ഇന്ത്യയുടെ ട്രാക്കിൽ ചരിത്രം തിരുത്തിയ പതിനെട്ടുകാരി. അവളാണ് ആസാമിൽ നിന്നുള്ള ഹിമദാസ്. ആസാമിലെ നെൽപ്പാടങ്ങളിലൂടെ ഓടിവളർന്നവൾ, ഇപ്പോഴിതാ ഇന്നേവരെ ഇന്ത്യയിൽആരും നേടിയിട്ടില്ലാത്ത നേട്ടവുമായി ചരിത്രം രചിച്ചിരിക്കുന്നു. ലോക അണ്ടർ 20 അത്ലറ്റിക്സിൽ സ്വർണ്ണം നേടിയാണ് ഹിമ ഈ ചരിത്രം രചിച്ചിരിക്കുന്നത്. രാജ്യാന്തര വേദിയിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് ആണ് ഹിമ. 400 മീറ്റർ ഓട്ടം 51.46 സെക്കൻഡിൽ ഫിനീഷ് ചെയ്താണ് ലോക അത് ലറ്റിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരമായി ഹിമ മാറിയത്. അവസാന 100 മീറ്റർ വരെ ഹിമ പിന്നിലായിരുന്നു. പക്ഷേ തോറ്റുകൊടുക്കാനോ മനസ്സ് മടുക്കാനോ അവൾ തയ്യാറായില്ല. പിന്നെയായിരുന്നു ചരിത്രം പിറന്നത്. റുമാനിയായുടെയും അമേരിക്കയുടെയും താരങ്ങളെ പിന്തള്ളി ഹിമ ഒന്നാമതെത്തി. ഇന്ത്യയുടെ അഭിമാനം ഹിമ വാനോളം ഉയർത്തിയിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ അസുലഭ നേട്ടത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.