അമിതമായ ക്ഷീണം പല കാരണങ്ങള്‍ കൊണ്ടും അനുഭവപ്പെടാം. പക്ഷേ ആ ക്ഷീണത്തിന് പിന്നിലെ ഒരു കാരണം ചിലപ്പോള്‍ ശരീരത്തിലെ പ്രോട്ടീന്റെ അപര്യാപ്തതയാകാം. പ്രോട്ടീന്റെ ധര്‍മ്മം എന്താണെന്നും അതെങ്ങനെയാണ് ശരീരത്തിന് ലഭിക്കുന്നതെന്നും നമുക്ക് നോക്കാം. ശരീര ഘടനയുടെ നിര്‍മ്മാതാക്കളാണ് പ്രോട്ടീനുകള്‍. ശരീരകോശങ്ങളുടെയും കലകളുടെയും നിര്മ്മാണത്തിനും കേടുപാടുകള്‍ നീക്കുന്നതിനുള്ള ഊര്‍ജ്ജം കിട്ടുന്നതുമെല്ലാം പ്രോട്ടീനുകളില്‍ നിന്നാണ്. മാത്രവുമല്ല ഹീമോഗ്ലോബിന്‍, ആന്റി ബോഡികള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും പ്രോട്ടീനുകള്‍ അത്യന്താപേക്ഷിതമാണ്.
കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് തന്നെയാണ് ഒരാള്‍ക്ക് പ്രോട്ടീന്‍ ലഭിക്കേണ്ടത്. ഇത് രണ്ടുതരത്തില്‍ നമുക്ക് നേടിയെടുക്കാന്‍ കഴിയും. ഒന്ന് നോണ്‍വെജിറ്റേറിയന്‍ ആഹാരത്തില്‍ നിന്നും മറ്റൊന്ന് വെജിറ്റേറിയന്‍ ആഹാരത്തില്‍ നിന്നും. ഇറച്ചിയില്‍ പ്രോട്ടീനുകളുണ്ട്. പക്ഷേ ചില ഇറച്ചികളിലാവട്ടെ പ്രോട്ടീനുകളെക്കാള്‍ കൊഴുപ്പാണ് കൂടുതലുള്ളത്. എല്ലാത്തരം പയറുവര്‍ഗ്ഗങ്ങളും അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍, നിലക്കടല, കശുവണ്ടി എന്നിവയിലും പ്രോട്ടീന്‍ ധാരാളമായുണ്ട്. പാല്‍, വെണ്ണ, നെയ്യ് തുടങ്ങിയ പാലുല്‍പ്പനങ്ങളിലും മുട്ട, മീന്‍ എന്നിവയിലും അനിമല്‍ പ്രോട്ടീന്‍ ധാരാളമായുണ്ട്. ഇതില്‍ മുട്ട സവിശേഷപ്രാധാന്യം അര്‍ഹിക്കുന്നു. ഏറ്റവും നല്ല അളവില്‍ മുട്ടയില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. രണ്ടു ദിവസം കൂടുമ്പോഴെങ്കിലും മുട്ട കഴിക്കുന്നത് ശരീരത്തിനു ഉണര്‍വും ഉന്മേഷവും നല്കുമെന്ന് പറയുന്നത് അതുകൊണ്ടാണ്.
അമിതമായ ക്ഷീണം, അകാരണമായ ക്ഷീണം, മുടികൊഴിച്ചില്‍, തൂക്കക്കുറവ്, കൈകാലുകളിലെ നീര് എന്നിവയെല്ലാം പ്രോട്ടീന്‍ കുറവു മൂലം അനുഭവപ്പെടുന്ന ചില രോഗലക്ഷണങ്ങളാണ്. ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തിയും മേല്‍പ്പറഞ്ഞ വിധത്തിലുള്ള മെനു ശീലമാക്കുകയും ചെയ്തിട്ടും ക്ഷീണത്തില്‍ നിന്ന് മോചനം കിട്ടുന്നില്ല എങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.