ഭക്ഷണം കഴിച്ച സ്വന്തം പാത്രമെങ്കിലും കുട്ടികളെക്കൊണ്ട് കഴുകിക്കാറുണ്ടോ? ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ ഉടൻ വരും അമ്മമാരുടെ മറുപടി. അയ്യോ അവൻ കുഞ്ഞല്ലേ?കുട്ടികളെ വെറും ഓമനകളായി മാത്രം കരുതുന്നതുകൊണ്ടാണ് അവരെക്കൊണ്ട് ചെറിയ ജോലി പോലും എടുപ്പിക്കാൻ മാതാപിതാക്കൾ തയ്യാറാകാത്തത്. ഇത് ശരിയായ രീതിയല്ല. ചെറുപ്രായം മുതൽ മക്കളെ അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ജോലികൾ ചെയ്യിപ്പിക്കണം. അതിനുള്ള പരിശീലനം വീടുകളിൽ നല്കണം. ഉദാഹരണത്തിന് ഭക്ഷണം കഴിച്ച പാത്രം മേശപ്പുറത്ത് നിന്ന് എടുത്തുകൊണ്ടുപോകുക, അത് കഴുകിവയ്ക്കുക തുടങ്ങിയ കാര്യങ്ങൾ. ആദ്യമായി പാത്രം കഴുകുമ്പോൾ ശരിയായിക്കൊള്ളണമെന്നില്ല. പക്ഷേ കാണിച്ചുകൊടുത്തും പറഞ്ഞുകൊടുത്തും അക്കാര്യം നല്ല രീതിയിൽ ചെയ്യിച്ചെടുക്കാൻ സാധിക്കും. ഡൈനിംങ് ടേബിൾ വൃത്തിയാക്കുക, മുറികൾ അടിച്ചുവാരുക, അലക്കിയ വസ്ത്രങ്ങൾ മടക്കിവയ്ക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കണം. അതുപോലെ വീട്ടിൽ പ്രായം ചെന്നവരുണ്ടെങ്കിൽ അവരുടെ പാത്രങ്ങളും കുട്ടികളെക്കൊണ്ട് കഴുകിവ്യ്പിക്കണം. വൃദ്ധരോട് പരിഗണനയും സ്നേഹവും കാണിക്കാനുള്ള പരിശീലനത്തിന്റെ ചെറിയ തുടക്കമാകാൻ ഇത്തരം പ്രവൃത്തികൾക്ക് സാധിക്കും. ഇന്ന് പലവീടുകളിലും വൃദ്ധരോട് അവഗണനയും തിരസ്‌ക്കരണവുമാണല്ലോ?
ഒരു വീട്ടിലെ ബെഡ് റൂമിലേക്ക് ഒരുദിവസം യാദൃച്ഛികമായി കടന്നുചെല്ലേണ്ടതായി വന്നു. ചുരുണ്ടുകൂടികിടക്കുന്ന പുതപ്പുകൾ. ചുക്കിചുളിഞ്ഞ ബഡ്ഷീറ്റ്. നേരം ഉച്ച കഴിഞ്ഞിരുന്നു.സ്വാതന്ത്ര്യമുള് ള വീടായതുകൊണ്ട് ആ വീട്ടിലെ ഒമ്പതുവയസുകാരനോട് ചോദിച്ചു ഇങ്ങനെയാണോടാ ഉറക്കമെണീറ്റുപോകുന്നത്? അവൻ പറഞ്ഞ മറുപടി ഇതായിരുന്നു: അമ്മയതിന് ഒരിക്കലും പുതപ്പ് മടക്കിവയ്ക്കാറില്ലല്ലോ? അപ്പോൾ മക്കൾക്ക് മുമ്പിലുള്ള മാതൃകകളും അവരുടെ അടുക്കുംചിട്ടയിലും പങ്ക് വഹിക്കുന്നുണ്ട്. രാവിലെ ഉറക്കമെണീറ്റ് പോകുമ്പോൾ പുതപ്പ് മടക്കിവയ്ക്കണമെന്ന് മക്കളോട് പറയുകയും അത് കാണിച്ചുകൊടുക്കുകയും വേണം.
ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ തല മുതിർന്ന ഒരു സഹപ്രവർത്തകൻ പറഞ്ഞത് ഓർക്കുന്നു, അയാളുടെ പുതപ്പ് മടക്കിവയ്ക്കുന്ന ജോലി ഇന്നും ഭാര്യയുടേതാണത്രെ. രാത്രിയിൽ പുതച്ച പുതപ്പ് മടക്കിവയ്ക്കേണ്ട ഉത്തരവാദിത്തം രാവിലെ ഭാര്യക്ക് വച്ചുകൊടുക്കുന്നുണ്ടെങ്കിൽ അത് ചെറുപ്പം മുതൽ അങ്ങനെയൊരു പരിശീലനം കിട്ടാത്തതിന്റെ കുറവാണ്.
ചെറിയ ജോലികൾ മക്കളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതിന് ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ വ്യത്യാസമൊന്നും നോക്കണ്ട. വല്ലവീട്ടിലും ചെന്നുകയറേണ്ടവളാ എന്ന് പറഞ്ഞ് അടുക്കളജോലികൾ പെൺമക്കളെക്കൊണ്ട് ചെയ്യിക്കാൻ ഉത്സാഹം കാണിക്കുന്ന അമ്മമാർ ആൺകുട്ടികളെ പണ്ടുകാലങ്ങളിൽ അടുക്കളയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. അടുക്കളയും പാചകവും വീടുവൃത്തിയാക്കലും ആണുങ്ങളുടെ ലോകമല്ല എന്നായിരുന്നു അന്നത്തെ ധാരണ. പക്ഷേ മാറിയ ലോകത്തിൽ അത്തരം ധാരണകളൊക്കെ കടപുഴകിവീണിട്ടുണ്ട്. ഇന്ന് അടുക്കള പുരുഷന്റെ കൂടി ലോകമായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് ഉദ്യോഗസ്ഥരായ ദമ്പതികളുടെയും അണുകുടുംബങ്ങളുടെയും കാലത്ത്. അവിടെ തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പുരുഷന് മാറിനില്ക്കാൻ കഴിയില്ല. സ്ത്രീകളെയും അതിശയിപ്പിക്കുന്ന രീതിയിൽ പാകം ചെയ്യുന്ന എത്രയോ പുരുഷന്മാരെ ഇക്കാലയളവിൽ കണ്ടുമുട്ടാൻ കഴിഞ്ഞിട്ടുണ്ട്. ഭാരതീയ പാരമ്പര്യത്തിലെ നളപാചകം ഏറെ പ്രശസ്തവുമാണല്ലോ?
എന്നാൽ പെട്ടെന്നൊരു ദിവസം കൊണ്ട് പുരുഷൻ അടുക്കളയുമായി പൊരുത്തപ്പെടണമെന്നില്ല. അതുകൊണ്ട് അമ്മമാർ പെൺമക്കൾക്കൊപ്പം ആൺമക്കളെയും അടുക്കളയിലേക്ക് കൂട്ടുക. തീരെ ചെറുതെന്ന് തോന്നിക്കുന്ന ജോലികളായ ഉള്ളി പൊളിക്കുക, സവാള അരിയുക, ഇഞ്ചി ചുരണ്ടുക തുടങ്ങിയ പണികൾ അവരെ ഏല്പിക്കുക. ഇറച്ചിനുറുക്കുന്നതും മീൻവൃത്തിയാക്കുന്നതും കാണിച്ചുകൊടുക്കുകയും സ്വന്തം മേൽനോട്ടത്തിൽ അത് ചെയ്യിപ്പിക്കുകയും ചെയ്യുക.
ഇത്തരം കാര്യങ്ങൾ ചെയ്യിപ്പിക്കുമ്പോൾ അമ്മമാർ ക്ഷമയും സഹിഷ്ണുതയും പുലർത്തുന്നവരായിരിക്കണം. അക്കാര്യം മറക്കരുത്. മൂക്കത്ത് ദേഷ്യവും പൊട്ടിത്തെറിക്കുന്ന സ്വഭാവവും ജോലി തീർക്കാൻ തത്രപെടുകയും ചെയ്യുന്ന അമ്മമാർക്ക് ഇത്തരം പരിശീലനം നല്കാൻ കഴിയണമെന്നില്ല. അമ്മയുടെ ദേഷ്യം കാണുമ്പോൾ മക്കൾക്ക് ജോലി ചെയ്യാൻ തോന്നുകയുമില്ല. അടുക്കള ജോലികൾ ആസ്വദിച്ചുചെയ്യേണ്ടതാണെന്ന ചിന്ത നല്കിയാൽ മാത്രമേ അത് ചെയ്യാൻ കുട്ടികൾക്കും തോന്നുകയുള്ളൂ. ഭർത്താവിനും മക്കൾക്കും പ്രായമായ മാതാപിതാക്കൾക്കും വച്ചുവിളമ്പുന്നതിൽ പിറുപിറുക്കുകയും അത് തന്റെ മാത്രം ജോലിയായിപ്പോയല്ലോ എന്ന് പരിതപിക്കുകയും ശാപവാക്കുകൾ പറയുകയും ചെയ്യുന്നവളാണ് ഒരമ്മയെങ്കിൽ ഒരുമക്കൾക്കും വീട്ടുജോലികളോട് സ്നേഹം തോന്നുകയില്ല. മോശപ്പെട്ട ഒന്നാണ് ആ ജോലികൾ എന്ന ചിന്തയായിരിക്കും അവരിൽ രൂപപ്പെടുന്നത്.
മക്കൾ ചെയ്യുന്ന ജോലികളിൽ അവരെ നല്ല വാക്കുകൾ കൊണ്ട് പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കൾ തയ്യാറാകണം.കുട്ടിക്കാലത്തെ ചില കാര്യങ്ങൾ ഞാനോർക്കാറുണ്ട്. ഓണസമയത്ത് വീടും പരിസരവും വൃത്തിയാക്കുന്ന ജോലി അപ്പൻ ഞങ്ങളെയാണ് ഏല്പിച്ചിരുന്നത്. മുറ്റത്തെയും കയ്യാലകളിലെയും പുല്ലുകൾ പറിക്കുക പോലെയുള്ള ജോലികളായിരുന്നു അത്. കൂലിയായി നാണയത്തുട്ടുകളും നല്കിയിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് ലോഡ്ജ്മുറികളിൽ ഒറ്റയ്ക്ക് താമസിക്കേണ്ടിവന്ന സാഹചര്യങ്ങളിലെല്ലാം തുണി അലക്കാനും ഇസ്തിരിയിടാനും മറ്റുള്ളവരെപോലെ മടികാണിക്കാതിരുന്നത് ചെറുപ്പം മുതലേ അവയുമായി പരിചയിച്ചതുകൊണ്ടായിരുന്നു. എന്നാൽ പാചകം പോലെയുള്ള കാര്യങ്ങൾ ഇന്നും അറിഞ്ഞുകൂടാത്തത് ചിലപ്പോഴെങ്കിലും വലിയൊരു കുറവായി തോന്നിയിട്ടുണ്ട് എന്ന കാര്യം മറച്ചുവയ്ക്കുന്നുമില്ല.