ഈ ലോകത്തിന് ദൈവം നല്കിയിരിക്കുന്ന ഏറ്റവും വലിയ സമ്മാനം എന്താണ്? അനുകരിക്കാന്‍ എളുപ്പമായ ഏററവും മഹത്തായ കല ഏതാണ്? രണ്ടിനും സ്‌നേഹം എന്നാണ് മറുപടി. സ്‌നേഹിക്കാന്‍ കഴിയുക എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ കൃപയാണ്. ദൈവത്തിന്റെ ഹൃദയത്തില്‍ നിന്നാണ് സ്‌നേഹത്തിന്റെ പുഴ ഒഴുകുന്നത്. ആ പുഴയെ നമുക്കെത്രമാത്രം സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നു എന്നതനുസരിച്ചാണ് സ്‌നേഹിക്കാനുള്ള നമ്മുടെ കഴിവിന്റെ തോതു നിശ്ചയിക്കപ്പെടുന്നത്.
എല്ലാം നമുക്ക് നേടിയെടുക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ ഒരു ബയണറ്റ് ചൂണ്ടി നമുക്കൊരിക്കലും സ്‌നേഹം പിടിച്ചുവാങ്ങാന്‍ കഴിയില്ല. എന്റേതായ എല്ലാം നിങ്ങള്‍ക്ക് അപഹരിക്കാനായേക്കാം. പക്ഷേ സ്‌നേഹിക്കാനുള്ള എന്റെ കഴിവിനെ മാത്രം നിങ്ങള്‍ക്ക് കവര്‍ന്നെടുക്കാനാവില്ല.
ഏതവസ്ഥയിലും ഒരാള്‍ക്ക് സ്‌നേഹിക്കാന്‍ കഴിയും.. ഋതുഭേദങ്ങള്‍ ജീവിതത്തില്‍ വിവിധ അവസ്ഥകളിലൂടെ ഒരാളെ കടത്തിക്കൊണ്ടുപോകുമ്പോഴും സ്‌നേഹിക്കാനുള്ള അയാളുടെ കഴിവുകള്‍ക്ക് നഷ്ടം സംഭവിക്കുന്നില്ല. എത്ര വെയിലും ഏതു മഴയും വന്നോട്ടെ ഞാനൊന്നിന് മുമ്പിലും പതറുകയില്ലെന്ന് വീമ്പിളക്കി സ്‌നേഹം നില്ക്കുന്നുണ്ട്..
ഒരാളെപ്പോലെ മറ്റൊരാളും നമ്മെ സ്‌നേഹിക്കില്ല,. നാം സ്‌നേഹിക്കുന്നതുപോലെയും ഒരാളും നമ്മെ സ്‌നേഹിക്കില്ല. നാം ആഗ്രഹിക്കുന്നതുപോലെയും മറ്റുള്ളവര്‍ നമ്മെ സ്‌നേഹിക്കില്ല. എല്ലാ കാര്യങ്ങളിലും മനുഷ്യന്‍ സമത്വം കൈവരിച്ചേക്കാം എന്നാല്‍ എല്ലാവരെയും ഒന്നുപോലെ സ്‌നേഹിക്കണമെന്നോ എല്ലാവരും സ്‌നേഹിക്കപ്പെടണമെന്നും ഉള്ള കാര്യത്തില്‍ നാമൊരിക്കലും സമത്വം കൈവരിക്കുകയില്ല. കാരണം സ്‌നേഹത്തിന് സമത്വമില്ല എന്നാല്‍ സ്‌നേഹത്തില്‍ സമത്വമുണ്ട് താനും.
ഏറ്റവും മികച്ച രീതിയില്‍ നാം ഇനിയും സ്‌നേഹിക്കുകയോ സ്‌നേഹിക്കപ്പെടുകയോ ചെയ്തിട്ടില്ല. കാരണം ഏറ്റവും നല്ല സ്‌നേഹം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല തന്നെ. യാഥാര്‍ത്ഥ്യത്തെക്കാള്‍ സുന്ദരം സങ്കല്പമായതുകൊണ്ട് സങ്കല്പങ്ങളില്‍ നാം സ്‌നേഹസങ്കല്പങ്ങളില്‍ മുഴുകുന്നു.
ജീവിതത്തില്‍ നമുക്കെപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ഏറ്റവും വലിയ സമ്പത്താണ് സ്‌നേഹം.. ഒരു വാക്ക് മതി സ്‌നേഹത്തിന്റെ പുഴയൊഴുകാന്‍. ഒരു വാക്ക് മതി സ്‌നേഹത്തിന്റെ കടല്‍വറ്റാനും. വഴിയരികില്‍ സ്ഥിരമായി ബൈക്കില്‍ കാത്തുനില്ക്കുന്ന ഒരു ചെറുപ്പക്കാരന്റെ ഒരു സ്‌നേഹവാക്കിലല്ലേ നമ്മുടെ ചില പെണ്‍കുട്ടികളൊക്കെ ജീവിതം മുഴുവന്‍ തീറെഴുതിക്കൊടുക്കുന്നത്. പിന്നെയൊരു വാക്കിന്റെ മുള്‍മുനയേറ്റ് നമ്മുടെ സ്‌നേഹത്തിന്റെ നാളങ്ങള്‍ മുറിയുകയും ചെയ്യുന്നു. വളരാനും മുറിയാനും പെരുകാനും വറ്റാനും വരളാനുമെല്ലാം ഒരു വാക്ക് മതി. സ്‌നേഹത്തിന്റെ ഒരുവാക്ക്.. സ്‌നേഹശൂന്യതയുടെ ഒരു വാക്ക്..
സ്ഫടികച്ചില്ലില്‍ മഴവില്ല് തെളിയുന്നതുപോലെ സ്‌നേഹം നിന്നെ മാടിവിളിക്കുമ്പോള്‍ പിന്‍വിളികള്‍ക്ക് കാത്തുനില്ക്കാതെ സ്‌നേഹം നിന്നെ കൊണ്ടുപോകുന്നു…
സ്‌നേഹിക്കുമ്പോഴും സ്‌നേഹിക്കപ്പെടുമ്പോഴും ഈ ലോകത്തില്‍ നമ്മള്‍ മാത്രം മതിയെന്ന് തോന്നും. മറ്റാരെക്കുറിച്ചും നമ്മള്‍ ചിന്തിക്കുന്നതേയില്ല. സ്‌നേഹത്തിന്റെ മൂര്‍ദ്ധന്യത്തില്‍ രണ്ടുപേര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മൂന്നാമതായി കടന്നുവരുന്ന ആളോട് എത്ര ഈര്‍ഷ്യയാണ്. രണ്ടുപേരില്‍ മാത്രം ലോകം ഒതുങ്ങുന്നു. എന്നാല്‍ സ്‌നേഹനഷ്ടമോ പരാജയമോ സംഭവിക്കുമ്പോഴോ ലോകം മുഴുവനും വേണം നമുക്ക്. താങ്ങായും തണലായും ആലംബമായും അത്താണിയായും. അത്രയ്ക്കുണ്ട് സ്‌നേഹത്തിന്റെ ശക്തി..വലുപ്പം.
ഇന്നലെ കണ്ട ഒരാള്‍ക്കൊപ്പം അന്നുവരെയുള്ള എല്ലാ സ്‌നേഹങ്ങളെയും അറുത്തുമാറ്റിയും നിസ്സാരവല്ക്കരിച്ചും ഇറങ്ങിപ്പുറപ്പെടാന്‍ മാത്രം ഒരാള്‍ക്ക് കരുത്തു കിട്ടുന്നത് ആസ്‌നേഹം അതുവരെയുള്ള എല്ലാ സ്‌നേഹത്തെയുംക്കാള്‍ ശക്തമായതുകൊണ്ടാണ്.. അതിന് മറ്റെല്ലാ സ്‌നേഹങ്ങളെക്കാളും തണല്‍ വിരിക്കാന്‍ കഴിയുമെന്ന് ആ നേരങ്ങളിലെങ്കിലും വിശ്വസിക്കുന്നതുകൊണ്ടാണ്. പരസ്പരം സ്‌നേഹിക്കുമ്പോള്‍ അത് നമുക്ക് ധൈര്യം തരുന്നു. പിന്നെയാവട്ടെ ശക്തിയും. അതാണ് സ്വന്തബന്ധങ്ങളെ നിസ്സാരവല്ക്കരിച്ച് പുതിയൊരു ജീവിതം രൂപപ്പെടുത്താനായി കമിതാക്കള്‍ ഇറങ്ങിത്തിരിക്കുന്നതിന്റെ പിന്നിലെപ്രേരകം.
വിനായക് നിര്‍മ്മല്‍