ദക്ഷിണേന്ത്യയില്‍ പശ്ചിമഘട്ടത്തില്‍ നീലഗിരിക്കുന്നിന്റെ താഴവരയിലാണ് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കുന്നത്. ഈ അതിമനോഹരമായ കാഴ്ച കാണാന്‍ ഒരുപാട് വിനോദസഞ്ചാരികള്‍ അവിടം സന്ദര്‍ശിക്കാറുണ്ട്. സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിലാണ് കുറിഞ്ഞി പൂക്കുന്നത്. ഇതെന്തുകൊണ്ട് പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ മാത്രം പൂക്കുന്നു?
പ്രത്യേക സാഹചര്യങ്ങളില്‍മാത്രം മുളയ്ക്കുന്ന വിത്തുകളുള്ള പല ചെടികളുമുണ്ട് ബീജാങ്കുരണത്തിന് അസാധാരണ സാഹചര്യങ്ങള്‍ ആവശ്യമായ വിത്തുകളെ സാമാന്യമായി “നിദ്രാണവിത്തുകള്‍” (dormant seeds) എന്നാണു പറയുക. കട്ടികൂടിയ പുറംതോടുള്ള വിത്തുകള്‍ക്ക് വെള്ളത്തിന്നടിയില്‍ ദീര്‍ഘകാലം കിടന്ന് പുറംതോട് പതം വന്നാലേ മുളയ്ക്കാന്‍ കഴിയു.
ചിലയിനം വിത്തിന്നുള്ളില്‍ കരുതല്‍ ഭക്ഷണാംശങ്ങളോടൊപ്പം വളര്‍ച്ചയെ തടുക്കുന്ന ഹൈഡ്രോ സയനിക് അമ്ലം, ആല്‍ക്കലോയിഡുകള്‍, ഗ്ലൈക്കോസൈഡുകള്‍, ബ്ലാസ്റ്റോകോളിന്‍ മുതലായ പല രാസവസ്തുക്കളും കാണാറുണ്ട്. ഈ വിഷപദാര്‍ഥങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ഇല്ലാതായാല്‍ മാത്രമേ ഇവ മുളയ്ക്കുകയുള്ളൂ. ഉദാഹരണമായി, നെല്‍ച്ചെടികളിലെ “സ്ട്രൈഗ” എന്ന പരാന്നഭോജിയായ കളയുടെ വിത്തുകള്‍ നെല്‍ച്ചെടിയുടെ അരികില്‍ വീണാല്‍മാത്രമേ മുളയ്ക്കുകയുള്ളൂ. സ്ട്രൈഗ വിത്തിന്റെ വളര്‍ച്ചയെ നിരോധിക്കുന്ന രാസവസ്തുക്കളെ നിര്‍വ്വീര്യമാക്കാന്‍ നെല്‍ച്ചെടിയുടെ വേരില്‍നിന്നുമൂറുന്ന രാസവസ്തുക്കള്‍ക്കെ കഴിയു എന്നതാണ് ഇതിനു കാരണം.
പാരമ്പര്യവും വിത്തിലെ ഭ്രൂണത്തിന്‍റെ പ്രത്യേകതകളും നിദ്രാവസ്ഥയ്ക്ക് കാരണങ്ങളാകാം. പന്ത്രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന, കുറിഞ്ഞിച്ചെടിയുടെ ഈ ഉറക്കത്തിനു കാരണം ഇപ്പറഞ്ഞതില്‍ എതെങ്കിലുമാകാം എന്ന് കരുതപ്പെടുന്നു.