അപ്രതീക്ഷിതമായി മുന്നേ കിട്ടിയ അവധിക്കാലത്തിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികളും. ഈ അവധിക്കാലം എങ്ങനെ അടിപൊളിയാക്കാം എന്ന് വേറിട്ട് ചിന്തിക്കുന്നവർ ഒരുപക്ഷേ കുറവായിരിക്കും. കൂടുതൽ കൂട്ടികളും മൊബൈൽ ഗെയിമിന്റെയോ ടിവിയുടെയോ മുന്നിലേക്ക് തങ്ങളുടെ അവധിദിനങ്ങളെ സമർപ്പിച്ചുകഴിഞ്ഞു. ഇവയ്ക്ക് രണ്ടിനും ശേഷം സമയം കിട്ടിയാലും മനസ്സ് തോന്നിയാലും ഇത്തിരിക്കളികൾ. അതും ക്രിക്കറ്റോ ഫുട്ബോളോ പോലെ നല്ല പേരും പെരുമയുമുള്ള കളികൾ.
എന്നാൽ ഇന്ന് മുപ്പതുകളിലോ നാല്പതുകളിലോ അമ്പതുകളിലോ ഒക്കെ എത്തിനില്ക്കുന്നവരുടെ കുട്ടിക്കാലം ഇങ്ങനെയായിരുന്നില്ല. തുറന്ന പുസ്തകം പോലെ വിശാലവും സ്വതന്ത്രവുമായിരുന്നു അത്. ബന്ധുവീടുകളിലേക്കുള്ള സന്ദർശനങ്ങൾ, അവിടെയുള്ള പഴയകൂട്ടുകാരുമായിട്ടുള്ള ചങ്ങാത്തം പുതുക്കൽ, ആഴം കുറഞ്ഞ നദിയിലുള്ള നീന്തൽപരിശീലനം, കൊയ്ത്ത് കഴിഞ്ഞ പാടത്തുള്ള കാൽപ്പന്തുകളി, ടാറിടാത്ത റോഡിലൂടെയുള്ള സൈക്കിൾ പഠിത്തം, ഈന്തിലകൾ കൊണ്ട് വീടുണ്ടാക്കി കഞ്ഞിയും കറിയും വച്ചും കെട്ട്യോനും കെട്ട്യോളും ചമഞ്ഞും വലിയവരായ കുട്ടിക്കാലം. നാട്ടിൻപുത്തെ തീയറ്ററിൽ സെക്കന്റ ക്ലാസ് ടിക്കറ്റെടുത്തുളള സിനിമ കാണൽ. പ്രണയങ്ങളും പകകളുമെല്ലാം രൂപപ്പെട്ടതും ഉടലിനെക്കുറിച്ചും അവയവങ്ങളെക്കുറിച്ചുമെല്ലാം വേറിട്ട ബോധ്യങ്ങൾ കിട്ടിയതും ഇത്തരം അവധിക്കാലങ്ങളിലായിരുന്നുവെന്നതും ചിലരുടെയെങ്കിലും ഏറ്റുപറച്ചിലും ഓർമ്മയുണർത്തലുമാകാം.
അന്ന് പല വീടുകളിലും മുട്ടവിരിയിക്കുന്നത് അവധിക്കാലത്തിന് മുന്നോടിയായിട്ടായിരിക്കും. കാരണം കോഴിക്കുഞ്ഞുങ്ങളെ കഴുകനും കാക്കയ്ക്കും കൊടുക്കാതെ കാത്തുപരിപാലിക്കേണ്ടതും വളർത്തിവലുതാക്കേണ്ടതും കുട്ടികളുടെ കടമയായിരുന്നു. ഒരേ സമയം കുട്ടികളെ ഉത്തരവാദിത്തബോധമുള്ളവരാക്കി മാറ്റാൻ നാട്ടിൻപുറത്തെ വലിയ പഠിപ്പില്ലാത്ത സാധാരണക്കാരികളായ ആ അമ്മമാർക്ക് കഴിഞ്ഞിരുന്നുവെന്നത് നാം ഗൗരവത്തോടെ കാണേണ്ട വിഷയം തന്നെയാണ്. ഭക്ഷണമേശയ്ക്കൽ നിന്ന് ഉച്ചിഷ്ടപാത്രം എടുത്തുകൊണ്ടുപോകാൻ പോലും മക്കളോട് പറയാൻ മടിക്കുന്ന അമ്മമാരുടെ കാലമാണ്. മക്കളെഅലസമായി വളർത്തിക്കൊണ്ടുവരുകയാണ് ഇന്ന് പല അമ്മമാരും. മക്കളുടെ സൈക്കിൾ പഠിത്തം പോലും കുടുംബത്തിന് സഹായകരമായ വിധത്തിലായിരുന്നു ചെയ്തിരുന്നത്. കാരണം കടയിൽ ചെന്ന് മക്കൾ ഓരോ ദിവസവുംസാധനങ്ങൾ വാങ്ങിക്കൊണ്ടുവരുന്നതിന് അത് ഗുണം ചെയ്യുമെന്ന് ആ അമ്മയും അച്ഛനും അറിഞ്ഞിരുന്നു.
കാലഘട്ടത്തിലും മനോഭാവത്തിലും വന്ന മാറ്റങ്ങൾ നമ്മുടെ അവധിക്കാലത്തിന്റെ നിഷ്‌ക്കളങ്കതയും സൗന്ദര്യവും മുഴുവൻ ചോർത്തിക്കളഞ്ഞിട്ടുണ്ട്. പണ്ട് രണ്ടുമാസം അവധിക്കാലം തന്നെയായിരുന്നു. പാഠപുസ്തകങ്ങളോട് രണ്ടുമാസത്തേക്ക് നാം നിത്യമായി യാത്ര പറഞ്ഞിരുന്നു. ഒരു ട്യൂഷനും ഒരു കോഴ്സും നമ്മുടെ ഭാരമായി മാറിയിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയാണോ? അവധിക്കാലത്തു പോലും ഓരോ കോഴ്സുകൾക്ക് പോകാൻ നമ്മുടെ കുട്ടികൾ നിർബന്ധിതരാക്കപ്പെട്ടിരിക്കുന്നു. അവധിക്കാലങ്ങളോട് അവർ അവധി പറഞ്ഞിരിക്കുന്നതുപോലെ… അവർ അവയ്ക്കെല്ലാം അകലെയായിരിക്കുന്നതുപോലെ… ഏതോ ഒരു അന്യഗ്രഹത്തിൽ ഒറ്റയ്ക്ക് കഴിയാൻ വിധിക്കപ്പെട്ടവനെ പോലെ മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടെലിവിഷന്റെയും ഇത്തിരി വെട്ടത്തിലേക്ക് അവരുടെ ലോകം ചുരുങ്ങിയിരിക്കുന്നു മറ്റേതോ ലോകങ്ങൾ അവരുടെ കൈപ്പിടിയിലുണ്ട്. തൊട്ടരികിലുള്ള ലോകം ഇല്ലെങ്കിലും. പൊതുവായ കളിക്കളങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നതും അയൽപക്ക ബന്ധങ്ങൾ കുറവായതും മക്കളെ എല്ലായിടത്തും ഒന്നാമനാക്കാനുള്ള മാതാപിതാക്കളുടെ അതിരുകടന്ന ശ്രമങ്ങളുമെല്ലാം അവധിക്കാലത്തെ ഇല്ലാതാക്കിയതിന് പിന്നിലുണ്ടാകാം. എങ്കിലും കളിപ്പന്തുകളിച്ചിരുന്ന, ആടുമാടുകളെ മേയ്ച്ചു നടന്നിരുന്ന മാവിലെറിഞ്ഞു നടന്നിരുന്ന ആ പഴയഅ വധിക്കാലത്തിലേക്ക് മടങ്ങാൻ, മനസ്സുകൊണ്ടെങ്കിലും അവിടെ ജീവിക്കാൻ കൊതിക്കാത്ത ആരെങ്കിലുമുണ്ടാവുമോ ഇവിടെ?