ഒരു വിവാഹജീവിതം തകരാറിലാകാന്‍ എന്തൊക്കെയാണ് കാരണം? തകര്‍ന്ന ദാമ്പത്യബന്ധങ്ങളിലെ ഇണകളോട് ഈ ചോദ്യം ചോദിച്ചാല്‍ അതിന് അവര്‍ പറയുന്ന ഉത്തരങ്ങള്‍ വ്യത്യസ്തമായിരിക്കും. തെറ്റായ ആശയവിനിമയം, സാമ്പത്തികം, സെക്‌സ് , രണ്ടു പേരും വളര്‍ന്നുവന്ന ജീവിതസാഹചര്യങ്ങളിലെ പ്രത്യേകതകള്‍… ഇങ്ങനെ പല ഉത്തരങ്ങളും ലഭിച്ചേക്കാം. എന്നാല്‍ ചില പഠനങ്ങള്‍ പറയുന്നത് ഈ ഉത്തരങ്ങളൊന്നും പൂര്‍ണ്ണമല്ലെന്നും ശരിയല്ലെന്നുമാണ്. കാരണം യഥാര്‍ഥ പ്രശ്‌നങ്ങളിലേക്കുള്ള പാതി വഴിയില്‍മാത്രമേ നാം എത്തിയിട്ടുള്ളൂ. വലിയ പ്രശ്‌നങ്ങള്‍ക്കുള്ള ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഇവയെല്ലാം. പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ ഇവയാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ വാഗ്വാദങ്ങളിലേര്‍പ്പെടുന്നത്.
എപ്പോള്‍ മുതല്‍ അല്ലെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ദാമ്പത്യബന്ധത്തില്‍ അസംതൃപ്തരായിതുടങ്ങിയത്. പരസ്പരമുള്ള പ്രതിബദ്ധത എപ്പോള്‍ മുതല്ക്കാണ് ഇല്ലാതായത്.? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം ഒരിടത്ത് പൂര്‍ണ്ണമാകുന്നു. അമിതമായ പ്രതീക്ഷകള്‍. ഇണയെക്കുറിച്ചും ദാമ്പത്യബന്ധത്തെക്കുറിച്ചുമുള്ള ്അമിതമായ പ്രതീക്ഷകളാണ് കുടുംബജീവിതം തകര്‍ക്കുന്നതിലെ പ്രധാന കാരണം. ഇണ മറ്റെയാളെക്കുറിച്ച്അമിതമായ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കൊത്ത് ഇണ ഉയരുന്നില്ലെന്ന തോന്നല്‍ നിരാശതയിലേക്കും ദേഷ്യത്തിലേക്കും വഴക്കിലേക്കും വാഗ്വാദങ്ങളിലേക്കും ഒടുവില്‍ വേര്‍പിരിയലിലേക്കും എത്തുന്നു. ഭാര്യയെന്നാല്‍ തനിക്ക് വച്ചുവിളമ്പാന്‍ മാത്രമുള്ളവളല്ല എന്ന് ഭര്‍ത്താവ് മനസ്സിലാക്കണം. ഭര്‍ത്താവിന് ഏതു സമയവും തന്റെ അടുത്തിരിക്കാന്‍ സമയമില്ലെന്നും അയാള്‍ക്ക് അയാളുടേതായ ലോകങ്ങളുണ്ടെന്ന് ഭാര്യയും മനസ്സിലാക്കണം. മക്കളുടെ ഭാവിയും വളര്‍ച്ചയും വിദ്യാഭ്യാസവും തങ്ങളുടെ രണ്ടുപേരുടെയും കൂട്ടുത്തരവാദിത്തമാണെന്ന് ഇരുവരും മനസ്സിലാക്കണം. അതുപോലെ എന്റെ ഇണ നൂറു ശതമാനം പെര്‍ഫെക്ടല്ല എന്ന് ഞാന്‍ മനസ്സിലാക്കണം. എന്റെ ഇണഎല്ലായ്‌പ്പോഴും എന്നെ മനസ്സിലാക്കണമെന്നില്ല, എന്റെ ഇണയുടെ ചില സ്വഭാവപ്രത്യേകതകള്‍ മാറ്റാന്‍ കഴിയുന്നവയല്ലെന്ന് ഞാന്‍ മനസ്സിലാക്കണംം. ഇങ്ങനെ ചില തിരിച്ചറിവുകള്‍ ഇണയെക്കുറിച്ച് പരസ്പരം ഉണ്ടാവുകയാണെങ്കില്‍ യാഥാര്‍ത്ഥ്യബോധ്യത്തോടെ കാര്യങ്ങളെ കാണാന്‍ കഴിയും.
അമിതമായ പ്രതീക്ഷ ഇല്ലാത്തിടത്ത് ്അമിതമായ നിരാശയുണ്ടാവില്ല. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കുകയും വേണം. പ്രതീക്ഷയില്ലാതെ നമുക്ക് ജീവിക്കാനാവില്ല. പ്രതീക്ഷകള്‍ ഉണ്ടാവണം. പക്ഷേ യാഥാര്‍ത്ഥ്യബോധ്യത്തോടും തിരിച്ചറിവോടും കൂടിയുള്ള പ്രതീക്ഷകളായിരിക്കണം ഉണ്ടാവേണ്ടത്. കുറവുകളെ അംഗീകരിക്കാനും സ്വീകരിക്കാനും കഴിയുമ്പോള്‍ അവിടെ പ്രതീക്ഷകള്‍ക്ക് ഭംഗം വരുന്നില്ല. കുടുംബജീവിതം എന്ന് പറയുന്നത് സിനിമകളിലെ ഡ്യൂയറ്റ്ഗാനങ്ങള്‍ പോലെ വര്‍ണ്ണാഭമല്ല ഒരിക്കലും. അതുകൊണ്ട് അമിതപ്രതീക്ഷകളുടെ ഭാരങ്ങള്‍ ഇറക്കിവച്ച് ഇണയെ സ്‌നേഹത്തോടും സഹിഷ്ണുതയോടും കൂടി നോക്കാന്‍ കഴിഞ്ഞാല്‍ ദാമ്പത്യബന്ധം തട്ടും മുട്ടുമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും.