വിവാഹം കഴിഞ്ഞ നാളുകള്‍ ഓര്‍മ്മിച്ചു നോക്കുക. ഭര്‍ത്താവ് ജോലി സ്ഥലത്തു നിന്ന് വരാന്‍ ഇത്തിരി യെങ്കിലും വൈകിയാല്‍ എന്തൊരു ഉത്കണ്ഠയായിരുന്നു. പല തവണ ഫോണ്‍ ചെയ്തു ചോദിക്കും, എന്താണ് വൈകുന്നത്, എന്തുപറ്റി?
ഭാര്യയെ അവളുടെ വീട്ടിലേക്ക് വിടാന്‍ പോലും മനസ്സില്ലാത്തതായിരുന്നു കുടുംബജീവിതത്തിന്റെ തുടക്കകാലം. അവള്‍ പോയാല്‍ വീടുറങ്ങും. അവളുടെ സാമീപ്യം വേണം. അതുകൊണ്ട് ഏറിയാല്‍ ഒരു ദിവസത്തേക്ക് മാത്രം അവളെ പറഞ്ഞയ്ക്കും. കാരണം പിരിഞ്ഞിരിക്കാന്‍ വയ്യ. സ്‌നേഹം സാമീപ്യം കൊതിക്കുന്നു. പക്ഷേ വിവാഹ ജീവിതത്തിന്റെ പത്തും പതിനഞ്ചും വര്‍ഷം കഴിയുമ്പോഴേയ്ക്കും ഭാര്യയുടെയും ഭര്‍ത്താവിന്റെയും മനോഭാവത്തില്‍ മാറ്റം വന്നുതുടങ്ങുന്നു. ഓഫീസ് വിട്ട് ഭര്‍ത്താവ് വൈകിയാലും പഴയ ടെന്‍ഷനില്ല. എപ്പോള്‍ വേണമെങ്കിലും വരട്ടെ എന്ന മട്ട്. അതുപോലെ ഭാര്യ സ്വന്തം വീട്ടില്‍ ഒരുദിവസത്തേക്കല്ല ഒരാഴ്ച പോയിനിന്നാലും അവളുടെ അസാന്നിധ്യം ഫീല്‍ ചെയ്യുന്നില്ല. പല ദമ്പതികളുടെയും ജീവിതം ഈ മട്ടിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അപൂര്‍വ്വമായ ബന്ധങ്ങള്‍ ഇല്ല എന്നല്ല പറയുന്നത്. പക്ഷേ കാലം കഴിയും തോറും ദമ്പതികള്‍ക്കിടയിലെ സ്‌നേഹം കുറയുന്നു. സ്‌നേഹം കുറയുമ്പോള്‍ സാമീപ്യം ആവശ്യമില്ലാതാകുന്നു. സാമീപ്യം പ്രണയം വര്‍ദ്ധിപ്പിക്കുന്നു. പ്രണയമുണ്ടാകുമ്പോള്‍ സാമീപ്യം ആവശ്യമുള്ളതാകുന്നു.
ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരിക്കുന്നതോ ഭാര്യ വീട്ടില്‍ ഇല്ലാതിരിക്കുന്നതോ പ്രത്യേകമായ ശൂന്യതയോ നഷ്ടബോധമോ ഉണ്ടാക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യത്തില്‍ സ്‌നേഹം കുറഞ്ഞുതുടങ്ങിയിട്ടുണ്ട് എന്നാണ് സൂചന. ആത്മാര്‍ത്ഥമായി സ്‌നേഹമുള്ള ദമ്പതികള്‍ക്ക് ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. പ്രായോഗികമായ ചില രീതികളില്‍ അകന്നുനില്‌ക്കേണ്ടി വന്ന സാഹചര്യം പോലും അവരെ സംബന്ധിച്ച് ഹൃദയഭേദകമായിരിക്കും. അതുകൊണ്ട് ദാമ്പത്യത്തില്‍ നിങ്ങള്‍ ഇപ്പോഴും എന്തുമാത്രം സ്‌നേഹിക്കുന്നുണ്ട് എന്ന് സ്വയം തിരിച്ചറിയേണ്ടത് നിങ്ങള്‍ക്ക് പരസ്പരസാമീപ്യം എത്രത്തോളം ലഭിക്കുന്നുണ്ട്, അനുഭവവേദ്യമാകുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്. അടുത്തിരിക്കാനും മിണ്ടിപ്പറഞ്ഞിരിക്കാനുമുള്ള താല്പര്യം ദാമ്പത്യത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ബന്ധങ്ങള്‍ ശിഥിലമാകുന്നു എന്നതിന്റെ സൂചനയാണ്. ഒരുപക്ഷേ പുറമേയ്ക്കുള്ളവര്‍ അത് തിരിച്ചറിയണമെന്നില്ല. എന്നാല്‍ മനസ്സുകൊണ്ട് അകന്നുപോയത് ദമ്പതികള്‍ മാത്രമാണ് മനസ്സിലാക്കുന്നത്. ഒരു നേരം ഇണ വന്നില്ലെങ്കിലും കണ്ടില്ലെങ്കിലും ഒരു പ്രശ്‌നവുമില്ലാത്ത മട്ടില്‍ ജീവിക്കുന്നവരാണ് എങ്കില്‍ അത്തരമൊരു അവസ്ഥയിലേക്ക് നിങ്ങള്‍ എത്തിച്ചേരാനിടയായ സാഹചര്യങ്ങളെ അപഗ്രഥിച്ചുനോക്കൂ.
സത്യസന്ധതയോടെ വിലയിരുത്തുക. എന്നിട്ട് എവിടെ ആര്‍ക്കാണ് തെറ്റുപറ്റിയതെന്ന് കണ്ടെത്തുകയും അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. അരികിലുണ്ടാവേണ്ടവരാണ് ദമ്പതികള്‍. പരസ്പരം സാമീപ്യം നല്‌കേണ്ടവരും. പരസ്പരമുള്ള സാമീപ്യം സന്തോഷവും സംതൃപ്തിയും നല്കുന്നതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. അസ്വസ്ഥത നല്കുന്ന സാമീപ്യങ്ങളില്‍ നിന്ന് ഒഴിവായിപോകാന്‍ എല്ലാവരും ശ്രമിക്കും. അത് ദാമ്പത്യമായാലും സുഹൃദ് ബന്ധമായാലും.