കുട്ടികള്‍ക്ക് ഭക്ഷണശീലത്തെക്കുറിച്ച് അവബോധം ഉണ്ടാക്കണം

മലയാളികളുടെ മാറിക്കൊണ്ടിരിക്കുന്ന രുചിഭേദങ്ങളും ജീവിതശൈലികളും ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയാണ്. ഫാസ്റ്റ് ഫുഡും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കുപ്പിയിലടച്ച ശീതളപാനീയങ്ങളും അലസവേളകളെ ആസ്വാദ്യകര്യമാക്കുന്നു എന്ന രീതിയിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും എല്ലാം ചേര്‍ന്ന് കുട്ടികളുടെ ആരോഗ്യംതാറുമാറാക്കിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് കൃത്യമായ ബോധ്യവും അതിലെ ഗുണദോഷങ്ങളെക്കുറിച്ചുള്ള അറിവും കുട്ടികള്‍ക്ക് മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. തങ്ങളുടെ രുചികളെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളോട് കുട്ടികള്‍ കൂടുതല്‍ ചായ് വ് കാണിക്കുന്നത് സ്വഭാവികമാണ്. വറുത്തത്, പൊരിച്ചത്, മധുരപദാര്‍ത്ഥങ്ങള്‍, ജങ്ക് ഫുഡ് എന്നിവയെല്ലാം ഉദാഹരണം.

മക്കളുടെ അമിതമായ ഇത്തരം ആശകളോട് മാതാപിതാക്കള്‍ ആരോഗ്യപരമായ അകലം പാലിക്കണം. നല്ല പോഷകമൂല്യമുള്ള ആഹാരമാണ് കുട്ടികള്‍ക്ക് നല്‌കേണ്ടത്. ചെറുപ്പം മുതല്‍ തന്നെ ഇത്തരത്തിലുള്ള അവബോധവും പരിശീലനവും മക്കള്‍ക്ക് നല്കണം. ഫാസ്റ്റ് ഫുഡില്‍ വളരെക്കൂടുതല്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ പോഷകമൂല്യം വളരെ കുറവുമാണ്.അതുകൊണ്ട് അവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ കഴിയുമെങ്കില്‍ വേണ്ടെന്ന് വയ്ക്കുകയും വേണം.

മാതാപിതാക്കളുടെ ഭക്ഷണരീതികണ്ടാണ് മക്കള്‍ അതിനോട് ചായ് വ് കാണിക്കുന്നത്. ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും പുറകെ പോകുന്ന മാതാപിതാക്കള്‍ക്ക് മക്കളോട് അതുപേക്ഷിക്കാന്‍ പറയാന്‍ കഴിയില്ല.അതുകൊണ്ട് ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കാണ് ആദ്യം അവബോധം ഉണ്ടാകേണ്ടത്. കാര്‍ബോഹൈഡ്രേറ്റ്, മാംത്സ്യം, കൊഴുപ്പ്, വിറ്റാമിന്‍, ധാതുക്കള്‍, ലവണങ്ങള്‍, ജലം എന്നിവയെല്ലാം കൃത്യമായ രീതിയില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം. അവയാണ് മക്കള്‍ക്ക് നല്‌കേണ്ടത്.  കുട്ടികളില്‍ ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങള്‍ പലതിനും കാരണം തെറ്റായ ഭക്ഷണശീലങ്ങളാണ്.  ആഹാരം ആരോഗ്യമാണ് എന്ന ആപ്തവാക്യം ഒരിക്കലും മറക്കരുത്.

error: Content is protected !!