കേരളത്തിലെ നാട്ടുപാതകളിലൂടെ ഒരു സഞ്ചാരത്തിനു വഴിയൊരുങ്ങിയാല്‍, മലയാളിയുടെ ഏറ്റവും പുതിയ വിനോദത്തിലേയ്ക്ക് എളുപ്പം കണ്ണോടിക്കാന്‍ പറ്റും…കയ്യില്‍ പത്ത് കാശുള്ളവരുടെ ഏറ്റവും ത്രസിപ്പിക്കുന്ന വിനോദമാണത്രേ ഗൃഹനിര്‍മ്മാണം.
ഒരു പത്തുസെന്ടുണ്ടോ, ഉടന്‍ തപ്പിയിറങ്ങി, നല്ലൊരു ഗൃഹനിര്‍മ്മാണവിദഗ്ദ്ധനെ / വിദഗ്ദ്ധയെ. ആവശ്യപ്പെടുന്നത് ഒന്ന് മാത്രം – ആരും കണ്ടാല്‍ കണ്ണ് മഞ്ഞളിച്ചുപോകുന്ന ഒരു വീട്….ആര്‍ക്കും ഇല്ലാത്ത ഡിസൈന്‍….ഞങ്ങള്‍ ഭര്‍ത്താവും ഭാര്യയും ഒരു മോനും – പക്ഷെ, വീട് അഞ്ചുമുറികളുള്ള, എല്ലാ സൌകര്യങ്ങളുമുള്ള തികഞ്ഞ വീട്….ഇപ്പറഞ്ഞ എല്ലാ മുറികള്‍ക്കും സ്വകാര്യത വേണം (മലയാളികള്‍ എക്കാലവും സ്വജീവിതത്തില്‍ ഊന്നല്‍ കൊടുക്കുന്ന ഒരു സുപ്രധാന ഘടകമാണല്ലോ, ഈ സ്വകാര്യത).
സത്യത്തില്‍ എന്തിനാണ് ഒരാള്‍ക്ക് വീട്? സുരക്ഷിതമായി തല ചായ്ക്കാന്‍ ഒരിടം…അതുതന്നെയാണ് വീട് എന്നതിന്‍റെ പ്രാഥമിക ഉദ്ദേശം. പിന്നെ വേണമെങ്കില്‍ പറയാം, നമ്മുടെ നിലവിലുള്ള / പിറക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ളത് എന്ന്. പക്ഷെ, കേരളത്തിലെ പ്രബുദ്ധരായ, സംസ്ക്കാരസമ്പന്നരായ, സര്‍വ്വോപരി വിദ്യാസമ്പന്നരായ ജനത (അവര്‍ ധനികരോ, ഇടത്തരക്കാരോ, ദരിദ്രരോ ആകട്ടെ) വീടിനെക്കുറിച്ച് തികച്ചും മൂഢവിചാരം കാത്തുസൂക്ഷിക്കുന്നവരാണ് എന്ന് പറയാതെ വയ്യ.
ഒരു ആധുനികഗൃഹത്തിന്‍റെ അപ്പറയുന്ന ആധുനികതയ്ക്ക് എത്ര കാലത്തെ ആയുസ്സുണ്ട്? കൂടിവന്നാല്‍ ഇരുപതോ, ഇരുപത്തിയഞ്ചോ വര്‍ഷം….അതായത്, നമ്മുടെ അടുത്ത തലമുറയ്ക്ക് ഇപ്പറയുന്ന ആധുനികഗൃഹം വെറും പഴഞ്ചന്‍ വീട് തന്നെ. അപ്പോള്‍, അവര്‍ അത് ഇരട്ടി തുക ചെലവ് ചെയ്തു പൊളിച്ചു പണിയുന്നു, അതും അവരുടെ കാലത്തെ ആധുനികശൈലിയില്‍ തന്നെ….അതിനുമടുത്ത തലമുറയ്ക്ക് ഈ പുതുക്കിപ്പണിത ഗൃഹം വീണ്ടും പഴഞ്ചന്‍…അപ്പോള്‍, അവരും അതാവര്‍ത്തിയ്ക്കും…അങ്ങനെയങ്ങനെ, തലമുറകള്‍ തോറും കൈമാറിക്കൊണ്ടിരിക്കുന്ന ഒരു വിഡ്ഢിത്തമായി മാറുന്നു,മലയാളിയുടെ ഗൃഹനിര്‍മ്മാണം!
എത്രയോ ബുദ്ധിപരമായി നിക്ഷേപിക്കേണ്ട ധനമാണ്, ഇങ്ങനെ നാം ഗൃഹനിര്‍മ്മാണമെന്ന മായികലോകത്ത് ശൂന്യമാക്കിക്കളയുന്നത്. എന്തിനുമേതിനും വിദേശശൈലികളെ അന്ധമായി അനുകരിക്കുന്ന നമുക്ക് പല നല്ല കാര്യങ്ങളിലും അവരുടെ പാത പിന്തുടരാന്‍ കഴിയാതെ പോകുന്നു. വിദേശീയര്‍ ഒരിക്കലും അവരുടെ വരുംതലമുറയ്ക്ക് വേണ്ടി ഗൃഹങ്ങള്‍ പോലുള്ള നിര്‍ജ്ജീവ നിക്ഷേപങ്ങള്‍ (ഡെഡ് മണി എന്ന് ആംഗലേയം) കരുതിവെയ്ക്കുന്നില്ല. ഓരോരോ കാലങ്ങളിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന നിര്‍മ്മാണചിലവുകള്‍ക്കൊപ്പം താളം ചവുട്ടിചവുട്ടി നാം പണിതുണ്ടാക്കുന്നതു ഭാവിയില്‍ നമ്മുടെ മക്കള്‍ പുഛിച്ചുതള്ളുന്ന, തിരുത്തിക്കുറിച്ച് ആവര്‍ത്തനചരിത്രമെഴുതാന്‍ പോന്ന കെട്ടിടസമുച്ചയം…
എന്തിനാണ്, യഥാര്‍ത്ഥത്തില്‍, മൂന്നംഗകുടുംബത്തിന് അഞ്ചാറ് മുറികളുള്ള വീട്? കേരളത്തില്‍ ഇപ്പോള്‍ കാണുന്ന കാഴ്ച, വലിയൊരു ബംഗ്ലാവിന്നുള്ളില്‍ നോക്കുകുത്തികളായി ജീവിക്കുന്ന വൃദ്ധജനങ്ങളെ മാത്രമാണ്. പുതിയ ലക്ഷ്യപ്രാപ്തികളുടെ മേച്ചിന്‍പുറങ്ങള്‍ തേടിയുള്ള പുതുതലമുറ വല്ലപ്പോഴും മാത്രം വന്നെത്തുന്ന അതിഥികള്‍ മാത്രം. വീടിനകം ഒന്ന് വൃത്തിയാക്കിയെടുക്കാന്‍തന്നെ സഹായികളെ കിട്ടാതെ ആളുകള്‍ വലയുന്ന അനുഭവങ്ങളും വിരളമല്ല, ഇന്ന് കേരളത്തില്‍. അപ്പോള്‍, വരുംകാലത്തേയ്ക്കുള്ള ഒരു വന്‍ ബാധ്യതയാണോ, നാം ഈ ആയുഷ്ക്കാല സമ്പാദ്യം മുഴുവന്‍ ചിലവഴിച്ച് ഉണ്ടാക്കിയെടുക്കുന്നത്?ഒരു സുന്ദരസ്വപ്നം പോലെ പണി കഴിച്ചെടുത്ത വീട്, വാര്‍ദ്ധക്യത്തില്‍ കൊണ്ടുനടക്കാന്‍ പറ്റാതെ, നല്ല വിലയ്ക്ക് വിറ്റൊഴിഞ്ഞു, ഒരു ചെറിയ ഫ്ലാറ്റിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് ചേക്കേറുന്നവര്‍ ഏറിയേറിവരുന്നു.
അയല്‍പക്കത്തോട് മത്സരിക്കാന്‍ വെമ്പിനില്‍ക്കുന്ന മലയാളമനസ്സുകള്‍ക്ക് നാളെയെപറ്റിയല്ല, ചിന്ത. ഇന്നിനെ കഴിയുന്നത്ര പൊലിപ്പിച്ചുകാട്ടി, നാലാളുടെ മുമ്പില്‍ വമ്പ് പ്രദര്‍ശിപ്പിക്കുന്നവരെ വിദ്യാസമ്പന്നരെന്നുപോലും വിശേഷിപ്പിക്കാമോ?
പണ്ട് വീടുകളില്‍ ഇടുങ്ങിയ മുറികളും, വിശാലമായ മനസ്സുകളുമാണ് ഉണ്ടായിരുന്നതെങ്കില്‍, ഇന്ന് ഇടുങ്ങിയ മനസ്സുകള്‍ പാര്‍ക്കുന്ന വിശാലമായ മുറികളോടുകൂടിയ വന്‍പാര്‍പ്പിടങ്ങള്‍ മാത്രം!