ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ആ ചെറുപ്പക്കാരന്‍. അപ്പോഴാണ് കുറെ കവര്‍ച്ചക്കാര്‍ അവനെ ആക്രമിച്ചത്. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരോട് അവന്‍ പരമാവധി പൊരുതി നിന്നു. പക്ഷേ ശ്രമം വിജയിച്ചില്ലെന്ന് മാത്രം.
കവര്‍ച്ചക്കാര്‍ അവനെ ക്രൂരമായി മര്‍ദ്ദിച്ചു. ഒടുവില്‍ അവന്‍ മരിച്ചുകാണുമെന്ന് കരുതി അവര്‍ അവനെ ഉപേക്ഷിച്ചുപോയി.
ആ വഴി നടന്നുപോയ ഒരു പോലീസുകാരനാണ് മുറിവേറ്റുകിടന്ന അവനെ ആശുപത്രിയിലെത്തിച്ചത്. ഡോക്‌ടേഴ്‌സിന് പോലും ഞടുക്കമുണ്ടാക്കത്തക്ക വിധത്തിലായിരുന്നു അവന്റെ മുഖം,.
മുഖത്തിന്റെ സ്ഥാനത്ത് ചോരപിടിച്ച മാംസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. കള്ളന്മാര്‍ കല്ല് വച്ച് ഇടിച്ച് ക്ഷതപ്പെടുത്തിയതായിരുന്നു അത്. മൂക്കാവട്ടെ മുഖത്തുനിന്ന് അറ്റ് താഴേക്ക് വീഴത്തക്കവിധത്തില്‍ തൂങ്ങിക്കിടന്നിരുന്നു.
മുടിയും തൊലിയും നഷ്ടപ്പെട്ട് തലയോട് തെളിഞ്ഞുനിന്നിരുന്നു. ഇങ്ങനെയുള്ള അവന്‍ രക്ഷപ്പെടുമെന്ന് ഡോക്‌ടേഴ്‌സിന് തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല.
ഏതാണ്ട് ഒരുവര്‍ഷക്കാലം അവന് ആശുപത്രിയില്‍ കഴിച്ചുകൂട്ടേണ്ടതായി വന്നു. ആശുപത്രിവാസം കഴിഞ്ഞ് പുറത്തേക്ക് വന്നെങ്കിലും അവന് മുഖം എന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ എല്ലാവരും പുകഴ്ത്തിയിരുന്ന മുഖം ഇന്ന് ആരും നോക്കാന്‍ ഭയക്കുന്ന വിധത്തിലായതില്‍ അവന്‍ ഏറെ ദു:ഖിച്ചു.
ജോലിക്കുവേണ്ടിയുള്ള ശ്രമം അവനെ കൊണ്ടുചെന്നെത്തിച്ചത് ഒരു സര്‍ക്കസ് കൂടാരത്തിലാണ്. അവിടെ കോമാളിയായി അവന്‍ കഴിഞ്ഞുകൂടി. ഒരാള്‍ പോലും അവനോട് സംസാരിക്കാനോ ചങ്ങാത്തത്തിലാകാനോ തയ്യാറായില്ല. അതില്‍ മനസ്സ് മടുത്ത് ആത്മഹത്യയെക്കുറിച്ച് വരെ അവന്‍ ചിന്തിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം അവന്‍ ഒരു പള്ളിയുടെ മുമ്പിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ അവിടെനിന്ന് കേട്ട ഗാനം അവനെ വല്ലാതെ ആകര്‍ഷിച്ചു. അവന്‍ പള്ളിയിലേക്ക് കയറിച്ചെന്നു. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം അടുത്തേക്ക് വന്ന വൈദികനോട് അവന്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞു.
വൈദികന്‍ വളരെ ദയാലുവായിരുന്നു. അദ്ദേഹത്തിന് അവനോട് സഹതാപം തോന്നി. അദ്ദേഹം അവനെ ആശ്വസിപ്പിച്ചു. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്നും അവിടുന്ന് എല്ലാ കാര്യങ്ങളിലും ഇടപെടുന്നവനാണെന്നും അച്ചന്‍ പറഞ്ഞു.
വൈദികന്‍ അവന്റെ മുഖത്തിന്റെ വൈരൂപ്യം പരിഹരിക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടു. അതിന്‍പ്രകാരം ഓസ്‌ട്രേലിയായിലെ പ്രഗല്ഭനായ ഒരു പ്ലാസ്റ്റിക് സര്‍ജനുമായി അദ്ദേഹം ബന്ധപ്പെട്ടു. മുഖം നഷ്ടപ്പെട്ട ചെറുപ്പക്കാരന്റെ കഥ കേട്ട ഡോക്ടര്‍ അവനെ സര്‍ജറി ചെയ്യാമെന്ന് സമ്മതിച്ചു. സര്‍ജറി ഗംഭീരവിജയമായിരുന്നു.
ചതഞ്ഞരഞ്ഞ് വികൃതമായ മുഖത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ സുന്ദരമായ മുഖം ലഭിച്ചു, ചെറുപ്പക്കാരന്. അതാവട്ടെ അവന്റെ ആദ്യത്തെ മുഖത്തെക്കാള്‍ സുന്ദരവുമായിരുന്നു.
വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. ആ ചെറുപ്പക്കാരന്‍ പ്രശസ്തനായി. ഈ ചെറുപ്പക്കാരനാണ് പാഷന്‍ ഓഫ് ദ ക്രൈസ്റ്റും മറ്റും സംവിധാനം ചെയ്ത മെല്‍ ഗിബ്‌സണ്‍. തന്റെ ജീവിതകഥ അദ്ദേഹം ‘മുഖമില്ലാത്ത മനുഷ്യന്‍’ എന്ന പേരില്‍ പിന്നീട് ചലച്ചിത്രമാക്കുകയുണ്ടായി. നമ്മുടെ മുഖങ്ങള്‍ പലരും വലിച്ചുകീറിയേക്കാം.. വിരൂപമാക്കിയേക്കാം. പക്ഷേ ആത്മവിശ്വാസത്തോടെ അവയെ നേരിടാന്‍ കഴിഞ്ഞാല്‍ ആ വൈരൂപ്യം നമ്മുക്ക് പരിഹരിക്കാന്‍ കഴിയും.