സ്വന്തം ചെലവില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ നാടൊട്ടുക്കും പ്രദര്‍ശിച്ച് സ്വന്തം വിജയങ്ങളെ പരസ്യപ്പെടുത്തുന്ന തിരക്കിലാണ് നമ്മള്‍ ഇപ്പോള്‍. അല്ലെങ്കില്‍ ചുറ്റിനും ഒന്നു നോക്കൂ. വിജയങ്ങളുടെ എത്രയോ ഫഌസ് ബോര്‍ഡുകളാണ് യാത്രയ്ക്കിടയില്‍ നാം കാണുന്നത്. അഭിനന്ദനങ്ങള്‍ എന്ന രീതിയില്‍ ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയപാര്‍ട്ടിയുടെയോ റസിഡന്റ്‌സ് അസോസിയേഷനുകളുടെയോ പേരില്‍ പ്രത്യക്ഷപ്പെടുന്ന ഇവയ്‌ക്കെല്ലാം പണം മുടക്കുന്നത് അവനവര്‍ തന്നെയായിരിക്കില്ലേ… കാരണം മറ്റൊരാളുടെ മകളുടെ/ മകന്റെ/ ഒ്‌ക്കെ പരീക്ഷാവിജയങ്ങളുടെ പേരില്‍ അവ പ്രസിദ്ധപ്പെടുത്താന്‍ മാത്രം സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കാന്‍ സന്നദ്ധരാകുന്നവരുണ്ടാകുമോ?അതെന്റെ സംശയമാണ്. അറിയില്ല.
ചുരുങ്ങിയ പക്ഷം ഫേസ്ബുക്കിലോ വാട്ട്‌സാപ്പ് ഗ്രൂപ്പിലോ എങ്കിലും സ്വന്തം നേട്ടങ്ങളെയോ വിജയങ്ങളെയോ കുറിച്ച് പോസ്റ്റാതെ നമ്മുക്ക് ഉറക്കം വരാതായിട്ടുമുണ്ട്. ഇനി ഇപ്പോള്‍ അത് സ്വന്തം വിജയം മാത്രമാകണമെന്നുമില്ല മക്കളുടെ നേഴ്‌സറിക്ലാസുകളിലെ വിജയങ്ങള്‍ പോലുമാവാം പരസ്യപ്പെടുത്തുന്നത്.
ഇങ്ങനെ പരസ്യപ്പെടുത്തുന്ന വിജയങ്ങള്‍ നല്ലതാണ്.. വിജയാഘോഷങ്ങളും നല്ലതു തന്നെ. പക്ഷേ പരസ്യപ്പെടുത്തുകയും ആഘോഷമാക്കുകയും ചെയ്യുന്ന പല വിജയങ്ങളും സ്വയം മഹത്വവല്‍ക്കരിച്ചുകൊണ്ടുള്ളതാണ.് അത് തോറ്റുപോയവനെയോ രണ്ടാമൂഴക്കാരനെയോ ഒക്കെ തെല്ലു പരിഹസിക്കുന്നവയുമാണ്. ഞാന്‍ നിന്നെക്കാള്‍ മികച്ചതാണ് എന്ന് അവയോരോന്നും പറയാതെ പറയുന്നു. ഞാന്‍ നിന്നെക്കാള്‍ മികച്ചതായതുകൊണ്ട് നീ മോശമാണ് എന്നും അതിന് അര്‍ത്ഥമുണ്ട്.
ഹൃദയത്തിന്റെ നന്മയെ നമ്മള്‍ വിജയമായി കണക്കാക്കുന്നില്ല.. കരുണയെ നമ്മള്‍ ഒന്നാമതായി കാണുന്നില്ല.. ഒരാളോട് ക്ഷമിക്കുന്നതിനെയോ അയാളോട് വിട്ടുവീഴ്ച കാണിക്കുന്നതിനെയോ നാം കൊള്ളാം എന്ന് വിലയിരുത്തുന്നുമില്ല. എനിക്ക് വേണ്ട നീയെടുത്തോ എന്ന മട്ടില്‍ ചിലതൊക്കെ ത്യജിക്കുന്നവരെ പോലും അടുപ്പമുള്ളവര്‍ കുറ്റപ്പെടുത്തുന്നത് മണ്ടന്‍, കഴിവില്ലാത്തവന്‍ നീയെന്തിനാ അവനത് കൊടുക്കാന്‍ പോയത് എന്നാവും.
ഒരു തരത്തിലുള്ള വിജയങ്ങളെയും മഹത്വവല്ക്കരിക്കേണ്ടതില്ല അയാള്‍ നല്ലൊരു മനുഷ്യനല്ലെങ്കില്‍.. മാനുഷിക ഗുണങ്ങളില്ലെങ്കില്‍. ഒരു തരത്തിലും നാം ഒരാളെ വിജയിയായി ഉയര്‍ത്തിപ്രതിഷ്ഠിക്കേണ്ടതുമില്ല അയാള്‍, അയാള്‍ക്ക് വേണ്ടി മാത്രമായിട്ടാണ് ജീവിക്കുന്നതെങ്കില്‍.
വിജയിക്കാനുള്ള കോഴ്‌സുകളും പുസ്തകങ്ങളും നമുക്ക് എവിടെയുമുണ്ട്. എത്രയെത്ര കോഴ്‌സുകള്‍.. വിജയിയാകാനാണ് ജനിക്കുന്നതും ജീവിക്കുന്നതും എന്ന മട്ടിലാണ് നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും. എവിടെയെങ്കിലും തോറ്റുകൊടുക്കാന്‍ നാം ആരോടും പറയുന്നില്ല.. എല്ലാവരും വിജയിക്കാന്‍ ആഗ്രഹിക്കുന്ന തിരക്കില്‍ തോല്്ക്കാന്‍ ആര്‍ക്കാണ് താല്പര്യം?
എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്, അവന്റെ സുഹൃത്തിന്റെ മകന്‍ സ്‌കൂളില്‍ ടോപ്പറാണെന്ന്..പഠനത്തില്‍…പാഠ്യേതരവിഭാഗങ്ങളില്‍.. എല്ലാം അവന്‍ ഒന്നാമനാണ്. ക്ലാസിലും സ്‌കൂളിലും അധ്യാപകര്‍ക്ക് അവന്‍ പെറ്റ്.
പക്ഷേ കയ്യിലിരിക്കുന്ന പേന അടുത്തിരിക്കുന്ന കുട്ടി അവനോട് ഒന്ന് വായ്പ ചോദിച്ചാല്‍, ആബ്‌സന്റായിരുന്ന ദിവസത്തിലെ നോട്ട്‌സ് വീട്ടിലേക്ക് തന്നുവിടാമോയെന്ന് സഹപാഠികള്‍ അപേ്ക്ഷിച്ചാല്‍, മനസ്സിലാകാത്ത പാഠഭാഗം പറഞ്ഞുതരാമോയെന്ന് ചോദിച്ചാല്‍ അപ്പോഴെല്ലാം അവന്‍ നിഷേധാത്മകപ്രവണത കാണിക്കും. ആര്‍ക്കും ഒന്നും കൊടുക്കില്ല.. എന്നിട്ടും അവന്‍ സ്‌കൂളിലെ ടോപ്പറായി! എന്തൊരു വൈരുദ്ധ്യം.
ടെക്‌സറ്റിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയുന്നവന്‍ മിടുക്കന്‍ തന്നെ. അങ്ങനെയല്ലെന്ന് ആരും പറയുന്നുമില്ല. എന്നാല്‍ ടെക്സ്റ്റുകള്‍ക്ക് വെളിയില്‍ സഹജീവികളോടുള്ള പരിഗണനയിലും കാരുണ്യത്തിലും സഹകരണത്തിലും സന്മനസ്സ് കാണിക്കുന്ന ഒരുവനെയും ഒന്നാമനായി കാണാനും അവനെയും ഉയര്‍ത്തിനിര്‍ത്തുവാനും നമുക്ക് കഴിയണം. പ്രത്യേകിച്ച് അധ്യാപകര്‍ക്ക്. പഠിപ്പിസ്റ്റുകള്‍ക്ക് മാത്രം പോരാ ഇനിയുള്ള കാലങ്ങളില്‍ സവിശേഷ പരിഗണനയെന്ന് തന്നെ അര്‍ത്ഥം.
പക്ഷേ എന്തു ചെയ്യാം നിര്‍ഭാഗ്യവശാല്‍ ഒട്ടുമിക്ക അധ്യാപകരുടെയും സ്‌നേഹഭാജനങ്ങള്‍ ഈ പഠിപ്പിസ്റ്റുകളാണ്. ചിലരുണ്ട് സിലബസ് കേന്ദ്രീകൃതമായ ഏതു പരീക്ഷയിലും ഒന്നാമതായിരിക്കും. എന്നാല്‍ സിലബസിന് വെളിയിലുള്ള ഒരു പരീക്ഷയിലും അവര്‍ വിജയിക്കുന്നതേയില്ല. കാണാപാഠം പഠിച്ചുവച്ചിരിക്കുന്നവ അവര്‍ക്ക് പരീക്ഷകളില്‍ വിജയം നേടിക്കൊടുക്കുന്നു. അവര്‍ പലപ്പോഴും പാഠ്യപുസ്തകത്തിന് വെളിയിലെ പരീക്ഷകളില്‍ വിജയം വരിക്കുന്നതേയില്ല.
സ്‌കൂള്‍-കോളജുപരീക്ഷയില്‍ ജയിക്കാത്ത ഒരാളും ജീവിതത്തില്‍ തോറ്റവരാകണം എന്നില്ല. പരീക്ഷാ വിജയങ്ങളല്ല ജീവിതവിജയത്തിന് അടിസ്ഥാനം. അവ ചിലപ്പോള്‍ ജോലി നേടിത്തന്നേക്കാം.. അറിവുകളും നല്കിയേക്കാം. ഉന്നത ഉദ്യോഗങ്ങളില്‍ വിരാചിക്കുന്ന എത്രയോ പേര്‍ ചിലപ്പോഴെങ്കിലും നമ്മെ അവരുടെ സങ്കുചിതത്വം കൊണ്ട് ലജ്ജിപ്പിച്ചു കളഞ്ഞിട്ടുണ്ടാവാം..
ഓരോ പ്രായത്തിനും അനുസരിച്ച് ഹൃദയത്തിലും നന്മകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കണം. പരീക്ഷാവിജയങ്ങളിലും മറ്റും ഒന്നാമതെത്തുന്നവരെ അഭിനന്ദിക്കാന്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഒരു നല്ല മനുഷ്യനെ, നല്ല മനസ്സിനെ കണ്ടെത്തി, തോറ്റുപോയവനിലും നന്മകണ്ടെത്തി അവനെ വീണ്ടും ഉണര്‍ത്താന്‍ കഴിയുന്ന വിധത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഔദ്യോഗികമായി ഉയര്‍ന്നുപോകുന്നവനും മികച്ച പരീക്ഷാ വിജയം നേടുന്നവനും മാത്രമല്ല പൂമാലകള്‍ നല്‌കേണ്ടത്. ഹൃദയത്തില്‍ നന്മയുള്ളവനും അവയ്ക്ക് അവകാശമുണ്ട്. അവനും വിജയിയാണ്.. ഒരാള്‍ക്കും തോല്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വിജയി അവന്‍ മാത്രമാണ്.
അല്ലെങ്കില്‍ പറയൂ, മനസ്സില്‍ നന്മയുള്ളവനെ, കരുണയുള്ളവനെ,സ്‌നേഹമുള്ളവനെ, സൗഹൃദമുള്ളവനെ, ക്ഷമയുള്ളവനെ നിങ്ങള്‍ക്ക് എങ്ങനെ തോല്പിക്കാനാണ്.. അവനെ തോല്പിക്കാന്‍ അവനെ പോലെയാകുക അല്ലാതെ മറ്റൊന്നും നിങ്ങള്‍ക്ക് ചെയ്യാനുമില്ല.
വിനായക്