സാധാരണയായി മാതൃത്വം പെണ്ജാതികളുടെ കുത്തക ആണെങ്കിലും കടല്‍ക്കുതിര(Sea Horse) കളുടെ കാര്യം വ്യത്യസ്തമാണ്. പെണ് കടല്‍ക്കുതിരകള്‍തന്നെയാണ് മുട്ടയിടുന്നതെങ്കിലും മുട്ടകള്‍ വിരിയിച്ചെടുക്കുന്ന ജോലി മുഴുവന്‍ ആണ്‍ കടല്‍ക്കുതിരകള്‍ക്കാണ്. ആണ്‍ കടല്‍ക്കുതിരയുടെ വാലിന്നടിയിലായി വീര്‍ത്ത സഞ്ചിപോലെ ഒരു ഭാഗമുണ്ട്. പോതസഞ്ചി (brood pouch) എന്നാണിതിനു പേര്. പെണ് കടല്‍ക്കുതിരകള്‍ തങ്ങളുടെ മുട്ടകള്‍ നിക്ഷേപിക്കുന്നത് ആണ്‍ കടല്‍ക്കുതിരകളുടെ ഈ പോതസഞ്ചിയ്ക്കകത്താണ്. ഇപ്രകാരം പോതസഞ്ചി നിറയെ മുട്ടകളും വഹിച്ച് വീര്‍ത്ത വയറുമായി സഞ്ചരിക്കുന്ന ആണ്‍കടല്‍ക്കുതിരകളെ കണ്ടാല്‍ ശരിക്കും ഗര്‍ഭം ധരിച്ചതുപോലെ തോന്നും.
മുട്ടകള്‍ വിരിയുന്നതും ചെറിയൊരു കാലയളവുവരെ വളരുന്നതും ആണ്‍ കടല്‍ക്കുതിരയുടെ പോതസഞ്ചിയ്ക്കകത്തുതന്നെ. ഇപ്രകാരം വിരിഞ്ഞു പുറത്ത് വരാറായ കുഞ്ഞുങ്ങള്‍ പോതസഞ്ചിയ്ക്കു വെളിയില്‍ വരുന്നത് ഒരു “ആണ്‍ പ്രസവ”ത്തിലൂടെയാണ്. മുട്ട വിരിഞ്ഞതിനു ശേഷം കുഞ്ഞുങ്ങള്‍ക്ക് പുറത്തേയ്ക്ക് വരാറായാല്‍ ആണ്‍ കടല്‍ക്കുതിര പ്രസവവേദന അനുഭവിക്കുന്നു. പ്രസവിക്കാറായാല്‍ ഈ പ്രസവിക്കുന്ന അച്ഛന്‍ ജലസസ്യങ്ങളെ ചുറ്റിപ്പിടിച്ച് മണി ക്കൂറുകളോളം ആയാസപ്പെടുന്നതും, ശരീരം മുന്നോട്ടും പുറകോട്ടും വളയ്ക്കുന്നതും കാണാം. മുന്നോട്ടും പുറകോട്ടുമുള്ള ഈ വളയലിന്നിടയ്ക്ക് പോതസഞ്ചിയുടെ മാംസപേശികള്‍ വികസിക്കുകയും അങ്ങനെ ഒരു വലിവിലും ഓരോ കുഞ്ഞിനെ വീതം പ്രസവിക്കുകയും ചെയ്യും. അങ്ങനെയാണ് ആണ്‍ കടല്‍ക്കുതിര “പ്രസവിക്കുന്ന അച്ഛന്‍” ആയി മാറുന്നത്.