ഇമേജ് ഒരു കിരീടമാണ്. രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം. അത് നിനക്ക് ഏതുനേരവും ശിരസില്‍ ചൂടി നടക്കാം. ചിലപ്പോള്‍ അത് ഷോക്കേസില്‍ മാത്രമായി ഒതുക്കിവയ്ക്കാം. ഇനിയും ചിലപ്പോള്‍ അത് വച്ച് ചില ഉദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കാം. പിന്നെ അതിന് നേര്‍ക്ക് കാര്‍ക്കിച്ചുതുപ്പാം.. പഴന്തുണിപോലെ വലിച്ചെറിയാം. കട്ടിലിനടിയില്‍ ഉപേക്ഷിച്ചുകളയാം.. അതുമല്ലെങ്കില്‍ നിര്‍മ്മമതയോടെ വീക്ഷിക്കാം… ഇമേജ് എന്താണെന്നല്ല അതിനോട് നീയെങ്ങനെ പ്രതികരിക്കുന്നു അതിനെയെങ്ങനെ നീ കാണുന്നു എന്നതാണ് പ്രധാനം. അതാണ് നിന്റെ സ്വാതന്ത്യവും നിന്റെ മനസ്സും.
ഇമേജ് ഒരാളെ ചിലപ്പോള്‍ വല്ലാതെ ഉലച്ചുകളയും, ഭാരപ്പെടുത്തിക്കളയും. ചിലപ്പോള്‍ നന്നായിട്ടൊന്ന് ദേഷ്യപ്പെടാന്‍ പോലും കഴിയുന്നില്ലെന്ന് വന്നാല്‍… മറ്റുചിലപ്പോള്‍ ഒരു ചെറുപ്പക്കാരനെന്ന നിലയ്ക്ക് നിര്‍ദ്ദോഷമായ ഒരു തമാശുപോലും പറയാന്‍ കഴിയില്ലെന്ന് വന്നാല്‍.. ഏറ്റവും നിസ്സാരമായ ഇത്തരം ചിലവപ്പോലും നിഷേധിക്കപ്പെടുന്ന, അവയൊന്നും പ്രതീക്ഷിക്കാത്ത ഒരു ഇമേജ് ഒരാള്‍ക്കെന്തിന്? സ്വതന്ത്രമായും സത്യസന്ധമായും പ്രതികരിക്കാന്‍ കഴിയുന്നില്ലെന്ന് വന്നാല്‍.. സര്‍വ്വതും വെളിവാകുന്ന ദൈവത്തിന്റെ മുമ്പില്‍, മനുഷ്യന്‍ കല്പിച്ചരുളുന്ന ഇമേജുകള്‍ക്ക് എന്താണിത്ര മൂല്യം?
പ്രതീക്ഷിക്കാത്തത് നല്കുന്നതല്ല പ്രതീക്ഷിക്കുന്നത് മാത്രം നല്കുന്നതാണ് ഇമേജ് നിലനിര്‍ത്താനുള്ള വഴി. അതൊരു മാര്‍ക്കറ്റിംങ് തന്ത്രം കൂടിയാണ്. ഓരോരുത്തരില്‍ നിന്നും ഓരോരുത്തരും ഓരോരുത്തരും ഓരോന്നും പ്രതീക്ഷിക്കുന്നു. അവര്‍ ഇന്നതേ ചെയ്യൂ.. ഇന്നതേ പറയൂ.. ഇങ്ങനെയേ ജീവിക്കൂ.. എന്തിനാണ് ഒരാളെ ഒരു പ്രത്യേക ഇമേജില്‍ നീ ഇങ്ങനെ തളച്ചിടുന്നത്? നീ കാണാന്‍ ആഗ്രഹിക്കുന്ന ഇമേജാണ് നീ അയാളില്‍ ആരോപിക്കുന്നത്. അത് ചിലപ്പോഴെങ്കിലും അയാള്‍ ആയിരിക്കുന്ന വിധത്തില്‍ ആയിരിക്കണമെന്നില്ല. നമ്മുടെ ചില പ്രിയതാരങ്ങള്‍ അഭിനയിക്കുന്ന ചില ചിത്രങ്ങളോട് നമ്മള്‍ മുഖം തിരിച്ചു കളയുന്നതെന്തേ? അത് നമ്മള്‍ പ്രതീക്ഷിക്കാത്തതായിരുന്നു. നമുക്ക് വേണ്ടിയിരുന്നത് അതായിരുന്നില്ല. നമ്മുടെ താല്പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുന്നു.
എന്നും ഒരേ താളത്തില്‍ പതിഞ്ഞതാളത്തില്‍ ചുവടുകള്‍ വയ്ക്കണമെന്ന് ആര്‍ക്കാണിത്ര നേര്‍ച്ച?
ചിലപ്പോള്‍ ലോകം മുഴുവന്‍ കേള്‍ക്കത്തക്ക വിധത്തില്‍ ഉറക്കെ കൂവാന്‍, കൂവിയലറാന്‍ ഞാന്‍ കൊതിക്കുന്നു.. ഒരരാജകവാദി എന്നിലുറങ്ങിക്കിടപ്പുണ്ട്. നടപ്പ് രീതികളില്‍ നിന്ന് തെന്നിമാറാന്‍ ഞാനവനെയൊന്ന് തോണ്ടിവിളിച്ചാല്‍ മതിയാവും…
ഏറ്റവും സത്യസന്ധമായി ഒരൊറ്റ വാക്യമെഴുതിയാല്‍ തീരുന്ന ഇമേജൊക്കെയേ നിങ്ങള്‍ക്ക് എന്നെക്കുറിച്ചുള്ളൂ എന്നെനിക്കറിയാം; ഇപ്പോള്‍ നല്കുന്ന സ്‌നേഹവും സൗഹൃദവും കുശലാന്വേഷണവും ഫോണ്‍വിളികളും എല്ലാം അതോടെ അവസാനിക്കുമെന്നും .
എന്നിട്ടും പിന്നെയും നിനക്ക് എന്നെ ആദ്യം പോലെ സ്‌നേഹിക്കാനും എന്നോട് സൗഹൃദപ്പെടാനും കഴിയുമെങ്കില്‍ ഉവ്വ്, പ്രിയസുഹൃത്തേ, പിന്നെ ഞാന്‍ നിന്റെ അടിമ. പിന്നെയെന്റെ ജീവിതം മുഴുവന്‍ നീ പറയുന്നതുപോലെ പക്ഷേ അത്തരമൊരു ഭാഗ്യപരീക്ഷണത്തിന് തയ്യാറാകാനുള്ള ധൈര്യമെനിക്കില്ലെന്ന് സത്യം പറഞ്ഞുകൊള്ളട്ടെ . തോല്ക്കുന്നത് നീയോ ഞാനോ ആയിരിക്കുമെന്ന ഭയപ്പാട് കൊണ്ട്തന്നെ.. അതുകൊണ്ട് നീ എന്റെ ഇമേജ് എന്ന ഈ നിഴലിനെ പ്രണയിക്കുക.. പ്രണയിച്ചുകൊണ്ടേയിരിക്കുക..
ഇമേജ്
Date: