ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളോ… പരിഹാരം വേണ്ടേ?

Date:

spot_img

എല്ലാവരുടെയും ശ്രമങ്ങള്‍ അതിന് വേണ്ടിയാണ്…പ്രശ്‌നങ്ങളില്ലാത്ത  ദാമ്പത്യം.. എല്ലാവരുടെയും ആഗ്രഹവും അതാണ് . പ്രശ്‌നങ്ങളില്ലാത്ത ദാമ്പത്യം. പക്ഷേ പ്രശ്‌നങ്ങളില്ലാത്ത ദാമ്പത്യങ്ങളുണ്ടോ?

ഓരോ കുടുംബത്തിനും അതിന്  മാത്രം നടന്നുപോകേണ്ടതും നടന്നുതീര്‍ക്കേണ്ടതുമായ പ്രശ്‌നങ്ങളുടെ ഒരു പാടവരമ്പുണ്ട്. ഒരു കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളല്ല മറ്റൊരു കുടുംബം നേരിടേണ്ടിവരുന്നത്. പ്രശ്‌നങ്ങളുടെ സ്വഭാവം വ്യത്യസ്തമാണെങ്കിലും പ്രശ്‌നങ്ങള്‍ ഒഴിഞ്ഞുപോകുന്ന ബാധയല്ല ഒരു കുടുംബത്തിനും. എന്നിട്ടും ആ പ്രശ്‌നങ്ങള്‍ക്ക് മീതെ ബാലന്‍സ് ചെയ്തു മാത്രം നടന്നുപോകേണ്ട  വിവേകവും കരുതലും ഓരോ കുടുംബവും കാണിക്കണം.. കാലിടറിയാല്‍ ചിലപ്പോള്‍ അത് സങ്കീര്‍ണ്ണമായേക്കാം.. അതുകൊണ്ട് ചുവട്ടടികളെ നിയന്ത്രിച്ചും കരുതലോടെ മുന്നോട്ടുവച്ചും മാത്രം നടന്നുപോകേണ്ട ഒരു പാടവരമ്പ് തന്നെ കുടുംബജീവിതം.
ഏതൊരു ബന്ധത്തിന്റെയും തീവ്രത തിട്ടപ്പെടുത്തുന്നത് സ്‌നേഹം എന്ന അളവുകോല്‍ കൊണ്ടാണ്. ചിലപ്പോഴെങ്കിലും കൊടുക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും വിനിമയ തോത് അവിടെ വ്യത്യസ്തമായേക്കാം. പക്ഷേ അവിടെ പരാതികളും പിറുപിറുക്കലുകളും ഇല്ലാതെ വരുന്നത് കൂടുതല്‍ കൊടുത്തതിന്റെ പേരില്‍ മേനിനടിക്കലുകളോ കുറച്ചുകിട്ടിയതിന്റെ പേരിലുള്ള പിറുപിറുക്കലുകളോ ഇല്ലാതെ വരുമ്പോഴാണ്.

നിന്നെ ഇത്രമേല്‍ പരിഗണിച്ചിട്ടും നീയെന്നോട് എന്താണ് ചെയ്തത് എന്ന് നാം ഏതു ബന്ധങ്ങളിലും ചില നേരങ്ങളില്‍ ചീപ്പായി വിലപേശിയിട്ടുണ്ടാവാം. ദാമ്പത്യബന്ധങ്ങളില്‍ ആവട്ടെ അത് ഒരു തരം പകപോലെ വളര്‍ത്തിയെടുത്തിട്ടുമുണ്ടാകാം. കൊടുത്തിട്ടും തിരികെ കിട്ടാതെ പോയ സ്‌നേഹങ്ങളെയോര്‍ത്ത് എത്രയോ ദമ്പതിമാരാണ് നമുക്ക് ചുറ്റിലും പരാതിപ്പെട്ടുകഴിയുന്നത്. ദാമ്പത്യത്തിലെ പ്രശ്‌നങ്ങളുടെ മൂലകാരണം പലപ്പോഴും ഇത്തരത്തിലുള്ള നെഗറ്റീവ് ചിന്തകളാണ്. ലഭിച്ചിട്ടും ആ സ്‌നേഹം മനസ്സിലാക്കാതെ പോയവരുടെ എണ്ണവും കുറവല്ല. കിട്ടുന്നത് മാത്രമാണ് തന്റെ അവകാശമെന്നും തിരികെ കൊടുക്കാന്‍ താന്‍ ബാധ്യസ്ഥരല്ല എന്ന് കരുതുന്നവരുമുണ്ട്.
സ്‌നേഹത്തിന്റെ കണ്ണിലൂടെ കാണുമ്പോഴാണ് വളരെ ഗൗരവതരമായ കാര്യങ്ങള്‍ നിസ്സാരമായും നിസ്സാരമായവ  വളരെ വലുതായും നമുക്ക് തോന്നുന്നത്. സ്‌നേഹത്തിന്റെ ഇത്തരം കാഴ്ച കിട്ടുക എന്നത് അപൂര്‍വ്വം ചില ദമ്പതിമാര്‍ക്ക് മാത്രം ലഭിക്കുന്ന സിദ്ധിയാണ്. സ്‌നേഹം പുളിമാവു പോലെയാണെന്ന് തോന്നുന്നു. അത് ഇത്തിരി കൊണ്ട് ഒരുപാട് കാര്യങ്ങള്‍  ചെയ്യുന്നു.

നമുക്ക് വേണ്ടത് പ്രശ്‌നങ്ങളുണ്ടാകാത്ത കുടുംബങ്ങളല്ല.,പ്രശ്‌നങ്ങള്‍ക്കിടയിലും സ്‌നേഹിക്കാനും സാന്ത്വനിപ്പിക്കാനും സന്തോഷിക്കാനും പ്രണയിക്കാനും വളര്‍ത്താനും കൂടെ നില്ക്കാനും കഴിയുന്ന കുടുംബങ്ങളാണ്.  പ്രശ്‌നങ്ങളെ ഒഴിവാക്കാനല്ല നാം ശ്രമിക്കേണ്ടത്.. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാണ്..അല്ലെങ്കില്‍ അതിജീവിക്കാനാണ്.. ….കുറവുകളും കുറ്റങ്ങളും  സങ്കടങ്ങളും വിഷമങ്ങളും അപമാനങ്ങളും ആകുലകളുമില്ലാത്ത ഒരു ദാമ്പത്യവുമില്ല എന്ന് ആദ്യം മനസ്സിലാക്കണം.

ദമ്പതികളേ നിങ്ങള്‍ പിണങ്ങിക്കോളൂ..അത് നിങ്ങള്‍ മനുഷ്യരാണെന്നും ബുദ്ധിയും ബോധവും ഉള്ളവരുമാണ് എന്നതിന്റെയും അടയാളമാണ് .ഒരിക്കല്‍ പോലും പിണങ്ങിയിട്ടില്ല എന്ന് വീമ്പിളക്കുന്ന ചിലരെ ഞാന്‍ കണ്ടിട്ടുണ്ട്. ഒന്നുകില്‍ അവര്‍ക്ക് ബൗദ്ധികനിലവാരത്തില്‍ എന്തോ പ്രശ്‌നമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലെങ്കില്‍ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പേരുവിളിക്കപ്പെട്ടിരിക്കുന്ന വിശുദ്ധരുമാകാം. ഈ രണ്ടു സാധ്യതകളും ഇല്ലാത്തവര്‍ ആകുമ്പോള്‍ അവിടെ പിണക്കങ്ങളുണ്ടാകുക സ്വഭാവികമാണ്.

എന്നാല്‍ ആ പിണക്കങ്ങള്‍ വിദ്വേഷത്തിലേക്കും കലഹത്തിലേക്കും വളര്‍ത്തരുത്..അവിടെയാണ് പ്രശ്‌നമുള്ളത്. നമ്മുടെ ദാമ്പത്യങ്ങളിലെ എല്ലാ പിണക്കങ്ങളും കാലക്രമേണ രൂപം മാറുന്നത് പകയിലേക്കും വെറുപ്പിലേക്കും കലഹത്തിലേക്കുമാണ്. കാലമെത്ര പഴകിയിട്ടും പണ്ടെന്നോ പറഞ്ഞ വാക്കിന്റെ മുളളുമുനയില്‍ കുടുങ്ങി ചോര വിയര്‍ക്കുന്നവരുമുണ്ട്. ഇനി പങ്കാളി തെറ്റുചെയ്തുവെങ്കില്‍ തന്നെ ആ തെറ്റിനെപ്രതി അയാളോട് ക്ഷമിക്കാന്‍ കഴിയുന്നിടത്താണ് നിങ്ങളുടെ സ്‌നേഹത്തിന് പൂര്‍ണ്ണതയുള്ളത്. അല്ലാത്ത പക്ഷം കുറ്റക്കാരനായ അയാളുടെ ഒപ്പം തന്നെയാണ് നിങ്ങളുടെ സ്ഥാനവും.

വിനായക് നിര്‍മ്മല്‍

More like this
Related

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...
error: Content is protected !!