വിഷാദത്തെ മറികടക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്ന് ശാരീരികാഭ്യാസങ്ങളാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ വിഷാദത്തെ ചികിത്സിക്കുന്നതിന് പൊതുവെ ഈ രീതിയാണ് ഉപയോഗിക്കുന്നത്. അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് സൈക്യാട്രിയിലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ എക്‌സൈര്‍സൈസ് ചെയ്യുന്നത് വിഷാദത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായകരമാകും. 266,939 പേരെ 49ല്‍ പരം വിവിധതരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എല്ലാ ദിവസവും ഏറെ സമയം എക്‌സൈര്‍സൈസ് ചെയ്യാന്‍ സമയം കണ്ടെത്താത്തവര്‍ക്കു പോലും ആഴ്ചയില്‍ 150 മിനിറ്റെങ്കിലും ഇതിന് വേണ്ടി നീക്കിവയ്ക്കാന്‍ കഴിയുമെങ്കില്‍ അവര്‍ക്ക് വിഷാദത്തെ മറികടക്കാന്‍ സാധിക്കും. കുട്ടികളെ വ്യായാമം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പഠനം പറയുന്നുണ്ട്. ചെറുപ്പം മുതല്‍ കുട്ടികളെ വ്യായാമം പരിശീലിപ്പിക്കുന്നത് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിഷാദത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്തുമത്രെ.
2017 ല്‍ നോര്‍വേയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായത് വിഷാദത്തിന് അടിപ്പെട്ട 44% ആളുകളും വ്യായാമം ചെയ്യാത്തവരാണ് എന്നാണ്. മാനസികാസ്വാസ്ഥ്യങ്ങളില്‍ നിന്ന് ഒരുപരിധിവരെ അകന്നുനില്ക്കാന്‍ വ്യായാമം സഹായകരമാകുമെന്നാണ് ഈ പഠനങ്ങളെല്ലാം പറയുന്നത്. കറുത്ത നായ് എന്നാണ് വിഷാദത്തെ ആലങ്കാരികമായി വിശേഷിപ്പിക്കുന്നത്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു വിശേഷണം രൂപപ്പെട്ടത്.
ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതിനായി നീക്കിവയ്ക്കുന്നവര്‍ വിഷാദത്തെ പടിക്കുപുറത്താക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ചെറുപ്രായം മുതല്‍ കുട്ടികളെ വ്യായാമം പരിശീലിപ്പിക്കണം. മുതിര്‍ന്നവരും അതിനായി സമയം കണ്ടെത്തണം.