നമ്മുടെ വീട്ടമ്മമാര്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ് എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍  പലര്‍ക്കും മടിയായിരിക്കും. പക്ഷേ സംഭവം സത്യം എന്ന് തെളിവുകള്‍ പറയുമ്പോള്‍ ദീര്‍ഘനിശ്വാസത്തോടെ നാം ചോദിച്ചുപോകും നമ്മുടെ സ്ത്രീകള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന്. അതുപോലെ തന്നെ കേരളത്തില്‍ ഓരോ വര്‍ഷവും നൂറുകണക്കിന് വീട്ടമ്മമാരെ കാണാതെ പോകുന്നതായും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.

ഈ ആത്മഹത്യയും ഒളിച്ചോട്ടവും നമ്മോട് പറയുന്നത് എന്താണ്? തകര്‍ന്നുകൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങളും സ്‌നേഹം തേടി പോകുന്ന സ്ത്രീമനസ്സിന്റെ വിഹ്വലതകളും.

പണ്ടുകാലത്തേതില്‍ നിന്ന് വിഭിന്നയാണ് പുതിയ നൂറ്റാണ്ടിലെ സ്ത്രീ. അവള്‍ വീട്ടിനുള്ളില്‍ ഒതുങ്ങിനില്ക്കുന്നവളോ പുരുഷന്‍ എന്ന കേന്ദ്രാധികാരത്തിന്റെ ശീലങ്ങള്‍്ക്ക് മുമ്പില്‍ തലകുനിച്ചു നില്ക്കുന്നവളോ അല്ല. ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളും സ്വന്തം കാലില്‍ നില്ക്കാനുള്ള പ്രാപ്തിയും ചേര്‍ന്ന് പുതിയ കാലത്തെ സ്ത്രീകളെ വലിയ തോതില്‍ മാറ്റിമറിച്ചിട്ടുണ്ട്. അവള്‍ക്ക് സ്വന്തമായ ഇഷ്ടങ്ങളും അഭിപ്രായങ്ങളുമുണ്ട്. ആര്‍ക്കു വേണ്ടിയും ത്യാഗം സഹിച്ച് ജീവിക്കാനുള്ളതല്ല തന്‌റെ ജീവിതമെന്ന് അവള്‍ അവളോടുതന്നെ പറയുന്നു. പുരുഷന്റെ ആട്ടും തുപ്പും ഏറ്റു കഴിയാന്‍ തനിക്ക് മനസ്സില്ല എന്ന് അവള്‍ തുറന്നുപറയുന്നുമുണ്ട്.

സ്ത്രീയുടെ ഈ മാറുന്ന മുഖവും ആത്മാഭിമാനവും ഏറെ പ്രശംസിക്കപ്പെടേണ്ടതുതന്നെ. എന്നാല്‍ ഒരു വശത്ത് ഇതെല്ലാം ചേര്‍ന്ന് അവളെ കൊണ്ടുചെന്നെത്തിക്കുന്നത് വിവാഹേതര ബന്ധങ്ങളിലും പരപുരുഷന്മാരിലുമാണ് എന്ന നടുക്കുന്ന സത്യവും മറന്നുപോകരുത്. അടുത്തയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു പീഡനക്കേസില്‍ കുടുങ്ങിയ വ്യക്തി  തന്റെ വരുതിയില്‍ നിലനിര്‍ത്തിക്കൊണ്ടുപോന്നത് അമ്പതിലധികം സ്ത്രീകളെയായിരുന്നുവത്രെ. അവരെല്ലാം വിവാഹിതകളുമായിരുന്നു. ഭര്‍ത്താവുമായി മാനസികമായോ ശാരീരികമായോ അകന്നുജീവിച്ച ആ സ്ത്രീകള്‍ ഒരു മി്‌സ്ഡ് കോളിലും ചാറ്റിങ്ങിലും വാട്‌സാപ്പിലും കണ്ടെത്തിയത്് പുതിയ ജീവിതത്തിന്റെസന്തോഷങ്ങള്‍ തന്നെയായിരുന്നു. പക്ഷേ തങ്ങള്‍ അകപ്പെട്ടത് ഒരു കുരുക്കിലാണെന്ന കാര്യം അവര്‍ ഓര്‍ത്തതേയില്ല.

 ഇന്ന് അവിവാഹിതകളെക്കാളും ചെറുപ്പക്കാരികളെക്കാളും പരപുരുഷന്മാര്‍ വിരിക്കുന്ന വലയില്‍ വീണുപോകുന്നത് ഭര്‍ത്തൃമതികളായ സ്ത്രീകളാണ്. മധ്യവയ്‌സ്‌ക്കകള്‍ പോലും ഇതില്‍ നിന്നൊഴിവാക്കപ്പെടുന്നില്ല എന്നതാണ് ഏറെ ഖേദകരം. സ്വന്തം ദാമ്പത്യത്തില്‍ നിന്ന് കിട്ടാതെ പോകുന്നത് പുറമേയ്ക്ക് അന്വേഷിക്കുന്ന അന്വേഷകരാകുന്നു അവര്‍. ഒരു കാര്യംപറയട്ടെ, സ്വന്തം കുടുംബത്തില്‍ കിട്ടാതെ പോകുന്നതിനെ് പുറമെ അന്വേഷിച്ചുപോകുമ്പോള്‍ ചെന്നുചാടുന്നത് അഗാധമായഗര്‍ത്തങ്ങളിലാണ്.  പ്രായപൂര്‍ത്തിയായ മക്കളുള്ള ഒരു സ്ത്രീ തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു യുവാവുമായി ഒളിച്ചോടിയത് കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നായിരുന്നു. ബന്ധങ്ങളെയും രക്തബന്ധങ്ങളെയും മറന്നുകൊണ്ട് ഇങ്ങനെ പോകാന്‍ മാത്രം ഇത്തരം സ്ത്രീകളെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും? സ്ഥിരതയില്ലാത്ത സ്‌നേഹത്തിലേക്കും സുരക്ഷിതമല്ലാത്ത ജീവിതത്തിലേക്കുമാണ് തീയുടെ നേര്‍്ക്ക് ഈയാംപാറ്റകളെന്ന പോല്‍ ചെന്നുചാടുന്നതെന്ന് ഇവര്‍ അറിയാതെ പോകുന്നത് എന്തുകൊണ്ടാണ്?

വിവേകമുള്ളവര്‍ മറ്റുള്ളവരുടെ ജീവിതങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുന്നവരാണ്. പക്ഷേ മറ്റ് പല പാഠങ്ങളും ഉദാഹരണങ്ങളും ഉണ്ടായിരുന്നിട്ടും പാഠം പഠിക്കാതെ അപകടത്തില്‍ ചെന്നുചാടുന്ന സ്ത്രീകളുടെ എണ്ണം പെരുകിക്കൊണ്ടേയിരിക്കുന്നു. വഴിവിട്ട ബന്ധങ്ങള്‍ ഒളിച്ചോട്ടത്തിലേക്കും പാളിപ്പോയ ഒളിച്ചോട്ടത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ ആത്മഹത്യയിലേക്കും അവര്‍ പോകുന്നതാവാം എന്ന് അനുമാനിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. മുലപ്പാലിന്റെ മണം മാറിയിട്ടില്ലാത്തകുഞ്ഞിനെ പോലും പെരുവഴിയില്‍ ഇറക്കിവിട്ടിട്ട് കാമുകനൊപ്പം ഇറങ്ങിപ്പോയ അമ്മമാരുള്ള കാലത്താണ് നാം ജീവിക്കുന്നതെന്നും മറക്കരുത്. ആധുനിക സാങ്കേതിക മാധ്യമങ്ങളും ദൃശ്യസംസ്‌കാരങ്ങളും  സ്ത്രീകളെ വിപരീതമായി ബാധിച്ചിരിക്കുന്നതിന്റെ ഫലമാണ് ഇവയെന്ന് കുറ്റം വിധിച്ച് മാറിനില്ക്കാന്‍ നമുക്ക് കഴിയില്ല. മാധ്യമങ്ങളെ എങ്ങനെ സ്വീകരിക്കണമെന്നും എങ്ങനെ ഉപയോഗിക്കണമെന്നതും ഓരോരുത്തരുടെയും വിവേകവും ധാര്‍മ്മികതയുമാണ് വ്യക്തമാക്കുന്നത്. അതുകൊണ്ട് ഒരു മിസ്ഡ് കോളിലും ചാറ്റിംങിലും കുടുങ്ങി ഒരു സ്ത്രീയും തന്റെ ജീവിതം വലിച്ചുടയ്ക്കരുത്.

കുടുംബം എന്ന വ്യവസ്ഥയിലേക്ക് സ്ത്രീകളെ നിസ്സാരകളായി പരിമിതപ്പെടുത്തുകയാണെന്ന് കരുതരുത് പക്ഷേ നമ്മുടെ സംസ്്കാരവും സദാചാരവും സനാതനമൂല്യങ്ങളും പറഞ്ഞുതന്നിരിക്കുന്നത് കുടുംബമാണ് പ്രധാനപ്പെട്ടത് എന്നു തന്നെയാണ്. ആ കുടുംബത്തെ വിസ്മരിച്ചും അവഗണിച്ചും ചില മൃഗതൃഷ്ണകള്‍ക്ക് പുറകെ ചാടിപ്പുറപ്പെടുമ്പോള്‍ വില കൊടുക്കേണ്ടിവരും. വലിയവില.

error: Content is protected !!