ഇന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ് ഓട്ടിസം. ശാപമായും മാതാപിതാക്കളുടെ പാപഫലമായുമൊക്കെ സങ്കുചിതവും ക്രൂരവുമായി ചിലരാൽ വിലയിരുത്തപ്പെട്ടതാണ് ഓട്ടിസത്തെ ഇത്രയേറെ ചർച്ചയിലേക്കും വിവാദങ്ങളിലേക്കും തള്ളിയിട്ടത്. ഈ സാഹചര്യത്തിൽ ഓട്ടിസത്തെക്കുറിച്ചുള്ള പ്രാഥമികമായ ചില വിവരങ്ങൾ നല്കുക മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. കുട്ടികളുടെ ആശയവിനിമയ ശേഷി, സഹവർത്തിത്വശേഷി എന്നിവയെയാണ് ഈ അവസ്ഥ കൂടുതലായി ബാധിക്കുന്നത്. മാനസിക വൈകല്യം എന്നതിനെക്കാൾ മാനസികാവസ്ഥയായിട്ടാണ് ഇന്ന് ഓട്ടിസത്തെ മനശ്ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ആയിരത്തിൽ രണ്ടുപേർക്കെങ്കിലും ഓട്ടിസം എന്നതാണ് ഏറ്റവും പുതിയ കണക്കുകൾ.
ഒന്നും ചെയ്യാൻ കഴിവില്ലാത്തവരോ മറ്റുള്ളവർക്ക് ബാധ്യതകളായി മാറുന്നവരോ ആണ് ഓട്ടിസമുള്ളവർ എന്ന് കരുതുകയും വേണ്ട. വ്യക്തിഭേദം അനുസരിച്ച് ഇത് ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലരിൽ ഓട്ടിസം കാണുന്നത് പഠനവൈകല്യമായിട്ടും സംസാരശേഷി കുറഞ്ഞുമായിരിക്കും. എന്നാൽ ഉയർന്ന തലത്തിൽ ചിന്തിക്കാൻ കഴിയുന്നവരും സ്വന്തമായി കാര്യങ്ങൾ നോക്കിനടത്താൻ പ്രാപ്തിയുള്ളവരും സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്നവരുമായിട്ടുള്ളതുമായ അവസ്ഥയും ഓട്ടിസത്തിൽ കാണാൻ കഴിയും. ചാൾസ് ഡാർവിൻ ഓട്ടിസമുള്ള വ്യക്തിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതുപോലെ പല സംഗീതപ്രതിഭകളും ഓട്ടിസ്റ്റിക്കായിരുന്നു.
ശാസ്ത്രം ഇത്രയേറെ വികസിച്ചിട്ടും എന്താണ് ഓട്ടിസത്തിന് പിന്നിലെ കാരണം എന്ന് ഏകാഭിപ്രായം രൂപപ്പെട്ടിട്ടില്ല. എങ്കിലും ജനിതകകാരണങ്ങളാലാണ് ഓട്ടിസം ഉണ്ടാകുന്നതെന്നാണ് വിദഗ്ദാഭിപ്രായം. ചിലയിനം ഔഷധങ്ങളുടെ ഉപയോഗം, മെർക്കുറി പോലെയുള്ള ലോഹങ്ങൾ, ചില വാക്സിനുകൾ, ചില ആഹാരവസ്തുക്കൾ എന്നിവയെല്ലാം ഓട്ടിസത്തിന് കാരണമായേക്കാം എന്നും പറയപ്പെടുന്നു. ഗർഭകാലത്ത് പല്ലിന്റെ ദ്വാരം അടയ്ക്കാൻ മെർക്കുറി കലർന്ന മിശ്രിതം ഉപയോഗിക്കുന്നത് ഗർഭസ്ഥശിശുവിന് ഓട്ടിസം ഉണ്ടാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ഗർഭിണികളുടെ പുകവലിയും കുഞ്ഞിന് ഓട്ടിസമുണ്ടാക്കിയേക്കാം.
ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ പെരുമാറ്റ രീതികൾ നിരീക്ഷിച്ചാൽ അവരിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ കഴിയും. ചിലകുട്ടികളിൽ 15 മുതൽ 18 മാസം വരെ ഒരു കുഴപ്പവുമില്ലാതിരിക്കുകയും പിന്നീട് വളർച്ചയുടെ പുരോഗതി തടസ്സപ്പെടുകയും ചെയ്യുന്നു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മാതാപിതാക്കളോടോ ബന്ധുക്കളോടോ വൈകാരികമായ അടുപ്പമൊന്നും കാണുകയില്ല. അതുപോലെ അവരെ പിരിഞ്ഞിരിക്കുന്നതിൽ അവർക്ക് ബുദ്ധിമുട്ടും തോന്നുകയില്ല.
സംസാരവൈകല്യം ഓട്ടിസത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. ഓട്ടിസത്തിന് ഫലപ്രദമായ ചികിത്സ നിലവിലില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഓട്ടിസത്തിന്റെ അനുബന്ധ പ്രശ്നങ്ങളായ അക്രമവാസന, അമിതബഹളം, ഉറക്കപ്രശ്നങ്ങൾ, അപസ്മാരം എന്നിവ മരുന്ന് ഉപയോഗത്തിലൂടെ നിയന്ത്രിക്കാൻ കഴിയും. കുട്ടികളിലെ ഓട്ടിസം വളരെ നേരത്തെ തന്നെ കൃത്യതയോടെ കണ്ടെത്തുന്നതിന് പുതിയ സാങ്കേതിക വിദ്യ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്.
കടപ്പാട്: ഇന്റർനെറ്റ്