സ്വാതന്ത്ര്യത്തിന്റെ രഹസ്യങ്ങൾ

Date:

spot_img
ഒരാൾ വേറൊരാൾക്ക് നല്കുന്നതല്ല ഒരാൾ സ്വയം അനുഭവിക്കുന്നതാണ് സ്വാതന്ത്ര്യം.  അവസ്ഥയെക്കാളേറെ അത് മനോഭാവമാണ്.   വധശിക്ഷയ്ക്കായി കൊണ്ടുപോകപ്പെട്ട ചിലരുടെയൊക്കെ അവസാന നിമിഷങ്ങൾ എത്രയോ സമാധാനപൂർവ്വമായിരുന്നുവെന്നും ജയിലറകളിൽ കിടന്നും സർവേശ്വരന് സ്തുതിഗീതങ്ങൾ പാടിയവരുണ്ടെന്നും വായിച്ചിട്ടുണ്ട്. സമീപകാലത്ത് ലോകം മുഴുവൻ ആകാംക്ഷയോടെ നോക്കിനിന്ന തായ്ലാന്റ് ഗുഹയിലെ ആ പതിമൂന്നുപേരെക്കുറിച്ചുതന്നെ ആലോചിച്ചുനോക്കൂ.  അവർ അനിശ്ചിതത്വത്തിന്റെ തടവിലായിരുന്നു. പാരതന്ത്ര്യത്തിലായിരുന്നു (പുറത്തേക്ക്‌പോകാൻ കഴിയാതെ എവിടെയാണോ നിങ്ങൾ തളയ്ക്കപ്പെട്ടിരിക്കുന്നത് അതാണ് നിങ്ങളുടെ ജയിൽ. നിങ്ങളുടെ സർഗ്ഗാത്മകതയ്ക്ക് എവിടെയാണോ താഴും പൂട്ടുമുള്ളത് അത് നിങ്ങളുടെ ജയിലാണ്.. ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന് മീതെ വയ്ക്കപ്പെടുന്ന ഓരോ കല്ലും ജയിലാണ്. അവിടെയൊന്നും സ്വാതന്ത്ര്യമില്ല.. ചിന്തകളെയാണ്, ആശയങ്ങളെയാണ് എല്ലാവരും എന്നും ഭയക്കുന്നത്. അതുകൊണ്ടാണ് അത്തരക്കാരെ തുറങ്കിലടയ്ക്കുന്നതും). വെറും സാധാരണക്കാരായിരുന്നുവെങ്കിൽ അവരുടെ ഈ ദിവസങ്ങൾ എത്രയോ ഭീകരമാവുമായിരുന്നു. പക്ഷേ ഉള്ളിൽ അവർസ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. അതുകൊണ്ടാണ് അനിശ്ചിതത്വത്തിന്റെ തടവിലും അവർക്ക് ആത്മാവിൽ സ്വാതന്ത്ര്യം അനുഭവിക്കാനായത്, ഏതവസ്ഥയിലും ഒരാൾക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻകഴിയും എന്നതിന് മറ്റൊരു സമീപകാലസാക്ഷ്യം വേണ്ടെന്ന് തോന്നുന്നു. അത് അവർക്ക് ആരും നല്കിയ സ്വാതന്ത്ര്വവുമായിരുന്നില്ല.
നല്കുന്നതിലെല്ലാം സൗജന്യമുണ്ട്. പക്ഷേ നേടിയെടുക്കുന്നതിലാവട്ടെ ആത്മസാക്ഷാത്ക്കാരമാണുള്ളത്.  മക്കൾക്ക് സ്വാതന്ത്ര്യം നല്കുന്നുവെന്നും ആ സ്വാതന്ത്ര്യം ദുരുപയോഗിച്ചുവെന്നും പറയുന്ന മാതാപിതാക്കളുണ്ട്. ഇടംവലം തിരിയാൻ അനുവാദം കൊടുക്കുന്നത് മാത്രമല്ല സ്വാതന്ത്ര്യം. ഭൗതികമായ ചില ഘടകങ്ങൾ കൊണ്ടുമാത്രം സ്വാതന്ത്ര്യം വിലയിരുത്തപ്പെടുകയുമരുത്. ആന്തരികമായി അനുഭവിക്കുന്ന തുറവിയും സന്തോഷവുമാണ് സ്വാതന്ത്ര്യം. ചിലപ്പോഴൊക്കെ ബാഹ്യമായ ഒരുപാട് കാരണങ്ങൾ കൊണ്ട് നാം സ്വതന്ത്രരാണെന്ന് തോന്നുന്നുണ്ടാവാം.  പക്ഷേ  നേടിയെടുക്കുന്ന സ്വാതന്ത്ര്യവും സ്വയം അനുഭവിക്കാൻ കഴിയുന്ന സ്വാതന്ത്ര്യവുമാണ ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നത്.
രണ്ടു വ്യക്തികൾ തമ്മിലുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചു തന്നെ ആലോചിക്കൂ. പരസ്പരം വിശ്വാസമുണ്ടെങ്കിൽ മാത്രമേ അവർക്ക് സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയൂ. ചിലരുമായി വെറുതെപോലും സംസാരിച്ചിരിക്കാൻ കഴിയാതെവരുന്നത് എന്തുകൊണ്ടാണ്.?.ചില സാന്നിധ്യങ്ങൾ നമ്മെ ശ്വാസം മുട്ടിക്കുന്നത് എന്തുകൊണ്ടാണ്?. അവിടെ സ്വാതന്ത്ര്യമില്ല.. സ്വാതന്ത്ര്യത്തിന്റെ സന്തോഷങ്ങളില്ല.വ്യക്തിബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നത് സ്വാതന്ത്ര്യവും അത് നല്കുന്ന സന്തോഷവുമാണ്.
സ്വാതന്ത്ര്യത്തോടെ ജീവിക്കുമ്പോഴും ഏതൊക്കെയോ തരത്തിൽ നാം അത്രമേൽ സ്വതന്ത്രരല്ല എന്നതുതന്നെയാണ് വാസ്തവം. കാരണം നമുക്ക് ചെയ്യാൻ കഴിയുന്നതിലും പ്രവർത്തിക്കാൻ കഴിയുന്നതിലുമെല്ലാം സ്വാതന്ത്ര്യത്തിന്റെ പരിധികളുണ്ട്.  അടുത്തിരിക്കുകയാണെങ്കിലും അന്യോന്യം അകന്നുപോകുകയാണെങ്കിൽ അവിടെ സ്വാതന്ത്ര്യമില്ല. അകലെയാണെങ്കിലും അടുപ്പമുണ്ടെങ്കിൽ അവിടെ സ്വാതന്ത്ര്യമുണ്ട്.  അടുപ്പമാണ് സ്വാതന്ത്ര്യം. അകൽച്ചയാണ് പാരതന്ത്ര്യം.
എങ്ങനെ പറയുന്നു എന്നതല്ല എന്തു പറയുന്നു എന്നതാണ് എനിക്കും നിനക്കും ഇടയിലുള്ള സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി നിശ്ചയിക്കുന്നത്.  വേണമെങ്കിൽ എന്നെ മുറിപ്പെടുത്താതെയും എന്നെ അലോസരപ്പെടുത്താതെയും  നിനക്ക് സംസാരിക്കാം.  പക്ഷേ അവിടെ ആത്മാവ് നഗ്‌നമാകുന്നില്ല. ഒരാളും നിന്നെ ബന്ധനസ്ഥനാക്കിയിട്ടില്ല..ഒരാളും നിന്റെ മുതുകിൽ നുകം വച്ചുകെട്ടിയിട്ടുമില്ല. എന്നിട്ടുംനീ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ എന്നത്  നിനക്ക് മാത്രം പറയാൻ കഴിയുന്ന കാര്യമാണ്. നിന്റെ സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളെ നിനക്ക് മാത്രമാണ് നിശ്ചയിക്കാൻ കഴിയുന്നത്.  എന്തും ചെയ്യുന്നതല്ല ചിലതൊക്കെ ചെയ്യാതിരിക്കുന്നതും സ്വാതന്ത്ര്യമാണ്.

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!