കുട്ടികളുമായി ഒരു ‘ഡ്രൈ ഡേ’

Date:

spot_img
മക്കളെ ഇഷ്ടമില്ലാത്ത മാതാപിതാക്കൾ വളരെ കുറ വായിരിക്കും. മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ പക്ഷേ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. മക്കൾ ആവശ്യപ്പെടുന്നതെന്തും വാങ്ങികൊടുത്തും അവരുടെ ഏത് ഇഷ്ടങ്ങളോടു യെസ് പറഞ്ഞും മക്കളെ സ്നേഹിക്കുന്ന ഒരുപിടി മാതാപിതാക്കളെങ്കിലും നമുക്ക് ചുറ്റിലുമുണ്ട്. സ്മാർട്ട് ഫോണുകളും ടാബ്‌ലെറ്റുകളും പൊടിക്കുഞ്ഞുങ്ങൾക്ക് വരെ വാങ്ങിനല്കുന്ന എത്രയോ മാതാപിതാക്കളുണ്ട്. വില കൂടിയ കളിപ്പാട്ടങ്ങൾ, ജങ്ക് ഫുഡ്സ് ഇങ്ങനെ സ്നേഹത്തിന്റെ പേരിൽ മാതാപിതാക്കൾ വാരിക്കോരി നല്കുന്നവയ്ക്കൊന്നും കയ്യും കണക്കുമില്ല.  പക്ഷേ നമ്മുടെ മക്കൾ ഇതാണോ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത്? ഇതൊക്കെയാണോ അവരുടെ ആവശ്യങ്ങൾ. പ്രായത്തിനും സന്ദർഭത്തിനും അനുസരിച്ച് മക്കൾക്ക് ഇതൊക്കെ ആവശ്യമായി വരാമെങ്കിലും അവരുടെ വ്യക്തിത്വം രൂപപ്പെട്ട് വരുന്ന ചെറുപ്രായത്തിൽ ഇവ ഒരിക്കലും അത്യാവശ്യമല്ല എന്നതാണ് സത്യം. ഈ പ്രായത്തിൽ അവർ ഏറ്റവും ആഗ്രഹിക്കുന്നത് മാതാപിതാക്കളുടെ സാന്നിധ്യമാണ്. മുലകുടിക്കുന്ന ഒരു കുഞ്ഞ് അമ്മയുടെ സാന്നിധ്യം എത്രമേൽ ആഗ്രഹിക്കുന്നുവോ അതുപോലെ തന്നെയാണ് ഓരോ ഘട്ടങ്ങളിലൂടെ വളർന്നുവരുന്ന മക്കൾക്ക് മാതാപിതാക്കളുടെ സാന്നിധ്യവും.

അതുകൊണ്ട്  മക്കൾക്ക് നല്കേണ്ടത് മൊബൈലോ ലാപ്പ്ടോപ്പോ ടാബ്‌ലെറ്റോ അല്ല നമ്മുടെ പക്കലുള്ളസമയമാണ്.  ഒട്ടുമിക്ക മാതാപിതാക്കളും ഉദ്യോഗസ്ഥരാണ്. തിരക്കുപിടിച്ച ജീവിതം നയിക്കുന്നവരാണ്. ഓഫീസിലെ ടെൻഷൻ വീട്ടിലേക്ക് കൊണ്ടുവരുന്നവരും വീട്ടിലും പലവിധ തിരക്കുകളിൽ മുഴുകുന്നവരുമാണ്. അതുകൊണ്ടുതന്നെ അവർക്ക് മക്കളുടെ ഒപ്പം ചെലവഴിക്കാൻ സമയം കിട്ടാതെ പോകുന്നു. ബോധപൂർവ്വം ചെയ്യുന്ന കാര്യമൊന്നുമായിരിക്കില്ല ഇത്.  ഓരോ കുഞ്ഞും അച്ഛന്റെയും അമ്മയുടെയും ഒപ്പം സമയം ചെലവവിക്കാൻ ആഗ്രഹിക്കുന്നവരാണ്. അവർക്കൊപ്പം കളിക്കാൻ.

സങ്കടകരമായ വസ്തുത എന്നത് വീട്ടുജോലിയും ഓഫീസുജോലിയും പിന്നെ വാട്ട്സാപ്പും ഫേസ് ബുക്കും മാത്രമായി അച്ഛനമ്മമാരുടെ ദിനരാത്രങ്ങൾ. തന്മൂലം മക്കളെ കേൾക്കാൻ പോലുമുള്ള ക്ഷമ പലർക്കും ഇല്ലാതായിരിക്കുന്നു. പല വിധ ടെൻഷനുമായി കഴിയുമ്പോഴായിരിക്കും സ്‌കൂളിലെയോ സ്‌കൂൾബസിലെയോ വിശേഷം പറയാൻ ആഗ്രഹിച്ച് മക്കൾ വരുന്നത്. ”നിന്നെയൊന്നും കിന്നരിക്കാൻ എനിക്ക് സമയമില്ല നൂറുകൂട്ടം കാര്യങ്ങളാ ഇവിടെ” എന്ന് എത്രയോ ക്ഷമയില്ലാത്തവരായിട്ടാണ് ചിലർ പ്രതികരിക്കുന്നതെന്ന് ആലോചിച്ചുനോക്കൂ.മക്കൾ നോക്കുമ്പോൾ ദിവസത്തിന്റെ ഏറിയ പങ്കും മൊബൈലുമായി കഴിച്ചുകൂട്ടുന്ന മാതാപിതാക്കളെയാണ് കാണുന്നത്. ചിലപ്പോഴെങ്കിലും മാതാപിതാക്കളുടെ ജോലിയുടെ ഭാഗം തന്നെയായിരിക്കാം അത്. പക്ഷേ അതൊന്നും മക്കൾക്ക് മനസ്സിലാവില്ലല്ലോ. സ്വഭാവികമായും വാട്സാപ്പും ഫേസ്ബുക്കും ചാറ്റിംങുമൊക്കെ മക്കളുടെയും ഹരമായി മാറും.

മൊബൈലിൽ ഗെയിം കാണാതെയും ടിവിയിലെ കാർട്ടൂൺ കാണാതെയും മക്കൾ ഭക്ഷണം കഴിക്കില്ലെന്ന് പറയുന്ന അമ്മമാരൊക്കെ ഒന്ന് ആത്മവിമർശനം നടത്തിനോക്കൂ. മക്കളെ അത്തരമൊരു ശീലങ്ങളിലേക്ക് തള്ളിയിട്ടത് തങ്ങൾതന്നെയല്ലേ എന്ന്. മാതാപിതാക്കളിൽ രണ്ടുപേർക്കും തിരക്കാണെങ്കിലും ഒരാളെങ്കിലും മക്കളെ കേൾക്കാൻ സന്നദ്ധത കാണിക്കണം. അവരോടൊപ്പം സമയം ചെലവഴിക്കാൻ നീക്കിവയ്ക്കണം. ഇത് മക്കൾക്ക് മാതാപിതാക്കളുമായുള്ള ബന്ധം ദൃഢമാക്കാൻ സഹായിക്കും. തങ്ങളെ കേൾക്കാൻ വീട്ടിൽ ആളില്ലാത്തതുകൊണ്ടാണ് മറ്റുപലരും കാതുകൊടുക്കുമ്പോൾ നമ്മുടെ മക്കൾ ആ വഴിക്ക് പോയി  അപകടങ്ങളിൽചെന്ന് ചാടുന്നത്. സമ്മാനങ്ങൾ കൊടുത്ത് അവരെ സന്തോഷിപ്പിച്ചുകൊള്ളൂ, അതിന്റെ ഒപ്പം സമയം കൂടി കൊടുക്കാൻ മറക്കരുത്.

ഡ്രൈ സൺഡേ എന്നൊരു ഏർപ്പാട് ഇപ്പോൾ നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ടല്ലോ. വീടും പരിസരങ്ങളും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുകയും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതാണത്. അതുപോലെ നമ്മുടെ വീടുകളിലും ദിവസത്തിൽ അരമണിക്കൂറെങ്കിലും ഡ്രൈ ഡേ ആയി ആചരിക്കണം.

ആ നേരം മൊബൈലിനും ലാപ്പ്ടോപ്പിനും അവധി കൊടുത്ത്  മക്കളോടൊപ്പം ആയിരിക്കാൻ ശ്രദ്ധിക്കുക. അവരുടെ വിശേഷങ്ങൾ കേൾക്കാൻ.. അവരുമായി വിനോദങ്ങളിൽ ഏർപ്പെടാൻ.. അവരെ ഇടയ്ക്കിടെ ഒന്ന് കെട്ടിപിടിക്കാൻ.. അഭിനന്ദിക്കാൻ.. മക്കൾക്ക് വേണ്ടി നീക്കിവയ്ക്കുന്ന സമയം ഒരിക്കലും പാഴല്ല..അത് അവരുടെ ജീവിതത്തിൽ നാം നിക്ഷേപിക്കുന്ന വലിയൊരു സമ്പത്താണ്. അതുകൊണ്ട് മക്കൾക്ക് വേണ്ടി ബാങ്ക്ബാലൻസും സമ്പാദ്യങ്ങളും സ്വരുക്കൂട്ടുന്നതിനൊപ്പം സമയവും കൂടി നിക്ഷേപിക്കാൻ മറക്കരുത്.

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...
error: Content is protected !!