നന്മയുടെ ചിന്തകളിൽ അഭിരമിക്കാൻ നമ്മുടെ കൗമാരത്തെ പരിശീലിപ്പിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെന്റ്.തോമാസ് കോളേജ്, തൃശ്ശൂർ

മലയാളിയുടെ മദ്യപാനാസക്തിയും കഞ്ചാവുൾപ്പടെയുള്ള മയക്കുമരുന്നുകളോടുള്ള ഭ്രമവും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സാക്ഷരതയിലും സാംസ്കാരിക പൈത്യക ത്തിലും മുൻപന്തിയിലുള്ള നമ്മുടെ സംസ്ഥാനം തന്നെയാണ് ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തിലും ആത്മഹത്യാ നിരക്കിന്റെ കാര്യത്തിലും മുൻപന്തിയിൽ. മദ്യശാലകളും ബാറുകളും തുറക്കുന്നതിനെതിരെ സമരങ്ങൾ നടക്കുന്ന നമ്മുടെ നാട്ടിൽ തന്നെയാണ് പൂട്ടിക്കടന്ന ബാറുകൾ തുറക്കുമ്പോൾ ചെണ്ടമേളത്തോടെയുള്ള ആഹ്ലാദ പ്രകടനങ്ങൾ അരങ്ങേറുന്നതെന്നത് എത്ര വിരോധാഭാസമാണ്. പുകയിലയുൽപ്പന്നങ്ങളുടേയും കഞ്ചാവിന്റെയും ചില്ലറ വിൽപ്പനയും റെയ്ഡും അറസ്റ്റും വാർത്തയായിരുന്നിടത്ത് ഇവയുടെ മൊത്തക്കച്ചവടങ്ങളും ക്വിന്റൽ കണക്കിനുള്ള ഉൽപ്പന്നങ്ങളുടെ റെയ്ഡുമൊക്കെ പതിവു വാർത്തകളായി. ഒരു ശരാശരി മലയാളിയുടെ സുഖ-ദു:ഖങ്ങളിൽ മദ്യ സൽക്കാരം ഒരു ഒഴിവാക്കാനാകാത്ത സാധ്യതയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട് ചുരുക്കി പറഞ്ഞാൽ മദ്യവും പുകയിലയുൽപ്പന്നങ്ങളും ഒരു ശരാശരി മലയാളിയുടെ സംസ്ക്കാരത്തിന്റെ ഭാഗമായി കഴിഞ്ഞെന്നു വാസ്തവം. ഇതിനേക്കാളുപരി റോഡപകടങ്ങളിൽ കേരളം മുമ്പിലാണെന്നതും അപകടം വരുത്തി വെച്ച വാഹനങ്ങളോടിപ്പിച്ചിരുന്നവരിൽ വലിയൊരു ശതമാനം ലഹരിയുപയോഗിച്ചവരാണെന്നുള്ളതും ഈ വസ്തുതയുടെ ഗൗരവം വര്ധിപ്പിക്കുന്നുണ്ട്.

കുട്ടികളുടെയും യുവാക്കളുടെയും ലഹരി ഉപയോഗത്തിൽ ക്രമാതീതമായ വർദ്ധനവ് ഇക്കാലയളവിൽ ഉണ്ടായിട്ടുള്ളത് ശുഭസൂചകമല്ല . പ്രായപൂർത്തിയായവർക്കു മാത്രമെ സിഗററ്റുൾപ്പടെയുള്ള പുകയില ഉല്പന്നങ്ങൾ വിൽക്കാവൂവെന്ന ബോർഡ് വെച്ചിരിക്കുന്ന നാട്ടിലെയും നാഗരാതിർത്തിയിലെയും പെട്ടിക്കടകളിൽ വിൽക്കപെടുന്നവയിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവർക്കെന്നതാണ് യാഥാർഥ്യം. വിദ്യാർത്ഥികൾക്കിടയിലെ ലഹരിയുടെ വിൽപ്പനയെ അതിന്റെ ഉറവിടത്തിൽ തന്നെ തടയുക എന്നതിനൊപ്പം, കുട്ടികളേയും യുവാക്കളേയും വൈകാരികമായി അറിയാനും അവരെ നേർവഴിയിലേയ്ക്ക് കൈപിടിച്ചു നടത്താനും അധ്യാപകരും രക്ഷിതാക്കളുമുൾപ്പെടുന്ന പൊതുസമൂഹത്തിനായില്ലെങ്കിൽ വരും തലമുറയുടെ ക്രിയാത്മകതയും സർഗ്ഗശേഷിയും വിപരീതാനുപാതത്തിലാകുമെന്ന് തീർച്ച.എക്സൈസ് ഡിപ്പാർട്ടുമെന്റിന്റെയും മറ്റു സന്നദ്ധ സംഘടനകളുടേയും സേവനങ്ങൾ ലഭ്യമാണെങ്കിലും പ്രാഥമികമായി ഇവിടെ നമുക്കാവശ്യം അവരുടെ പക്ഷം ചേരുന്ന, അവരെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന വൈകാരികമായ ഇടപെടലുകളാണ്.

I. സാഹചര്യമറിയുക:

ഉപയോഗത്തിലേയ്ക്കു നയിക്കുന്ന ആദ്യത്തെ ഘടകം സാഹചര്യങ്ങൾ തന്നെയാണ്. ഉപയോഗിക്കുന്നവരുടേയും ഉപയോഗിച്ചവരുടേയും വീരവാദങ്ങളും ആകാംക്ഷയും കൂട്ടുകാരുടെ സമ്മർദ്ദവും പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോടലുമൊക്കെ നല്ല വളക്കൂറുള്ള സാഹചര്യങ്ങൾ തന്നെ. വീടുകളിലെ ആഘോഷങ്ങളോടനുബന്ധിച്ചുള്ള മദ്യ സൽക്കാരങ്ങളും കുട്ടികൾക്കിടയിൽ അതിന്റെ ഉപയോഗത്തെ സംബന്ധിച്ചുള്ള ആകാംക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. വാതിലിനു പുറകിൽ കൗതുകത്തോടെ നോക്കിനിൽക്കുന്ന കുട്ടിയുടെ മനസ്സിൽ,അവൻ പോലുമറിയാതെ രൂപപ്പെടുന്ന ലഹരിയോടുള്ള ഒരുതരം താൽപ്പര്യം, അയാളുടെ മുന്നിൽ കുടുംബാംഗങ്ങൾ തുറന്നിടുന്ന വലിയ വാതിലുകൾ തന്നെയാണെന്ന് നാമറിയുന്നില്ല. താൻ വലിയ ആളായെന്ന തോന്നലും,താനറിയുന്ന പലരും കഞ്ചാവുൾപ്പടെയുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന ചിന്തയുംഅതൊക്കെ ഇന്ന് സർവ്വ സാധാരണമാണെന്ന അയാളുടെ സാമാന്യവൽക്കരണവും വഴി മാറി ചിന്തിക്കാനുള്ള പ്രചോദകങ്ങളായി മാറുന്നത് ഇന്നിന്റെ നേർക്കാഴ്ചകളാണ് അനുകരണ ശീലവും പരീക്ഷാ പേടിയുമൊക്കെ സ്വാധീനിക്കുമെങ്കിലും കുടുംബ ബന്ധങ്ങളിലെ തകർച്ചയും ഒരു പരിധി വരെ ഇവയുടെ ഉപയോഗത്തിനു കാരണമായേക്കാവുന്ന ഘടകങ്ങളാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ലഹരി രുചിച്ചു തുടങ്ങുന്നവരിൽ 20% പേര്‍ കാലാന്തരത്തിൽ സ്ഥിരമായി ലഹരി ഉപയോഗിച്ചു തുടങ്ങുമെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. അതായത് കൗതുകത്താലോ നിര്‍ബന്ധത്തിന് വഴങ്ങിയോ ലഹരി രുചിച്ചു നോക്കുന്ന അഞ്ചുപേരിലൊരാൾ പില്‍ക്കാലത്ത് ലഹരിക്കു അടിമപ്പെടും. ലഹരിക്കു അടിമപ്പെടാൻ സാധ്യതയുള്ള അഞ്ചുപേരിലൊരാൾ ആരെന്ന് മുൻകുട്ടി തിരിച്ചറിയാൻ ആകില്ലെന്നതിനാൽ കര്‍ശനമായ അകലം പാലിക്കുയെന്നതല്ലാതെ മറ്റു മാർഗങ്ങളില്ല.

II. സൂചനകൾ:

ശാരീരിക ക്ഷീണം, നിരാശാബോധം, കൃത്യനിഷ്ഠയില്ലാതെ പെരുമാറൽ, കുടുംബാംഗങ്ങളെ അഭിമുഖീകരിക്കാതിരിക്കാതെ മുറിയിൽ കതകടച്ചിരിക്കൽ, വ്യത്യസ്ത ആവശ്യങ്ങളുടെ പേരിൽ വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങൽ, പണത്തിനു വേണ്ടി പുതിയ സാധ്യതകൾ കണ്ടെത്തൽ, പതിവു സുഹൃത്തുക്കളിൽ നിന്നും മാറി പുതിയ സൗഹൃദങ്ങൾ തേടൽ,മണം പുറത്തറിയാതിരിക്കാനുള്ള ചൂയിംഗത്തിന്റേയും മറ്റു അനുബന്ധ വസ്തുക്കളുടേയും അമിതമായ ഉപയോഗം, പഠനത്തിലും അനുബന്ധ കാര്യങ്ങളിലും ശ്രദ്ധയില്ലാതെ അലസരായി തുടരുക തുടങ്ങിയവയൊക്കെ പ്രത്യക്ഷത്തിൽ കാണാവുന്ന ശാരീരിക സൂചനകളാണ്. ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യപ്പെടുക, എന്തിനേയും എതിർക്കുന്ന മനോഭാവം, സംശയാസ്പദ രീതിയിലുള്ള പെരുമാറ്റം, വീട്ടുകാരോടും കുടുംബാംഗങ്ങളോടും അധ്യാപകരോടും മുൻ വൈരാഗ്യമുള്ളതുപോലെയുള്ള സംസാരം ഇവയൊക്കെ മാനസികമായി തന്നെ കാണാവുന്ന സൂചകങ്ങളാണ്. ലഹരി പദാര്‍ത്ഥത്തിന് കീഴടങ്ങിയ കുട്ടികളിൽ സാധാരണ പോലെയുള്ള ഒരു വ്യക്തിത്വവികാസമല്ല ഉണ്ടാകുന്നതെന്നു മാത്രമല്ല; സ്വഭാവവൈകല്യങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. ഇത്തരം മാറ്റത്തിന് കീഴ്പ്പെടുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് അവരുടെ കുട്ടിക്കാലമാണ്. അവരുടെയിടയില്‍ പ്രായത്തിനൊത്ത കുട്ടിത്തവും കളിതമാശകളും ഇല്ലാതാകുന്നു. സ്വന്തം വിഷമങ്ങള്‍ അമ്മയോടുപോലും പറയാനുള്ള സ്വാതന്ത്യമവർക്കു നഷ്ടപ്പെടുന്നു.. ചിലര്‍ ആരോടും കൂട്ടുകൂടാത്തവരായി മാറുന്നു. പഠനം, കളികള്‍, ചങ്ങാത്തം, വിനോദം എന്നിവയിലൊന്നും താല്‍പ്പര്യമില്ലാത്തവരായി മാറുന്നു. ഇത് അവരുടെ ഓർശക്തി, ഗ്രാഹ്യശക്തി എന്നിവയെയും സ്വാഭാവികമായും ബാധിക്കാറുണ്ട്. ലഹരി ഉപയോഗിക്കുന്നവർ പൊതുവിൽ വിഷാദമനസ്ക്കരും കുറ്റവാളികളും സാമൂഹ്യവിരുദ്ധരുമൊക്കെയായി മാറുന്നത് സമൂഹത്തിന് ഇന്നൊരു ശാപമായിത്തീര്‍ന്നിരിക്കുന്നു. കുറ്റകൃത്യങ്ങൾക്കും സദാചാര ലംഘനങ്ങൾക്കും പലപ്പോഴും ലഹരി ഉൾപ്രേരകമായി മാറികൊണ്ടിരിക്കുവെന്നതാണ് വാസ്തവം. ആത്മനിയന്ത്രണം നഷ്ടപ്പെട്ടു, സ്ഥലകാലബോധവും യഥാർഥ്യബോധവും ഇല്ലാതാകുമ്പോൾ കുറ്റവാസന പ്രകടിപ്പിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു. അവർ പോലുമറിയാതെ കുറ്റകൃത്യങ്ങളിൽ ചെന്നുപെടുന്നു.

III. മുൻകരുതലുകൾ:

കുട്ടികളെ സ്നേഹിക്കുന്നതോടൊപ്പം സ്നേഹം അവരെ ബോധ്യപ്പെടുത്തുന്ന രീതിയിൽ സ്നേഹിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുകയെന്നതാണ് ആദ്യ മുൻകരുതൽ. അതിന് മക്കളുമായി സംസാരിക്കാൻ കുടുംബങ്ങളിൽ സാഹചര്യമൊരുക്കേണ്ടതുണ്ട്. സമ്മർദ്ദം ചെലുത്തുന്ന രക്ഷിതാക്കളുടെ പ്രതിനിധികളാകാതെ, അവരെ പ്രോൽസാഹിപ്പിക്കുകയും വീഴ്ചകളിൽ കൈ പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്യുന്ന, നല്ല മാതൃകകൾ നൽകുന്ന മാതാപിതാക്കളാകുക. കുട്ടികൾക്ക് എന്തിനും സർപ്രൈസ് നൽകുന്ന രക്ഷിതാക്കളാകാതെ അവരുടെ ചെലവുകളെ അത്യാവശ്യം, ആവശ്യം അനാവശ്യമെന്ന് വേർതിരിച്ച് ഏറ്റവും അത്യാവശ്യ കാര്യങ്ങൾ മാത്രം നിവൃത്തിക്കുന്ന മാതാപിതാക്കളാക്കുക. മക്കളെ സഹ ഗമിക്കുന്ന, അവരുടെ സുഹൃത്തുക്കളിലെ നെല്ലും പതിരും തിരിച്ചറിയുന്ന, അവരിലെ ആത്മവിശ്വാസം വളർത്തുന്ന, മക്കളോട് വൈകാരികമായി അടുപ്പം പുലർത്തുന്ന രക്ഷിതാക്കളാവുക. മക്കളാൽ നിയന്ത്രിക്കപ്പെടുന്ന മാതാപിതാക്കളാകാതെ, മാതാപിതാക്കളാൽ നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന മക്കളാക്കി ശിക്ഷണത്തിൽ അവരെ വളർത്തുകയെന്നതൊക്കെയാണ് ഇതിനെടുക്കാവുന്ന ജാഗ്രതാ നടപടികൾ

error: Content is protected !!