തോറ്റവരുടെ വിജയകഥകൾ

Date:

spot_img

വിജയം. എല്ലാവരുടെയും സ്വപ്നമാണ് അത്. വിജയിക്കുന്നവരുടെ കഥകൾ കേൾക്കുമ്പോഴും നല്ല രസമൊക്കെയുണ്ട്. പ്രചോദനവും പ്രോത്സാഹനവും അത്തരം കഥകൾ ഓരോന്നും  നല്കുന്നുമുണ്ട്. ചിലരുടെ വിജയങ്ങൾക്ക് മറ്റ് വിജയങ്ങളെക്കാൾ പത്തരമാറ്റ് കൂടുതലാണ്. കാരണം വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവരായിരുന്നില്ല അവരൊന്നും. ഡോക്ടറുടെ മകൻ ഡോക്ടറാകുമ്പോഴോ കളക്ടറുടെ മകൻ കളക്ടറാകുമ്പോഴോ അത്രയധികം അത്ഭുതം തോന്നേണ്ടതില്ല. കാരണം അതിലെല്ലാം ഒരു തുടർച്ചയുണ്ട്. ചില പിന്താങ്ങലുകളുണ്ട്. 
എന്നാൽ കൂലിപ്പണിക്കാരന്റെയും മുഴുപ്പട്ടിണിക്കാരന്റെയും മക്കൾ ഡോക്ടറും എൻജിനീയറും ആകുമ്പോൾ അതല്ല സ്ഥിതി. അത്തരം വിജയങ്ങളാണ് നമുക്ക് കൂടുതൽ പ്രചോദനമാകുന്നത്. തങ്ങളുടെ പരിമിതികളെ അതിലംഘിച്ചവർ, സാഹചര്യങ്ങൾക്കു മുമ്പിൽ മുട്ടുകുത്താത്തവർ, പ്രതികൂലങ്ങളെ വെല്ലുവിളിച്ചവർ… മറ്റുള്ളവർ നോക്കിയപ്പോൾ ഇവർക്കൊന്നും വിജയിക്കാൻ സാധ്യത തെല്ലുമില്ലായിരുന്നു. വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും വൈകല്യങ്ങളുടെയും പേരിൽ തോറ്റുപോയവരെന്നും വിജയിക്കാൻ സാധ്യതയില്ലാത്തവരുമെന്നാണ് സമൂഹം  അവരെ വിലയിരുത്തിയത്. 

പക്ഷേ തോറ്റവരായിരുന്നില്ല അവർ, തോല്ക്കാൻ മനസ്സില്ലാത്തവരായിരുന്നു.  ശരിയാണ് അവരെ മാറ്റിനിർത്താനും തോല്പിക്കാനും പല രീതിയിൽ ശ്രമങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ  സമൂഹവും സാഹചര്യവും നല്കിയ തോൽവികളെ അതിജീവിക്കാനും  സ്വയം വിജയം പൊരുതി നേടാനും  മാത്രം അവർ ധീരരായിരുന്നു, ഉള്ളിൽ ശക്തിയും വെളിച്ചവും ഉള്ളവരായിരുന്നു.

 പാഠപുസ്തകങ്ങളിൽ വരും തലമുറയ്ക്ക് പാഠമാകേണ്ടവർ ഇവരൊക്കെയാണ്. നമുക്ക് അറിവുള്ളതും നമ്മുടെ ചുറ്റിനുമുള്ളതുമായ അങ്ങനെയുള്ള ചില ജീവിതങ്ങളെ തിരഞ്ഞെടുത്ത് പ്രത്യേകമായൊരു കാഴ്ചപ്പാടോടെ അവതരിപ്പിക്കുകയാണ് ഒപ്പത്തിന്റെ ഈ ലക്കം.

യുവജനങ്ങൾക്ക് ഈ ജീവിതങ്ങൾ നല്ലൊരു കുതിപ്പിന് കാരണമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ഉള്ളിലെ ആത്മവെളിച്ചം കണ്ടെത്താനും മുന്നോട്ടുകുതിക്കാനും ഈ ജീവിതങ്ങൾ നല്കുന്ന പ്രചോദനം ചെറുതൊന്നുമല്ല എന്നാണ് കരുതുന്നതും.  വിവിധ രീതിയിൽ സ്വന്തം ചുവടുകളെ അടയാളപ്പെടുത്തിയ, സ്വന്തമായ ഇടം കണ്ടെത്തിയ ഈ ജീവിതങ്ങൾക്ക് അഭിവാദ്യവും ആദരവും സമർപ്പിച്ചുകൊണ്ട്, ഈ വ്യക്തിത്വങ്ങൾവഴി വായനക്കാരുടെ ഹൃദയങ്ങളിൽ പ്രചോദനങ്ങളുടെ പൊൻവെളിച്ചം കൂടുതൽ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...
error: Content is protected !!