സ്വപ്നം പോലും ഇതുപോലെയാവില്ല. അല്ലെങ്കിൽ ഇത് സ്വപ്നത്തെക്കാൾ വലുതാണ്. ഒന്നുമല്ലാതിരുന്ന ഒരു അവസ്ഥയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസ്ഥയിലേക്ക് പെട്ടെന്നൊരു നിമിഷം കൊണ്ട് ഉയരുക. ഇന്നലെവരെ സകലരാലും അവഗണിക്കപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തിരുന്ന ഒരാൾ ഇന്ന് സകലരുടെയും ആരാധനാപാത്രമാകുക. റാണു മണ്ഡൽ എന്ന തെരുവുഗായികയുടെ ജീവിതപരിണാമത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇതുവരെ എത്രയോ പാട്ടുകൾ ആ തെരുവുഗായിക പാടിയിരിക്കുന്നു. പക്ഷേ അന്ന് പാടിയ പാട്ട് അവരുടെ ജീവിതത്തെ ഒരുസിനിമാക്കഥയിലേതിനെക്കാൾ അമ്പരപ്പിക്കുന്ന അവസ്ഥയിലേക്ക് മാറ്റിമറിച്ചു. കൃത്യമായി പറഞ്ഞാൽ 2019 ജൂലൈ 21 ന് പാടിയ ആ ഗാനം.
വാനമ്പാടിയായ ലതാ മങ്കേഷ്ക്കറുടെ ഏക് പ്യാർ ക നഗ്മാ ഹേ എന്ന ഗാനമായിരുന്നു അന്ന് റാണു മണ്ഡൽ പാടിയത്. പലരും അവരവരുടെ അപ്പോഴത്തെ മാനസികാവസ്ഥകളിൽ ആ ഗാനം ആസ്വദിക്കുകയോ അവഗണിക്കുകയോ ചെയ്തു. പലരും ചിലപ്പോൾ വേണ്ടത്ര ഗൗരവം കൊടുത്തുകാണില്ല. എത്രയോ വട്ടം കേട്ടതായിരിക്കാം അവരിൽ ചിലർ ഇൗ പാട്ട്. അല്ലെങ്കിൽ ഒരു തെരുവുഗായികയുടെ പാട്ടിന് എന്തിനാണ് ഇത്ര ഗൗരവം കല്പിക്കുന്നതെന്ന അലസമനോഭാവമായിരിക്കാം വേറെ ചിലർക്ക്. എന്നാൽ അതീന്ദ്ര ചക്രവർത്തി എന്ന സോഫ്റ്റ് വെയർ എൻജിനീയർ അങ്ങനെയായിരുന്നില്ല. ആ സ്വരമാധുരി അദ്ദേഹത്തെ ആകർഷിച്ചു.
കുപ്പത്തൊട്ടിയിലെ ഇൗ മാണിക്യത്തെ പുറം ലോകം അറിയേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം റാണുവിന്റെ പാട്ടിനെ വീഡിയോയിൽ പകർത്തി. എന്തിനും ആളുകൾ കൂടുതലായി ഇന്ന് ആശ്രയിക്കുന്ന സോഷ്യൽമീഡിയ റാണുവിനെയും അവരുടെ ഗാനത്തെയും ഏറ്റെടുത്തു. വൈറലായ ആ ഗാനത്തിന്റെ അലയൊലികൾ ബോളിവുഡിലും എത്തി. പിന്നെ നടന്നത് ചരിത്രം. റാണു റിയാലിറ്റി ഷോകളിലെ അതിഥിയായി. ബോളിവുഡ് സിനിമയിലെ പിന്നണിഗായികയായി. രണ്ടുമാസം കൊണ്ട് റാണുവിന്റെ ജീവിതം തലകീഴായി മറിഞ്ഞു. ഇന്ന് തിരക്കിന്റെ ലോകത്താണ് റാണു.
ഇന്നലെ വരെ തള്ളിക്കളഞ്ഞവർ ഒാടിയെത്തിയപ്പോൾ അവർ സനാഥയായി..59 വർഷത്തെ ജീവിതത്തിന്റെ മുഴുവൻ കയ്പും ചവർപ്പും മധുരിക്കുന്ന അവസ്ഥയിലേക്ക് മാറിയതിന്റെ അമ്പരപ്പ് ഇപ്പോഴും റാണുവിന് വിട്ടുപോയിട്ടില്ല. ഇത് സ്വപ്നമാണോയെന്ന സംശയം അവരെ ഇപ്പോഴും വിട്ടുപോയിട്ടില്ല. അതെ ഇത് തീർച്ചയായും സ്വപ്നമല്ല, സ്വപ്നത്തെക്കാൾ വലിയ എന്തോ ഒന്ന്. അതിന്റെ പേര് ഇനിയും കണ്ടെത്താൻ ഇരിക്കുന്നതേയുള്ളൂ.
എന്താണ് റാണുവിന്റെ ജീവിതം നമ്മോട് പറയുന്നത്? കഴിവുകൾ ഉള്ളവരെ എപ്പോൾ വേണമെങ്കിലും അവസരങ്ങൾ തേടിവരാം. അതിന് ഇപ്പോൾ നിങ്ങളായിരിക്കുന്ന അവസ്ഥയോ സാഹചര്യമോ പ്രശ്നമല്ല. നിങ്ങളുടെ പ്രായമോ കുറവുകളോ തടസ്സമല്ല നിങ്ങളുടെ ഭൂതകാലവും പ്രശ്നമല്ല. അവസരം തേടിവരുന്നതിനെ ഭാഗ്യമെന്നോ ദൈവാനുഗ്രഹമെന്നോ എന്തുവേണമെങ്കിലും വിശേഷിപ്പിക്കാം. പക്ഷേ ഒന്നുറപ്പാണ്, ദൈവം നിങ്ങളുടെ തലയിൽ ഒരു വര വരച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കുക തന്നെ ചെയ്യും. ഇന്നല്ലെങ്കിൽ നാളെ.