നിങ്ങള്‍ ആരെയാണ് സ്‌നേഹിക്കുന്നത്?

വ്യത്യസ്തമായി ഒന്ന് ചിന്തിക്കുകയാണെങ്കില്‍ സ്‌നേഹത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളില്‍ പല തെറ്റിദ്ധാരണകളും കടന്നുകൂടിയിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും.   പലരുടെയും ധാരണ സ്‌നേഹം എന്നത് മറ്റുള്ളവര്‍ക്ക് മാത്രം കൈമാറേണ്ട ഒന്നാണ് എന്നാണ്.  മറ്റുള്ളവരെ സ്‌നേഹിക്കുക.. സ്വയം സ്‌നേഹിക്കാതിരിക്കുക.  ഇതാണ് പലരും ചെയ്യുന്നത് ചെയ്തുകൊണ്ടിരിക്കുന്നത്. 

സ്വയം സ്‌നേഹിക്കുന്നത് പൊറുക്കാനാവാത്ത തെറ്റായും അത് സ്വാര്‍ത്ഥതയായും അവര്‍ വിചാരിക്കുന്നു. പക്ഷേ സ്വയം സ്‌നേഹിക്കാത്ത ഒരാള്‍ക്ക് മറ്റാരെയും സ്‌നേഹിക്കാനാവില്ല.  അതാണ് സത്യം.

സ്വയം സ്‌നേഹത്തില്‍ നിന്നാണ് ജീവിതപ്രണയം ഉണ്ടാകുന്നത്.. ജീവിതത്തില്‍ ലക്ഷ്യങ്ങളുണ്ടാകുന്നത്. ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളുണ്ടാകുന്നത്. ഒരാളെ നാം സ്‌നേഹിക്കുന്നതും സഹായിക്കുന്നതുമെല്ലാം നമ്മളെപോലെ തന്നെയുള്ള ഒരാള്‍ എന്ന ചിന്തകൊണ്ടാണല്ലോ. ഞാനും അവനും തമ്മില്‍ ഭേദമില്ല എന്ന ചിന്തയാണ് ആത്മാര്‍ത്ഥ സൗഹൃദങ്ങളെ പോലും രൂപപ്പെടുത്തുന്നത്.  

ബൈബിളിലെ പരസ്‌നേഹപ്രവൃത്തികളെയും ചിന്തകളെയുമെല്ലാം ക്രമപ്പെടുത്തിയിരിക്കുന്നതിന്റെ പിന്നിലുള്ളതും ഇത്തരത്തിലുള്ള ആത്മസ്‌നേഹങ്ങള്‍ തന്നെയാണ്. നോക്കൂ, വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്, നീ നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണം എന്നതാണത്. അതായത് നീ നിന്നെ സ്‌നേഹിക്കുന്നില്ലെങ്കില്‍ നിനക്ക് അയല്‍ക്കാരനെയും സ്‌നേഹിക്കാനാവില്ല. നീ നിന്നെപോലെ അയല്‍ക്കാരനെ സ്‌നേഹിക്കുമ്പോള്‍ നീയും അപരനും സ്‌നേഹത്തിന്റെ ഉദാത്തയിലേക്ക് പ്രവേശിക്കുകയാണ്..എന്തൊരു മനോഹരമായ സങ്കല്പമാണത്.

അതുപോലെ ബൈബിളില്‍ മറ്റൊരിടത്ത് പറയുന്നുണ്ടല്ലോ ആരും തന്നെതന്നെ വെറുക്കുന്നില്ലല്ലോ എന്ന്.. തന്നെ തന്നെ വെറുക്കാത്തവന്‍ സ്വയം സ്നേഹിക്കുന്നവനാണ്. മറ്റുള്ളവരെ സ്നേഹിക്കണമെന്ന് പഠിപ്പിക്കുന്ന ബൈബിളിലെ സ്നേഹചിന്തകളുടെ അടിസ്ഥാനം ഒരാള്‍ അവനവനെതന്നെ സ്നേഹിക്കണം എന്നാണ്. അതായത് അയാള്‍ എന്താണോ അതേ അവസ്ഥയില്‍ സ്വയം സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുക. 

സ്വാര്‍ത്ഥത ഒരിക്കലും ഒരാള്‍ അയാളെ സ്‌നേഹിക്കുന്നതല്ല, അയാള്‍ മറ്റുള്ളവരെ അവഗണിക്കുന്നതും അവരെ വിസ്മരിക്കുന്നതുമാണ്. മറ്റൊരാള്‍ക്ക് നല്കാനുള്ളത് നല്കാതിരിക്കുന്നതാണ്. അയാളിലെ മാനുഷികതയെ നിഷേധിക്കുന്നതാണ്. 

ഒരാള്‍ തന്നെതന്നെ സ്‌നേഹിക്കുമ്പോഴാണ് തന്നോടുതന്നെയുള്ള മതിപ്പിലേക്ക് വീഴുന്നത്.  സ്വയം അംഗീകരിക്കാന്‍ കഴിയുന്നത്. കുറവുകളോടെയാണെങ്കിലും ആത്മാഭിമാനത്തോടെ നില്ക്കാന്‍ സാധിക്കുന്നത്. എത്രയോ ചെറുപ്പക്കാരാണ് സ്വന്തം ശരീരത്തെപ്രതിയുള്ള അമിതമായ ചിന്തകളുടെ പേരില്‍ അപകര്‍ഷതയുടെ ഭാരം ചുമന്ന് ജീവിക്കുന്നത്.  നിറം കറുത്തതിന്റെപേരില്‍, മെല്ലിച്ചതിന്റെ പേരില്‍, പൊണ്ണത്തടിയുടെ പേരില്‍, പൊക്കകുറവിന്റെയും കൂടുതലിന്റെയും പേരില്‍  കണ്ണാടിയില്‍ നോക്കിനില്ക്കുമ്പോള്‍  ഐ ഹേറ്റ് യൂ എന്ന് സ്വന്തം പ്രതിരൂപത്തോട് പറഞ്ഞിട്ടുള്ള എത്രയോ പേരെ അറിയാം. അവനവനോട് തന്നെ സ്‌നേഹം തോന്നുന്നത് തെല്ലും മോശമായ കാര്യമല്ല. 

അതുകൊണ്ട് സ്വയം സ്നേഹിക്കാന്‍ നാം ചെറുപ്പം മുതല്ക്കേ കുട്ടികളെ പരിശീലിപ്പിക്കണം.സ്വാര്‍ത്ഥതയുടെയും സ്വയംസ്നേഹത്തിന്‍റെയും ഭേദങ്ങള്‍ അവര്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കുകയും വേണം. ഒരാള്‍ അവനവനെ തന്നെ സ്നേഹിക്കുന്പോഴാണ്അവന്‌റെ ചുവടുകള്‍ക്ക് ആത്മവിശ്വാസത്തിന്‍റെ താളമുണ്ടാകുക. 

നിന്‍റെ ജീവിതത്തിന്‍റെ ഉയര്‍ച്ച നീ നിന്നെ സ്നേഹിക്കുന്നതില്‍ ആരംഭിക്കട്ടെ. നീ നിന്നെത്തന്നെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്പോള്‍ ആരും നിന്നെ സ്നേഹിക്കാതെ പോയതോര്‍ത്തോ മനസ്സിലാക്കാതെ പോയതോര്‍ത്തോ നീ ഭാരപ്പെടുകയില്ല.നീ നിന്നെ സ്നേഹിക്കുന്പോള്‍ നിനക്ക് ചുറ്റും ഒരു പൂക്കാലം പിറവിയെടുക്കുന്നു. അത് മറക്കരുത്.

 

error: Content is protected !!