നൊന്തുപെറ്റ അമ്മേ നീയും…

Date:

spot_img

അമ്മമാരുടെ കൊടുംക്രൂരതകളുടെ വര്‍ത്തമാനകാല സാക്ഷ്യങ്ങളിലേക്ക് വീണ്ടുമിതാ കണ്ണ് നനയക്കുകയും നെഞ്ച് കലക്കുകയും ചെയ്യുന്ന മറ്റൊരു വാര്‍ത്ത കൂടി. കുമളിയില്‍ന ിന്നാണ് ആ വാര്‍ത്ത. 

അമ്മയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും രണ്ടാനച്ഛനും കൂടി അഞ്ചുവയസുകാരന്റെ കഴുത്തറുത്തുകൊന്നപ്പോള്‍ ആരും അവിടേയ്ക്ക് വരുന്നില്ലെന്ന് ഉറപ്പുവരുത്തി കാവല്‍ നിന്നിരുന്നത് പെറ്റമ്മ. മനുഷ്യമനസാക്ഷിയെ നടുക്കിയ കൊടും ക്രൂരത. അമ്മയുടെ മഹത്വത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും മഹാകാവ്യങ്ങളും പ്രബന്ധങ്ങളും എഴുതുമ്പോള്‍ പുതിയ കാലത്തെ ഇതുപോലെയുള്ള അമ്മമാരുടെ കൊടുംക്രൂരതകളെയാണ് നാം  വിസ്മരിച്ചുകളയുന്നത്. അല്ലെങ്കില്‍ ഇത്തരം അമ്മാരെക്കൂടിയാണ് നാം ന്യായീകരിക്കുന്നത്, അറിഞ്ഞോ അറിയാതെയോ. 

ഇതിനു മുമ്പും മക്കളെ അമ്മമാര്‍ കൊന്നിട്ടുണ്ട്. സമ്മതിക്കുന്നു. പക്ഷേ അത് ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നട്ടുച്ചവെയിലില്‍ ഗതികേടുകൊണ്ടും താന്‍ മരിക്കുന്നതിന് മുമ്പ് മക്കളെ ഒറ്റയ്ക്കാക്കിപോകണ്ടായെന്ന സ്വാര്‍ത്ഥത കൊണ്ടുമായിരുന്നു.അത്തരം വാര്‍ത്തകളൊക്കെ കേള്‍ക്കുമ്പോള്‍ ആ അമ്മയെയോര്‍ത്തും നമ്മുടെ നെഞ്ച് കീറിയിട്ടുണ്ടായിരുന്നു. പക്ഷേ ഇന്ന് ഭൂരിപക്ഷം അമ്മമാരും മക്കളെ കൊന്നുതള്ളുന്നത് മറ്റൊന്നിന്റെയും പേരിലല്ല തങ്ങളുടെ സൈ്വര്യജീവിതത്തിന് മക്കള്‍ ശല്യമാകുന്നുവെന്നതിന്റെ പേരിലായിരുന്നു. ശരീരത്തിന്റെയും കാമത്തിന്റെയും ദാഹത്തിന്റെ പേരിലായിരുന്നു. പുരുഷന്റെ ഉടലിനോടുള്ള സ്ത്രീയുടെ ദാഹത്തിന്റെ പേരിലായിരുന്നു. 

അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ തൊടുപുഴയിലെ ആ ഏഴുവയസുകാരനെപോലെയുള്ള റിപ്പോര്‍ട്ട് ചെയ്തതും ചെയ്യപ്പെടാത്തതുമായ എത്രയോ സംഭവങ്ങള്‍ വ്യക്തമാക്കുന്നത് അമ്മമാര്‍ അതിനൊക്കെ നിശ്ശബ്ദം അനുവാദം നല്കിയിരുന്നു എന്നുതന്നെയാണ്. അതായത് തന്നെ തൃപ്തിപ്പെടുത്തുന്ന പുരുഷന്റെ ശരികളോടു മാത്രമല്ല നൊന്തുപ്രസവിച്ച മക്കളോട് അയാള്‍ കാണിക്കുന്ന ക്രൂരതകളോടും അവര്‍ അനുഭാവം പുലര്‍ത്തി എന്നു തന്നെ. ബന്ധുവീടുകളിലും അനാഥാലയങ്ങളിലും തങ്ങള്‍ക്ക് ബാധ്യതകളായ മക്കളെ നോക്കാനേല്പിച്ച് സൈ്വര്യവിഹാരം നടത്തുന്ന, നടത്തിയിരുന്നഎത്രയോ അമ്മമാരുണ്ട്, അതൊന്നും ജീവിതത്തിന്റെ സംഘര്‍ഷങ്ങളുടെ പേരിലോ സാഹചര്യങ്ങളുടെ പേരിലോ മാത്രമായിരിക്കണമെന്നില്ല മറിച്ച് തന്റെ സ്വാതന്ത്ര്യത്തിനും സന്തോഷങ്ങള്‍ക്കും മക്കള്‍ വിലങ്ങുതടിയാകുന്നതുകൊണ്ടുതന്നെയായിരുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ തന്റെ സന്തോഷങ്ങള്‍ക്ക് വേണ്ടി. 

എന്നിട്ടും അവരാരും തങ്ങള്‍ക്ക് ശല്യമായ മക്കളെ കൊന്നൊടുക്കിയിരുന്നില്ല. ഇന്നും ആ അമ്മമാരും മക്കളും എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നുണ്ട്. ആ അമ്മമാരുടെ പോലും വകതിരിവോ വിവേകമോ പുതിയകാലത്തെ അമ്മമാര്‍ക്ക് ഇല്ലാതെ പോകുന്നു.
തങ്ങള്‍ക്ക് വേണ്ടാത്ത മക്കളെ രണ്ടുകൈയും നീട്ടി സ്വീകരിക്കാന്‍ ഈ കൊച്ചുനാട്ടില്‍ തന്നെ എത്രയോഅനാഥാലയങ്ങളുണ്ട്. എന്നിട്ടും ഉ്ന്മൂലനം ചെയ്യല്‍ മാത്രമാണ് പരിഹാരമെന്ന് കരുതുന്നതിനെ എന്താണ് വിളിക്കുക? പെട്ടെന്നുള്ള ദേഷ്യത്തിനോകയ്യബദ്ധത്താലോ സംഭവിക്കുന്ന കൊലപാതകങ്ങളെ പിന്നെയും ന്യായീകരിക്കാമെങ്കിലും സംഘം ചേര്‍ന്നും പ്ലാന്‍ ചെയ്തും സ്വന്തം കുഞ്ഞിനെ കൊന്നുകളയുന്ന കൊടുംക്രൂരയായ അമ്മേ നിനക്ക് മാപ്പില്ല, കാമുകന്റെ കരലാളനകളെക്കാള്‍ പെറ്റകുഞ്ഞിന്റെ അമ്മേ വിളിക്ക് കാതുകൊടുക്കാന്‍ കഴിയാതെ പോയ നിന്റെ മനസ്സിലെ ക്രൂരതയുടെ കൊടുംകാടുകള്‍ ആര്‍ക്ക് കണ്ടെത്താന്‍ കഴിയും?തലയ്ക്കടിച്ചും കഴുത്തറുത്തും കൊന്നപ്പോള്‍ ആ കുഞ്ഞുമകന്‍ ഉറക്കെ നിലവിളിച്ചതും അമ്മേ എന്നായിരുന്നില്ലേ.? അരും കൊലയ്ക്ക് കാവല്‍ നില്ക്കുമ്പോല്‍ ആ വിളി കേട്ടിട്ടും നിന്റെ മനസ്സ് ഉരുകിയില്ലെങ്കില്‍ ശരിയാണ് നീയൊന്നും മനുഷ്യന്‍ എന്നുളള വിശേഷണത്തിന് പോലും അ ര്‍ഹയല്ല.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!