ഇറ്റാലിയന്‍ പട്ടണമായ പിസയിലാണ് പ്രശസ്തമായ ചരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് നാല് ഡിഗ്രി ചരിഞ്ഞിട്ടാണ് പിസ ഗോപുരം ഇപ്പോള്‍ കുടികൊള്ളുന്നത്.
ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പിസ ഗോപുരത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. അന്നുമുതലേ ഈ ചരിവ് തുടങ്ങിയിട്ടുണ്ടത്രേ. അസ്ഥിരമായ ഇതിന്റെ അടിത്തറ മൂലമാണ് ഭാരം താങ്ങാനാവാതെ പിസ ഗോപുരം ചരിഞ്ഞു തുടങ്ങിയത് എന്ന് ഗവേഷകര്‍ പറയുന്നു. അടിത്തറയുടെ ഒരു ഭാഗം ഉറപ്പ് വളരെ കുറഞ്ഞതായതുകൊണ്ടാണ് ഗോപുരം ചരിഞ്ഞു വന്നത്. പതിനാലാം നൂറ്റാണ്ടില്‍ ഗോപുരനിര്‍മ്മാണം പൂര്‍ത്തീകരിച്ചു തീരുമ്പോഴേയ്ക്കും പിസ ഗോപുരത്തിന്‍റെ ചരിവ് വര്‍ദ്ധിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളിലും പിസ ഗോപുരത്തിന്‍റെ ചരിവ് ഭാഗികമായി പരിഹരിക്കപ്പെടുന്നതുവരെ ഗോപുരം കുറച്ചുകുറച്ചായി ചരിഞ്ഞു കൊണ്ടേയിരുന്നു.
ഏതാണ്ട് 55.86 മീറ്റര്‍ ഉയരവും, 14,500 മെട്രിക് ടണ്‍ ഭാരവുമുണ്ട്, പിസ ടവറിന്. 296 പടികളോളം ഉണ്ട്, പിസ ഗോപുരത്തിന്. ഗോപുരത്തിന്‍റെ ചരിവ് പരിഹരിക്കപ്പെടുന്ന സമയത്ത് അതിനു 5.5 ഡിഗ്രി ചരിവുണ്ടായിരുന്നു. മൂന്നു ഘട്ടങ്ങളിലായി ഏതാണ്ട് 199 വര്‍ഷങ്ങള്‍ കൊണ്ടാണ് പിസ ഗോപുരനിര്‍മ്മാണം പൂര്‍ത്തിയായത്. ഗോപുരനിര്‍മ്മാണം പുരോഗമിക്കവേ, ചരിവ് പരിഹരിക്കാനുള്ള ശ്രമമെന്നോണം ഓരോ മുകള്‍നിലകളുടെയും ഒരു വശത്തെ ചുവരുകള്‍ മറുവശത്തെ ചുവരുകളെക്കാള്‍ ഉയരം കൂട്ടിയാണ് നിര്‍മ്മിച്ചത്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ പിസ പട്ടണത്തില്‍ ജീവിച്ചിരുന്ന പ്രശസ്തനായ വാസ്തുശില്പി ബോണാന്നോ പിസാനോ (Bonanno Pisano) ആണ് പിസ ഗോപുരത്തിന്‍റെ രൂപകല്‍പന ചെയ്തതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തെ ചൊല്ലി വിവാദങ്ങളും ഉടലെടുത്തു. സമാനമായ നിര്‍മ്മാണരൂപങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് 2001 – ല്‍ നടന്ന ഒരു പഠനം സൂചിപ്പിച്ചത് പിസ ഗോപുരത്തിന്‍റെ രൂപകല്‍പന ചെയ്തത് ദിയോട്ടിസാല്‍വി (Diotisalvi) ആണെന്ന് കണ്ടെത്തിയത്രേ.