ചൈനയില്‍ നിന്ന് തുടങ്ങിയ ആ ഭീകരന്റെ ആക്രമണത്തില്‍ ഭയന്നുവിറച്ചുനില്ക്കുകയാണ് ഇപ്പോള്‍ ലോകം. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല കൊറോണ വൈറസ് ബാധയെക്കുറിച്ചാണ്. ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ആ വൈറസ്ബാധ ഇതിനകം ആറുപേരുടെ ജീവനെടുത്തുകഴിഞ്ഞു. ആറ് എന്നത് ഒരു പകര്‍ച്ചവ്യാധിയെ സംബന്ധിച്ച് ചിലപ്പോള്‍ നിസ്സാരമായി തോന്നിയേക്കാമെങ്കിലും കൃത്യമായ മരുന്നുകളും വാക്‌സിനുകളും ലഭിച്ചില്ലെങ്കില്‍ വരും കാലത്ത് വലിയ അപകടകാരിയായേക്കാമെന്ന സ്ഥിതിവിശേഷമാണ് ഇതുണ്ടാക്കിയിരിക്കുന്നതെന്ന ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ അതിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മനുഷ്യരാശിയുടെ മൂന്നിലൊന്നിനെയും സംഹരിക്കാന്‍ ഇതിന് കഴിവുണ്ടെന്നും ലോകാരോഗ്യസംഘടന പറയുന്നു.
കേരളത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് ബാധയ്ക്ക് കാരണമായ വവ്വാലുകള്‍തന്നെയാണ് കൊറോണ വൈറസ് ബാധയ്ക്ക് പിന്നിലെയും വില്ലന്‍. വവ്വാലുകളില്‍ നിന്ന് ഒട്ടകങ്ങളിലേക്കും ഒട്ടകങ്ങളില്‍ നിന്ന് മനുഷ്യനിലേക്കും രോഗം പകരുന്നതായിട്ടാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.ഫ്രാന്‍സ്, ജര്‍മ്മനി, ഈജിപ്ത് എന്നിങ്ങനെ 37 രാജ്യങ്ങളിലാണ് ഈ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 35% മനുഷ്യരുടെയും ജീവനെടുക്കാനും ഈ വൈറസ് ബാധക്ക് കഴിഞ്ഞു. തായ്‌ലന്‌റ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. പുതുതായി രണ്ടായിരത്തോളം ആളുകളില്‍ രോഗബാധ കണ്ടെത്തിയിട്ടുമുണ്ട്. അതില്‍ ആറുപേരാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നത്.
വുഹാനില്‍ വ്യാപകമായ വൈറസ് ബാധ നമ്മള്‍ മലയാളികളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും ചില സംശയങ്ങള്‍ തോന്നിയേക്കാം. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ മലയാളി മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന നഗരമാണ് വുഹാന്‍. മാത്രവുമല്ല ലണ്ടനിലേക്കും പാരീസിലേക്കും റോമിലേക്കുമൊക്കെ വുഹാനില്‍ നിന്ന് നേരിട്ട് വിമാനസര്‍വ്വീസുകളുമുണ്ട്. ഈ സാഹചര്യത്തില്‍ രോഗബാധ വ്യാപിക്കാനുള്ള സാധ്യതകള്‍ നമ്മുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.
പനി, കടുത്ത ചുമ, അസാധാരണ ക്ഷീണം, ശ്വാസതടസം എന്നിവയാണ് രോഗബാധയുടെ പ്രാഥമികലക്ഷണങ്ങള്‍. ന്യൂമോണിയ പോലെ സംശയമുണര്‍ത്തുന്നതുകൊണ്ട് പലപ്പോഴും രോഗം തിരിച്ചറിയാതെ പോകാനുള്ള സാധ്യതയും ഏറെയാണ്. ചൈന ഈ രോഗത്തെ പ്രതിരോധിക്കാന്‍ സുശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അപകട ഭീഷണി വേണ്ടെന്നുമൊക്കെയുള്ള സാന്ത്വനങ്ങള്‍ ഏറെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഭീതി ഒഴിയുന്നില്ല എന്നു തന്നെയാണ് വാസ്തവം. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല എന്നതാണ് ഏറെ ആശ്വാസകരം. എങ്കിലും ആരോഗ്യവകുപ്പ് നല്കുന്ന ചില മുന്നറിയിപ്പുകളെയും സുരക്ഷാനടപടികളെയും കുറിച്ച് നാം ബോധവാന്മാരായിരിക്കുകയും വേണം.
പക്ഷിമൃഗാദികളെ വളര്‍ത്തുന്ന കേന്ദ്രങ്ങള്‍, ആളുകള്‍ സമ്മേളിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ ഒഴിവാക്കുക, ചൈനയിലേക്കുള്ള യാത്രകള്‍ കഴിയുന്നത്ര ഒഴിവാക്കുക എന്നിവയെല്ലാം ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഏതൊരു സാംക്രമികരോഗത്തെയുംവരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നത് ജനങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ലോകത്തെ മുഴുവന്‍ വിറപ്പിച്ച പല രോഗങ്ങളും ഇന്ന് നിയന്ത്രണവിധേയമായിരിക്കുന്നത് അങ്ങനെ തന്നെയാണ്. നാളെ അത് കൊറോണ വൈറസ് ബാധയുടെ കാര്യത്തിലും ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മനുഷ്യന്റെ ഐക്യവും സ്‌നേഹവും സംഘടനാശേഷിയും വെളിച്ചത്തുകൊണ്ടുവരുന്നവയാണ് ഓരോ രോഗകാലങ്ങളും എന്നും മറക്കാതിരിക്കാം.