വിഷാദം ഒരു തരം ഉരുള്‍പ്പൊട്ടലാണ്. അത് പൊട്ടിയൊഴുകുമ്പോള്‍ ഒലിച്ചുപോകുന്നത് ജീവിതത്തിന്റെ നിറങ്ങളും സ്വപ്‌നങ്ങളുമായിരിക്കും. ജീവിതത്തില്‍ ഒരിക്കലെങ്കിലും വിഷാദത്തിന്റെ കരസ്പര്‍ശം അറിയാത്തവര്‍ ആരും തന്നെയില്ലായിരിക്കും. എന്നാല്‍ എല്ലാത്തരം വിഷാദങ്ങളും ചികിത്സ തേടേണ്ടവയല്ല. സ്ഥിരമായ വിഷാദഭാവം, നിരാശത, കുറ്റബോധം, ഒന്നിനും താല്പര്യമില്ലായ്മ, ആത്മഹത്യാപ്രവണത, ലൈംഗികതയിലുണ്ടാകുന്ന തകരാറുകള്‍ ഇങ്ങനെ പലപല ലക്ഷണങ്ങളാണ് ഒരാളെ വിഷാദരോഗിയാക്കുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്നോ രണ്ടോ കാണപ്പെടുന്നുണ്ട് എന്നത് അയാളൊരു വിഷാദരോഗിയാണ് എന്നതിന്റെ അടയാളവുമല്ല. വിഷാദങ്ങള്‍ പ്രധാനമായും അഞ്ചു തരമുണ്ട് എന്നാണ് മനശ്ശാസ്ത്രവിദഗ്ദര്‍ പറയുന്നത്.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടുനില്ക്കുന്ന വിഷാദമാണ് ഒന്ന്. പഴ്‌സിസറ്റന്റ് ഡിപ്രസീവ് ഡിസോഡര്‍ എന്നാണ് ഈ അവസ്ഥയെ മനോരോഗവിദഗ്ദര്‍ വിളിക്കുന്നത്. പ്രസവത്തെ തുടര്‍ന്ന് സ്ത്രീകളിലുണ്ടാകുന്ന വിഷാദമാണ് മറ്റൊന്ന്.
അമിതമായ ദു:ഖവും ഉത്കണ്ഠയും ക്ഷീണവുമാണ് ഇതിന്റെ ലക്ഷണങ്ങള്‍. സൈക്കോട്ടിക് ഡിപ്രഷന്‍ ഗണത്തില്‍പെടുന്ന വിഷാദങ്ങള്‍ ഭീകരമാണ്. മിഥ്യാഭ്രമങ്ങളും കാഴ്ചകളും ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ പെടുന്നു. മഞ്ഞുകാലത്തും മഴക്കാലത്തും പിടികൂടുന്ന വിഷാദത്തെ കാലാനുസരണ വിഷാദം എന്നാണ് വിളിക്കുന്നത്. ബൈപോളാര്‍ ഡിസോര്‍ഡറിനോടൊപ്പമുള്ള വിഷാദമാണ് മറ്റൊരു ഭീകരന്‍. അമിത സന്തോങ്ങളും സങ്കടങ്ങളും മാറിമാറി വരുന്ന അവസ്ഥയാണ് ഇത്.
വിഷാദത്തെ തിരിച്ചറിയുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിന് ശേഷം അനുയോജ്യമായ ചികിത്സ സ്വീകരിക്കുക. വിഷാദരോഗം എന്ന് കേള്‍ക്കുമ്പോഴേ ഭയപ്പെടുകയോ അതില്‍ നിന്ന് ഓടിയൊളിക്കുകയോ ചെയ്യേണ്ടതില്ല.