ഓമനപക്ഷികള്‍

മിക്ക മലയാളി വീട്ടുമുറ്റത്തും ഒന്നിലധികം അലങ്കാര പക്ഷികള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ആരാണ് പല വര്‍ണ്ണങ്ങളില്‍ പാറികളിക്കുന്ന ഇവയെ കാണാന്‍ ഇഷ്ടപ്പെടാത്തത്. അലങ്കാര പക്ഷികള്‍ മനസ്സിന് ആനന്ദവും സമാധാനവും അതിലുപരി ആത്മവിശ്വാസവും നല്‍കുന്നു. ഇന്ന് ലോകം മുഴുവനും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഹോബിയാണ് പക്ഷി വളര്‍ത്തല്‍, എന്നിരുന്നാലും പക്ഷികളെ തിരഞ്ഞെടുക്കുമ്പോഴും കൂടൊരുക്കുമ്പോഴും തീറ്റ തിരഞ്ഞെടുക്കുമ്പോഴും പരിശീലിപ്പിക്കുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി നമുക്ക് വളര്‍ത്താന്‍ അനുവാദമുള്ള പക്ഷികള്‍ ആണ് ഓമനപക്ഷികള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

പക്ഷികളെ തിരഞ്ഞെടുക്കല്‍

ഏത് ഇനത്തില്‍പ്പെട്ട പക്ഷിയെയാണ് വളര്‍ത്തേണ്ടതെന്ന് തീരുമാനിക്കുക. അതായത് പ്രജനനം നടത്തി കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനുവേണ്ടിയാണോ, വെറുതെ കൂട്ടിലിട്ട് വളര്‍ത്തുന്നതിനുവേണ്ടിയാണോ, ഗൃഹാലങ്കാരത്തിനുവേണ്ടിയാണോ, അവയോടൊപ്പം ചിലവഴിക്കാന്‍ ലഭിക്കുന്ന സമയം, പക്ഷികളുടെ ശരീരവലിപ്പം, ശബ്ദം മുതലായവ പരിഗണിച്ചശേഷം വേണം പക്ഷിയെ വാങ്ങാന്‍.

ആരോഗ്യമുള്ള പക്ഷികളെ മാത്രം തിരഞ്ഞെടുക്കുക. വൈരൂപ്യമില്ലാത്ത ചുണ്ടുകളും തിളക്കമേറിയ കണ്ണുകളും തൂവലുകളും ആരോഗ്യലക്ഷണങ്ങളാണ്. ആരോഗ്യമുള്ള പക്ഷി ശ്വാസോച്ഛ്വാസത്തില്‍ യാതൊരു ബുദ്ധിമുട്ടും കാണിക്കാറില്ല. കാലുകള്‍ക്കും കാലിലെ നഖങ്ങള്‍ക്കും തകരാറുകള്‍ ഉണ്ടെങ്കില്‍ ശരിയായി പിടിച്ചിരിക്കുന്നതിനും ഇണചേരുന്നതിനും ബുദ്ധിമുട്ടുണ്ടാക്കാം. പ്രായാധിക്യം മൂലമാണ് പലപ്പോഴും കാലുകള്‍ക്ക് തകരാറുകള്‍ സംഭവിക്കുന്നത്. മെലിഞ്ഞ് തൂക്കം കുറഞ്ഞ പക്ഷികളെ തിരഞ്ഞെടുക്കാതിരിക്കുകയാണ് ഉത്തമം.

പുതിയ സാഹചര്യങ്ങളില്‍ പക്ഷിക്ക് അനുഭവപ്പെടാവുന്ന ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ആഹാരത്തിനും വിശ്രമത്തിനും ആരോഗ്യസംരക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ ആദ്യം മുതല്‍ ഉറപ്പുവരുത്തണം. വളരെ ശാന്തമായ ചുറ്റുപാടില്‍ കഴിയുന്നിടത്തോളം സമയം അവയുമായി ചിലവഴിക്കുക. മിക്ക പക്ഷികള്‍ക്കും പുതിയ താമസസ്ഥലവുമായി പൊരുത്തപ്പെടാന്‍ ഒരു മാസത്തോളം വേണ്ടിവരും. ഏതാനും ആഴ്ചകള്‍ കൊണ്ട് അവ ഉടമസ്ഥനുമായി നല്ല ബന്ധം സ്ഥാപിച്ചു കഴിയും. നല്ല ശീലങ്ങളും പരിപാലനക്രമങ്ങളും ഇതിനുള്ളില്‍ പരിശീലിപ്പിച്ചിരിക്കണം.

പക്ഷിയെ കൊണ്ടുവരുന്നതിന് മുന്‍പ് തന്നെ വീട് സുരക്ഷിതമാക്കണം. പെയിന്റ്, സോപ്പ,് പുക മുതലായവ പക്ഷികള്‍ക്ക് വിഷകരമായേക്കാം. ചുറ്റുമുള്ള വസ്തുക്കള്‍ കൊത്തിനോക്കുന്ന സ്വഭാവം ഉള്ളതുകൊണ്ട് അപകടകാരികളായവ മുറികളില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. പക്ഷികള്‍ തുറന്നുകിടക്കുന്ന ജനലുകളിലും വാതിലുകളിലും വന്നിരിക്കാന്‍ സാദ്ധ്യത ഉള്ളതുകൊണ്ട് ജനലുകളും വാതിലുകളും അടയ്ക്കുമ്പോള്‍ പക്ഷികള്‍ക്ക് അപകടം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

കൂടൊരുക്കല്‍

പക്ഷികള്‍ക്ക് താമസിക്കാനുള്ള കൂട് കഴിയുന്നത്ര വലിപ്പത്തില്‍ തയ്യാറാക്കുക. ചുരുങ്ങിയത് പൂര്‍ണ്ണവലിപ്പമുള്ള പക്ഷിക്ക് പൂര്‍ണ്ണമായും ചിറകുകള്‍ വിടര്‍ത്താനുള്ള സ്ഥലമെങ്കിലും കൂട്ടിലുണ്ടാകണം. കൂടെക്കൂടെ പറക്കുന്ന ഇനങ്ങള്‍ക്ക് ആവശ്യാനുസരണം ചലിക്കാനുള്ള സ്ഥലം കൂട്ടിലുണ്ടാകണം. പക്ഷികളുടെ തല അഴികള്‍ക്കിടയില്‍ പെട്ട് അപകടം ഉണ്ടാകാതിരിക്കാനായി അഴികള്‍ തമ്മിലുള്ള അകലം പരമാവധി കുറയ്ക്കുക. ഇരുമ്പ്, തടി, സ്ററീല്‍, സുരക്ഷിത പ്ളാസ്ററിക് എന്നിവ കൊണ്ടു നിര്‍മ്മിച്ച കൂടുകള്‍ വിപണിയില്‍ ലഭ്യമാണ്. ഏതു തരം കൂടായാലും പക്ഷികള്‍ക്ക് സുഗമമായി അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കുന്നതിനും കൂട് വൃത്തിയാക്കാനും ആവശ്യമായ വലിപ്പം കൂടിന്റെ വാതിലുകള്‍ക്ക് ഉണ്ടായിരിക്കണം. തറ വേഗത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്നതായിരിക്കണം.

കൂട്ടില്‍ പല അനുബന്ധ സൗകര്യങ്ങളും ചെയ്തുകൊടുക്കാം. രാത്രിയില്‍ കൂടിന് ഒരു മൂടി (രീ്ലൃ) ഇടുന്നത് സുഖമായി ഉറങ്ങാന്‍ അവയെ സഹായിക്കും. കൂടിനോടനുബന്ധിച്ച് ലോഹം കൊണ്ടോ കട്ടിയുള്ള പ്ളാസ്ററിക് കൊണ്ടോ നിര്‍മ്മിച്ച പലതരം തീറ്റ പാത്രങ്ങളും ഉപയോഗിക്കാം. ഇവ കൂടിനകത്തോ പുറത്തോ ഘടിപ്പിക്കുക. തീറ്റ പാത്രം കാഷ്ഠം വീണ് വൃത്തികേടാകാന്‍ ഇടയാകാത്ത വിധത്തില്‍ വേണം ഘടിപ്പിക്കാന്‍. ഇവ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കണം.

പക്ഷികള്‍ക്ക് ഇരിക്കാനും ചാഞ്ചാടാനുമുള്ള സൗകര്യം കൂട്ടിലുണ്ടാകണം. ഇവ തീറ്റ പാത്രത്തിനും വെള്ളം പാത്രത്തിനും മുകളില്‍ ആയിരിക്കരുത്. ഇരിക്കുമ്പോള്‍ പക്ഷികളുടെ തല കൂടിനുമുകളില്‍ തട്ടാതിരിക്കത്തക്കവിധം ഇവയുടെ ഇയരം ക്രമീകരിക്കുക. തടിയോ മരച്ചില്ലയോ കോണ്‍ക്രീറ്റോ ഇതിനായി ഉപയോഗിക്കാം. രാസവസ്തുക്കളുടെ സ്വാധീനം ഇല്ലാത്ത ഏതു വസ്തുവും കൂടു നിര്‍മ്മാണത്തിന് ഉപയോഗിക്കാം. പക്ഷികളുടെ ഇരിപ്പിടം കൂടെക്കൂടെ വൃത്തിയാക്കുകയും ആവശ്യമെങ്കില്‍ മാറ്റി ഘടിപ്പിക്കുകയും ചെയ്യണം. പക്ഷികള്‍ക്ക് ആടിക്കളിക്കുന്നതിന് കമ്പികൊണ്ടോ കയറുകൊണ്ടോ സൗകര്യം ഒരുക്കുക. പക്ഷികള്‍ക്ക് ഉല്ലാസത്തിനായി കളിപ്പാട്ടങ്ങള്‍ കൂട്ടിലുണ്ടാകുന്നത് നല്ലതാണ്. കൂട്ടിലടച്ചു വളര്‍ത്തുമ്പോഴുണ്ടാകുന്ന മാനസികവും ശാരീരികവുമായ വിരസതയകറ്റാനും പരിശീലിപ്പിക്കാനും ഇവ സഹായിക്കും.

തീറ്റക്രമം

ഉയര്‍ന്ന ഉപാപചയ നിരക്കുമൂലം പക്ഷികള്‍ക്ക് കൂടുതല്‍ ഭക്ഷണം ആവശ്യമാണ്. തീറ്റയുടെ ഗുണവും പ്രധാനമാണ്. വിവിധയിനം പക്ഷികള്‍ക്ക് വിവിധ പോഷകങ്ങള്‍ വ്യത്യസ്ഥ അളവില്‍ ആവശ്യമാണ്. ദിവസവും രണ്ട് പ്രാവശ്യമെങ്കിലും തീറ്റ നല്‍കുക. തീറ്റ പാത്രം എല്ലാ ദിവസവും ഒരേ സ്ഥലത്തുതന്നെ വയ്ക്കാനും ബാക്കി വരുന്ന തീറ്റ ഉടനെതന്നെ നീക്കുവാനും ശ്രദ്ധിക്കണം.

മാംസ്യം, അന്നജം, കൊഴുപ്പ്, നാരുകള്‍, ജലം, ജീവകങ്ങള്‍ എന്നിവ ആഹാരത്തില്‍ ആവശ്യമാണ്. പോഷകാവശ്യങ്ങള്‍ പ്രായമനുസരിച്ച് വ്യത്യാസപ്പെടും. വളര്‍ച്ചാഘട്ടത്തില്‍ കൂടുതല്‍ മാംസ്യം ആവശ്യമാണ്. കാലാവസ്ഥയനുസരിച്ച് ഊര്‍ജ്ജാവശ്യം വ്യത്യാസപ്പെടും. തണുപ്പുകാലത്ത് കൂടുതല്‍ കൊഴുപ്പും അന്നജവും നല്‍കാം. എന്നാല്‍ ചൂട് കൂടുമ്പോള്‍ വെള്ളവും പഴവര്‍ഗ്ഗങ്ങളും കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക വിത്തുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കു പുറമെ പഴയീച്ച, വീട്ടില്‍, പുഴുക്കള്‍ തുടങ്ങിയ ജീവനുള്ള പ്രാണികള്‍ ചില പക്ഷികള്‍ വളരെ ഇഷ്ടപ്പെടുന്നു.

ധാരാളം ശുദ്ധജലം കുടിക്കാന്‍ നല്‍കണം ചെറുപക്ഷികള്‍ക്ക് (ഫിഞ്ച് കാനറി, ബഡ്ജരിഗാര്‍) ഒരു ദിവസം 1 ടീസ്പൂണ്‍ മുതല്‍ 3 ടീസ്പൂണ്‍ വരെയും തത്ത വര്‍ഗ്ഗത്തിലുള്ളവയ്ക്ക് 5 മുതല്‍ 8 വരെ ടീസ്പൂണും വലിയ പക്ഷികള്‍ക്ക് (കൊക്കാറ്റൂസ്) 10-15 ടീസ്പൂണും വെള്ളം ആവശ്യമാണ്.

വിത്തുകള്‍ മൊത്തം ആഹാരത്തിന്റെ 60%ല്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. 10-20% പച്ചക്കറികളും 10% പഴവര്‍ഗ്ഗങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം നമ്മുടെ നാട്ടില്‍ ലഭ്യമായിട്ടുള്ള എല്ലാ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ആഹാരസാധനങ്ങള്‍ വേവിച്ചോ അല്ലാതെയോ നല്‍കുക. വിത്തുള്ള പഴങ്ങളില്‍ നിന്നും വിത്തുകള്‍ നീക്കം ചെയ്യാതെ നല്‍കുക. വേവിച്ച പയറുവര്‍ഗ്ഗങ്ങള്‍ 5-10% വരെ നല്‍കാവുന്നതാണ്.

മൃദുവായ ചുണ്ടുകളുള്ള ലോറിക്കിറ്റസ്, റ്റൗക്കന്‍സ് തുടങ്ങിയ പക്ഷികള്‍ പഴങ്ങളും പ്രാണികളുമാണ് ഭക്ഷിക്കുക ഈ ഇനത്തില്‍ പെട്ട ചില പക്ഷികള്‍ അധികം ഉറപ്പില്ലാത്ത പച്ചക്കറികളും കഴിക്കും. എന്നാല്‍ ഇവയ്ക്ക് പൂന്തേന്‍ അത്യാവശ്യമാണ്.

ആഹാരത്തില്‍ ഗ്രിറ്റ് അല്ലെങ്കില്‍ മണല്‍ ചേര്‍ക്കുന്നതുവഴി വിത്തുകള്‍ ദഹിക്കുന്നതിനും കാല്‍സ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും കഴിയും. പ്രജനനകാലത്ത് കടല്‍നാക്ക് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മുട്ടത്തോട് കട്ടിയുള്ളതാകും. ബഡ്ജരിഗാര്‍ പക്ഷികള്‍ക്ക് ആഹാരത്തില്‍ അയഡിന്റെ അംശം കൂടുതല്‍ ആവശ്യമാണ്. ഉപ്പ് ഭക്ഷണത്തില്‍ ജല ലഭ്യത അനുസരിച്ച് ക്രമപ്പെടുത്തുക.

പ്രജനനം

മിക്ക അരുമ പക്ഷികളും വര്‍ഷം മുഴുവന്‍ പ്രജനന സജ്ജമാണ്. എന്നാല്‍ ചിലയിനം വേനല്‍ക്കാലത്തോ വസന്തകാലത്തോ മാത്രമേ ഇണ ചേരാറുള്ളൂ. നല്ല ആരോഗ്യമുള്ള പക്ഷികളെ ഇണചേരൂ. ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പക്ഷികള്‍ നിര്‍ബന്ധ ബുദ്ധിക്കാരാണ്. കൂട്ടിനകത്ത് സന്തുഷ്ടരായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടായാല്‍ മാത്രമേ ഇണ ചേരല്‍ ആരംഭിക്കൂ. പ്രജനനകാലത്ത് ഇണകള്‍ അന്യോന്യം കൂടുതല്‍ താല്‍പര്യം കാണിക്കും. കൂടുതല്‍ ശബ്ദം പുറപ്പെടുവിച്ചും തൂവലുകള്‍ വിടര്‍ത്തിയും ഇണയെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യും. കൂട് കൂട്ടാന്‍ ആരംഭിക്കുകയും കൂടുതല്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്യും. മുട്ടയിട്ട ശേഷം വിരിയുന്നതുവരെ സാധാരണയായി പെണ്‍പക്ഷി അടയിരിക്കും.

കോഴി വര്‍ഗ്ഗത്തില്‍ പെട്ട പക്ഷികളുടെ കുഞ്ഞുങ്ങള്‍ വിരിഞ്ഞ ഉടന്‍തന്നെ ആഹാരം കൊത്തിത്തിന്നും. എന്നാല്‍ തത്തവര്‍ഗ്ഗം, പ്രാവുകള്‍ മുതലായവയുടെ കുഞ്ഞുങ്ങള്‍ വളരെ കുറഞ്ഞ ശരീര വളര്‍ച്ചയോടെയാണ് വിരിയുന്നത്. ഇവയ്ക്ക് നാവിന്റെ പിന്‍ഭാഗത്ത് (ചെറിയ തീപ്പെട്ടിക്കൊള്ളിയുടെ വലിപ്പത്തിലുള്ള അഗ്രത്തില്‍ ചെറിയ കുഴിയുള്ള വസ്തുക്കള്‍ ഉപയോഗിച്ച്) തീറ്റ വച്ചുകൊടുക്കുക. ആഹാരം ചുണ്ടിനകത്ത് കുത്തിനിറയ്ക്കരുത്. ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഓരോ അരമണിക്കൂറിലും ആഹാരം നല്‍കുക. അവ കൊക്ക് പിളര്‍ത്തി പിടിക്കുന്നത് അവസാനിക്കുന്നതുവരെ ആഹാരം നല്‍കുക. പുഴുങ്ങിപൊടിച്ച മുട്ട, ബിസ്ക്കറ്റ് പൊടി, പുഴുക്കള്‍, ചതച്ചരച്ച മണ്ണിര, പാലില്‍ കുതിര്‍ത്ത ബ്രെഡ് തുടങ്ങിയവ തീറ്റയായി നല്‍കാം.

ഇണക്കിയെടുക്കല്‍

മനുഷ്യരുമായും മറ്റു പക്ഷികളുമായും ഒരു സാമൂഹ്യബന്ധം സ്ഥാപിക്കാനുള്ള പ്രവണത പ്രകൃത്യാതന്നെ പക്ഷികള്‍ക്കുണ്ട്. പക്ഷികളോട് പ്രസന്ന ഭാവത്തിലും നേരിയ ശബ്ദത്തിലും സംസാരിക്കുന്നതും അവയെ വിളിക്കുന്നതും ഇതിനു സഹായകമാണ്. സംസാരിക്കുമ്പോള്‍ അവയെ നോക്കി സംസാരിക്കുക. പക്ഷിയുടെ ഇരിപ്പിടം നമ്മുടെ തോളിനേക്കാളും താഴെയാക്കുന്നതുവഴി നമ്മളാണ് അതിന്റെ യജമാനന്‍ എന്ന് പക്ഷിയെ മനസ്സിലാക്കാന്‍ കഴിയും. അതോടെ പക്ഷികള്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുതുടങ്ങും. നിര്‍ദ്ദേശങ്ങള്‍ വ്യക്തമായും ശാന്തമായും ആവര്‍ത്തിക്കുക. സ്വരവ്യത്യാസത്തിലൂടെ നിങ്ങള്‍ക്കുള്ള യോജിപ്പും വിയോജിപ്പും പ്രകടമാക്കാവുന്നതാണ്.

രോഗങ്ങള്‍

ആരോഗ്യമുള്ള പക്ഷികളുടെ കണ്ണുകള്‍ പ്രകാശമയമായിരിക്കും. ചിറകുകള്‍ ശരീരത്തോട് ചേര്‍ത്തുവയ്ക്കുന്നതായും കാണാം. വൈറസ്, ഫംഗസ്, പ്രോട്ടോസോവ, വിവിധ വിരകള്‍, ബാഹ്യപരാദങ്ങള്‍ എന്നിവ മൂലവും പോഷകക്കുറവുമൂലവും രോഗങ്ങള്‍ ഉണ്ടാകാം. പ്രധാന രോഗങ്ങള്‍ സിറ്റകോസിസ്, വസന്ത, ഹെര്‍പ്പിസ് വൈറസ് രോഗം, വസൂരി, കാന്‍ഡിഡിയാസിസ്, ൈ്രടക്കോമോണിയാസിസ് പക്ഷികളെ ബാധിക്കുന്ന മലേറിയ, വിരബാധ തുടങ്ങിയവയാണ്. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ വിദഗ്ദചികിത്സ നല്‍കുക.

പക്ഷികളുടെ പരിചരണത്തില്‍ കൃത്യനിഷ്ഠ പാലിക്കുക. കഴിയുന്നിടത്തോളം ഒരാള്‍തന്നെ ഈ ജോലി ചെയ്യുന്നതാണ് നല്ലത്. ഓമനപക്ഷി വളര്‍ത്തലില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. ശാന്തമായ അന്തരീക്ഷം, സൂര്യപ്രകാശം നേരിട്ട് കൂട്ടില്‍ പതിക്കാതിരിക്കുക, കൂട്ടില്‍ തീവ്രപ്രകാശം ഒഴിവാക്കുക, തീറ്റയും ശുദ്ധജലവും ആവശ്യാനുസരണം നല്‍കുക, അവയെ യഥേഷ്ടം വിശ്രമിക്കാന്‍ അനുവദിക്കുക.

ഒന്നോ രണ്ടോ അലങ്കാരപക്ഷികളെ വീട്ടില്‍ വളര്‍ത്തി ആനന്ദം കണ്ടെത്താം. എന്നാല്‍ വലിയ തോതില്‍ വളര്‍ത്തിയാല്‍ ആനന്ദത്തോടൊപ്പം വരുമാനവും നേടാം. വളരെ കുറഞ്ഞ ചിലവില്‍ അലങ്കാരപക്ഷികളെ വളര്‍ത്തി ലാഭം നേടുന്നതോടൊപ്പം വീട്ടുമുറ്റത്ത് ഒരു അലങ്കാരത്തിന്റെ സാദ്ധ്യത കൂടി അലങ്കാരപക്ഷി വളര്‍ത്തലിന്റെ പ്രത്യേകതയാണ്.

error: Content is protected !!