കറുത്തവന്റെ ഇതിഹാസമാണ് മുഹമ്മദ് അലി. കാഷ്യസ് ക്ലേ, മുഹമ്മദ് അലിയായി മാറുകയായിരുന്നു. ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂർണ്ണമായ ജീവിതകഥകൾ കേട്ട കാഷ്യസ് എന്ന മുഹമ്മദ് അലി തന്റെ ജീവിതം കറുത്തവർക്കായി സമർപ്പിച്ചു. അടിമയുടെ കരുത്തുണ്ടായിരുന്നു ലോക ബോക്സിംങ് ഇതിഹാസമായ മുഹമ്മദ് അലിക്ക്. എം. കമറുദീൻ തയ്യാറാക്കിയ ജീവചരിത്രത്തിലൂടെ മുഹമ്മദ് അലി എന്ന പ്രതിഭാസത്തെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. കഥാകൃത്തും നോവലിസ്റ്റും വിമർശകനും വിവർത്തകനുമായ കമറുദീന്റെ രചന ശ്രദ്ധേയമാണ്.
മുഹമ്മദ് അലി, ഒരു മുഷ്ടിയുദ്ധക്കാരന്റെ ജീവിതം
Date:
‘നീ ഭയപ്പെടുന്ന കാര്യങ്ങൾ ആദ്യം ചെയ്യുക. അങ്ങനെ ഭയത്തെ മറികടക്കുക’ എന്ന അച്ഛന്റെ ഉപദേശം മുഹമ്മദ് അലിയുടെ മനസ്സിൽ തറച്ചു. കഠിനപരിശ്രമത്തിലൂടെ അദ്ദേഹം കടമ്പകൾ ഓരോന്നു മറികടന്നു. ഈ നിശ്ചയദാർഢ്യമാണ് അദ്ദേഹത്തെ മുന്നോട്ടുനയിച്ചത്. ആത്മസമർപ്പണത്തിന്റെ പര്യായമായിത്തീർന്നു അദ്ദേഹത്തിന്റെ ജീവിതം. ധൈര്യവും കാരുണ്യവും ഒത്തുചേർന്നാൽ മഹത്തായ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയുമെന്ന ജ്ഞാനം അലിക്കുണ്ടായിരുന്നു. ‘എന്റെ നാടകം ഞാൻ തന്നെയുണ്ടാക്കുന്നു, എന്റെ വഴിയിലൂടെ ഞാൻ സഞ്ചരിക്കാൻ പോകുന്നു’ എന്ന് അദ്ദേഹം കുറിക്കുന്നത് ശ്രദ്ധേയമാണ്. ഏതു പ്രതിസന്ധിയിലും മുന്നേറാനുള്ള പ്രചോദനം നല്കുന്ന ജീവചരിത്രമാണ് ‘മുഹമ്മദ് അലി ഒരു മുഷ്ടിയുദ്ധക്കാരന്റെ ജീവിതം.’
പ്രസാധകർ കറന്റ് ബുക്ക്സ് തൃശൂർ.