക്കുന്നവര്‍ ഇന്നുമുണ്ട്. എന്നുമുണ്ടായിരിക്കുകയും ചെയ്യും. ഈമെയില്‍, ഫോണ്‍ തുടങ്ങിയവ വ്യാപകമായത് കത്തുകളുടെ എണ്ണം കുറയ്ക്കുകയും രണ്ട് കത്തുകള്‍ തമ്മിലുള്ള ദൈര്‍ഘ്യം കൂട്ടുകയും ചെയ്തിട്ടും ഇന്നും കത്തെഴുതുകയും കത്തുകള്‍ക്കു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നവര്‍ നമുക്കിടയിലുണ്ട്. അതില്‍ ഹൃദയത്തിന്റെ ഭാഷയും ഭാവവും ഉള്ളതുകൊണ്ട് തന്നെയാണത്. എന്നാല്‍ തപാലാപ്പീസുകളുടെ ഭാവി തന്നെ അപകടത്തിലാണെന്ന് വ്യക്തമാക്കിക്കൊണ്ട് അടുത്തയിടെ ഒരു പ്രമുഖ പ്ര്രതം ഒരു ലേഖനപരമ്പര പ്രസിദ്ധീകരിച്ചിരുന്നു. തപാലാപ്പീസുകള്‍ അന്ത്യശ്വാസം വലിക്കുകയാണെങ്കില്‍ ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കുള്ള സുഗമസഞ്ചാരമാണ് നിലച്ചുപോകുന്നത്. കത്തുകള്‍ നിലയ്ക്കുന്ന ഒരു കാലത്തെക്കുറിച്ച് ഓര്‍ക്കാനേ വയ്യ, ആരുമെനിക്ക് കത്തുകളെഴുതാറില്ലെങ്കിലും ആര്‍ക്കും ഞാന്‍ കത്തുകള്‍ എഴുതാറില്ലെങ്കിലും… മറ്റൊരാളുടെ കൈകളിലാണെങ്കില്‍പോലും ഒരു കത്ത് കാണുന്നത് എത്ര സന്തോഷപ്രദമായ കാഴ്ചയാണ്. നമുക്ക് വീണ്ടും കത്തുകളെഴുതിത്തുടങ്ങാം..
വിനായക് നിര്‍മ്മല്‍