ഇസ്രായേല്‍ – ജോര്‍ദാന്‍ അതിര്‍ത്തിയില്‍, മധ്യധരണ്യാഴിയോട് ചേര്‍ന്നുകിടക്കുന്ന ഒരു ഉപ്പുവെള്ളതടാകമാണ് ചാവുകടല്‍ (Dead Sea). സത്യത്തില്‍ ചാവുകടല്‍ എന്ന പേര് തികച്ചും തെറ്റിദ്ധാരണാജനകമാണ്. ഒന്നാമതായി, പേര് സൂചിപ്പിക്കുന്നതുപോലെ അതൊരു കടലല്ല. മറിച്ച്, വിശാലമായ ഒരു തടാകമാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഗാഢമായ ഉപ്പുവെള്ളം അടങ്ങിയിട്ടുള്ള തടാകമാണിത്.
സാധാരണ കടല്‍വെള്ളത്തേക്കാള്‍ ഏഴെട്ടു മടങ്ങ് ഉപ്പും, മറ്റു ലവണങ്ങളും ചാവുകടലിലെ ജലത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ട്. ഉപ്പിന്റെയും, ലവണങ്ങളുടെയും സാന്ദ്രതക്കൂടുതല്‍ നിമിത്തം മത്സ്യങ്ങള്‍ക്കോ, മറ്റു സാധാരണ ഇനം കടല്‍ജീവികള്‍ക്കോ അതില്‍ ജീവിക്കാനാവില്ല. ഇക്കാരണത്താലാണ് “ചാവുകടല്‍” എന്ന പേരുണ്ടായത്. പക്ഷെ, ഇവിടെയും പേര് സൃഷ്ടിക്കുന്ന ഒരു കുഴപ്പമുണ്ട്. ചാവുകടല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ യാതൊരുവിധ ജീവികളും ഇല്ലാത്ത കടല്‍ എന്നാണല്ലോ നാം ധരിക്കുക. ആ ധാരണ തെറ്റാണ്. ഉപ്പ് ഭക്ഷണമാക്കി ജീവിക്കുന്ന പലവിധ സൂക്ഷ്മജീവികളും ചാവുകടലില്‍ സസുഖം വാഴുന്നുണ്ട്. സൂര്യപ്രകാശമുപയോഗിച്ച് ആഹാരം പാകം ചെയ്യാന്‍ കഴിവുള്ളവയാണിവ. സസ്യങ്ങളിലെ ക്ലോറോഫില്ലിനു സമാനമായ ഒരു വസ്തു സ്വയം ഉത്പാദിപ്പിച്ച് അതിന്റെ സഹായത്തോടെയാണ് ഈ ജീവികള്‍ ആഹാരം പാകം ചെയ്യുന്നത്.
ചാവുകടലില്‍ പൊട്ടാഷ്, മഗ്നീഷ്യം, ബ്രോമൈടുകള്‍ എന്നിവ വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. നിരവധി രാസ, രാസവള വ്യവസായശാലകള്‍ ഇവ പ്രയോജനപ്പെടുത്തി വരുന്നു.