സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കുടുംബം. നല്ല ബന്ധങ്ങളാണ് കുടുംബത്തിന്റെ അടിസ്ഥാനം. ബന്ധങ്ങളുടെ ഊടുംപാവും കുടുംബത്തെ സുന്ദരമായ ആരാമമാക്കുന്നു. ഷൗക്കത്തിന്റെ കൂട്ടും കൂടും എന്ന പുസ്തകം കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ചിന്തകൾ നിറഞ്ഞതാണ്. ചാവറയച്ചന്റെ ഒരു നല്ല അപ്പന്റെ ചാവരുൾ എന്ന കത്തിന് ആസ്വാദനമെന്ന നിലയിലാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.
സമൂഹം, കുടുംബം മക്കൾ എന്നീ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉൾക്കാഴ്ചകൾ ഈ പുസ്തകത്തിൽ നിറയുന്നു. ജീവിതം അപൂർവ്വമായ ഒരവസരമാണ്. ഒരു സാധ്യതയാണ് ശരീരവും മനസ്സും ബുദ്ധിയും ആത്മാവും ദൈവപ്രകാശത്തിൽ ആശ്രയിച്ചു മുന്നോട്ടൊഴുകിയാൽ അനുഭവിക്കാനാകുന്ന മഹിമ അത്രത്തോളം അനുഗ്രഹീതമാണ്. ആ മഹത്വമനുഭവിക്കാതെ മരിച്ചു പോകുകയെന്നത് അത്യന്തം സങ്കടകരമാണ്. കൃതജ്ഞതയും വിനയവും ആരാധനയും ആദരവും നിറഞ്ഞ ഹൃദയത്തോടെ മുന്നോട്ടൊഴുകാൻ നാം തയ്യാറാകുകയാണെങ്കിൽ ആശ്വാസവും സമാധാനവും നിറഞ്ഞ ഒരു ജീവിതം തന്നെയാണ് നമുക്ക് മുന്നിലുള്ളത്. അതിന് നാം തയ്യാറാകണമെന്ന് മാത്രം. ഒരു അഴിച്ചുപണിക്ക് നാം നമ്മെ വിട്ടുകൊടുക്കണം എന്ന് മാത്രം… ഷൗക്കത്ത് കുറിക്കുന്നു.
കൂടും കൂട്ടും
ഷൗക്കത്ത്
നിത്യാഞ്ജലി 260 രൂപ