ഇരുട്ടില്‍ തല കുനിച്ചിരിക്കുന്ന യുവതലമുറ

ഒരു യാത്രയ്ക്കിടയിലായിരുന്നു ആദ്യമായി ആ രംഗം ശ്രദ്ധിച്ചത്, രാത്രിയായിരുന്നു സമയം. അടച്ചിട്ടിരിക്കുന്ന കടകള്‍ക്ക് മുമ്പില്‍ നിരന്നിരിക്കുന്ന
കുറെ ചെറുപ്പക്കാര്‍.. എല്ലാവരും മുഖം കുനിച്ചാണ് ഇരിക്കുന്നത്. മുഖത്ത് ചെറിയ വെട്ടം മിന്നുന്നുമുണ്ട്. ചുറ്റുപാടുകളിലെ ഇരുട്ടിനെയെല്ലാം മറികടക്കുന്നത് മുഖത്ത് ഇടയ്ക്ക് മിന്നിമറയുന്ന ഈ വെളിച്ചം കൊണ്ടാണ്.
ഒന്നൂകൂടി നോക്കിയപ്പോള്‍ മനസ്സിലായി അവരെല്ലാം മൊബൈലിന്റെ  ലോകത്തിലാണ്. ഗെയിം കളിക്കുകയോ ചാറ്റ് ചെയ്യുകയോ അങ്ങനെയെന്തെല്ലാമോ ചെയ്യുകയാണ്. ആരും മറ്റെയാളെ ശ്രദ്ധിക്കുന്നില്ല. തങ്ങളുടേതായ ലോകത്തില്‍.. തങ്ങളുടേതായ സന്തോഷങ്ങളില്‍.

ഇത് ബസിന് വെളിയിലെ കാഴ്ചയാണെങ്കില്‍ അതിനുള്ളിലോ.. അവിടെയും സ്ഥിതി വ്യത്യസ്തമൊന്നുമല്ല, ഭൂരിപക്ഷവും മൊബൈല്‍ ഉപയോഗത്തില്‍ തന്നെയായിരിക്കും. ഫോണ്‍ വിളിയായോ ചാറ്റിംങായോ ഗെയിം കളിക്കലോ വീഡിയോ കാണലോ ഒക്കെയായി.

മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികള്‍ പോലും ഇന്ന് മൊബൈലിന്റെ അടിമകളായിരിക്കുന്നു, എട്ടും പത്തും തിരിച്ചറിയാത്ത എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടികള്‍ പോലും എത്രയോ പെട്ടെന്നാണ് മൊബൈലിന്റെ മാസ്മരികലോകത്തിലേക്ക് കൂപ്പുകൂത്തി വീണിരിക്കുന്നത്.

ഏത് അറിവിനെയും നിശ്ചയിക്കുന്ന വ്യത്യസ്തതയുടെ ലോകമായി  മൊബൈലും ഇന്റര്‍നെറ്റും മാറിയിരിക്കുന്നു എന്നതാണ് വാസ്തവം, ഇതില്‍ ഇല്ലാത്തത് ലോകത്ത് മറ്റൊരിടത്തും കാണുകയില്ല എന്ന മട്ടിലുള്ള പഴയ ചില പരസ്യങ്ങള്‍ പോലെയായികഴിഞ്ഞിരിക്കുന്നു കാര്യങ്ങള്‍. നിങ്ങളുടെ ആഗ്രഹത്തെയും നിങ്ങള്‍ അന്വേഷി്ക്കുന്നതിനെയും എത്രയോ എളുപ്പത്തിലാണ് ഇന്ന് മൊബൈലും ഇന്റര്‍നെറ്റും ചേര്‍ന്ന് സാധ്യമാക്കിത്തരുന്നത്,

ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം നൂറുകോടി കഴിഞ്ഞിരിക്കുന്നുവെന്നാണ് സെല്ലുലര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ ഇന്ത്യയുടെ ഔദ്യോഗിക കണക്ക്. ലോകത്ത് മൊബൈല്‍ ഫോണ്‍ വരിക്കാരുടെ സംഖ്യയില്‍ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കുണ്ട്. ഇതിനെക്കാളെല്ലാം നമ്മെ ഞെട്ടിക്കുന്നത് ഇന്ത്യയിലെ പത്തുകോടിയിലേറെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും സൗകര്യം ലഭിക്കുന്നുണ്ട് എന്നതാണ്, മാത്രവുമല്ല അഞ്ചുവയസിനും പതിനൊന്ന് വയസിനും ഇടയില്‍ പ്രായമുള്ള 6.6 കോടി കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടത്രെ.
വളര്‍ന്നുവരുന്ന തലമുറയെ വളരെ പെട്ടെന്നും എളുപ്പവുമാണ് ഇത്തരത്തിലുളള ആധുനികസാങ്കേതികവിദ്യകള്‍ കീഴടക്കിയിരിക്കുന്നതെന്നാണ് ഇവ വ്യക്തമാക്കുന്നത്. അധികം സാങ്കേതികകാര്യങ്ങളെ കുറിച്ച് അറിവില്ലാത്ത ഒരു സാധാരണ അച്ഛനോ അമ്മയോ ആണ് നിങ്ങളെങ്കില്‍ നിങ്ങളുടെ മൊബൈലിലെ ഏതെങ്കിലും ചില ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുതരുന്നത് സ്‌കൂളില്‍ പഠിക്കുന്ന നിങ്ങളുടെ കൊച്ചുകുട്ടികളായിരിക്കും. പലരുടെയും അനുഭവം ഇതാണെന്നാണ് തോന്നുന്നത്.

ഡൗണ്‍ലോഡും സ്റ്റാറ്റസും അ പ് ലോഡുമൊക്കെ എത്രയോ നിസ്സാരമാണ് അവര്‍ക്ക്. അഞ്ചുവയസുകാരനായ മകന് പോലും പ്ലേ സ്റ്റോറിനെക്കുറിച്ച് അറിവുണ്ട് എന്നത്  ഞെട്ടിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ വച്ചിട്ടുപോകുന്ന മൊബൈല്‍ഉപയോഗിച്ച് അവരതിന്റെ സാധ്യതകള്‍ പരിശോധിക്കുകയും പരീക്ഷിച്ചറിയുകയും ചെയ്യുന്നു. 

ഓരോ പ്രായത്തിനും അനുസരിച്ച് ഓരോരോ കൗതുകങ്ങളാണ് അവരെ നയിക്കുന്നത്. ചെറുപ്രായത്തിലെ മൊബൈലിന്റെ കൗതുകമായിരിക്കില്ല കൗമാരത്തിലെത്തുമ്പോള്‍. കുട്ടികള്‍ക്ക്‌സാങ്കേതികവിദ്യകളില്‍ അഭിരുചിയുളളതും അറിവുളളതും നല്ലതു തന്നെ.പക്ഷേ അവര്‍ എന്താണ് തേടുന്നതെന്നും എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും മാതാപിതാക്കളുടെ നിരീക്ഷണം അത്യാവശ്യമാണ്. പ്രത്യേകിച്ച് സാങ്കേതികപരിജ്ഞാനമില്ലാത്ത മാതാപിതാക്കളെ മക്കള്‍ക്ക് സമര്‍ത്ഥമായി കബളിപ്പിക്കാനും കഴിയും.

അടുത്തയിടെ ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ  ഗ്ലോബല്‍ ടെക് കമ്പനികളുടെ ഒരു യോഗം വിളിച്ചുകൂട്ടിയിരുന്നു. അതില്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ട ഒരുകാര്യം വളരെ പ്രസക്തമായി തോന്നി. വെറുമൊരു സപ്ലൈയറാകാതെ ധാര്‍മ്മികമൂല്യങ്ങള്‍ കൂടി പകരുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രതിബദ്ധത കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

വിദേശരാജ്യങ്ങളിലെ ചില കണക്കുകള്‍ പ്രകാരം പതിനൊന്ന് വയസു മുതല്‍ കുട്ടികള്‍ പോണോഗ്രഫി കണ്ടുതുടങ്ങുന്നു. ചില കണക്കുകള്‍ പ്രകാരം അതില്‍ താഴെ പ്രായത്തിലും. നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ കണ്ണില്‍ പതിയുന്ന കാഴ്ചകള്‍ കുട്ടികളുടെ ബോധതലങ്ങളെയും ധാര്‍മ്മികതയെയും പ്രതികൂലമായി ബാധിക്കാറുണ്ട്. മാത്രവുമല്ല മനുഷ്യക്കടത്ത്. ഭീകരപ്രവര്‍ത്തനം. മതവിദ്വേഷം എന്നിങ്ങനെയുള്ള  പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികള്‍ ദുരുപയോഗിക്കപ്പെടുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതും സോഷ്യല്‍ മീഡിയാ വഴിയാണെന്നതും പല വസ്തുതകളും പറഞ്ഞുതരുന്നു.

ത്യാജ്യഗ്രാഹ്യവിവേചനത്തോടെ മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‌കേണ്ടത് വീട്ടില്‍ നിന്ന് തന്നെയാകണം. എല്ലാത്തിനും യൂട്യൂബിനെ ആശ്രയിക്കാതെ ചിലതൊക്കെ സ്വന്തമായി ആലോചിച്ചു ചെയ്യാനും കണ്ടെത്താനും മക്കളെ പഠിപ്പിക്കുകയും വേണം.

കുട്ടികള്‍ നല്ലരീതിയില്‍ ആധുനികസാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ അവിടെ വിജയവും അതില്ലാതെ വരുമ്പോള്‍ പരാജയവുമാണ് സംഭവിക്കുന്നത്, സ്‌ക്രീനില്‍ ഒതുക്കിനിര്‍ത്തരുത് ജീവിതമെന്നാണ് നാം മക്കള്‍ക്ക് കൊടുക്കേണ്ട സന്ദേശം.

error: Content is protected !!