വെള്ളം കുടിക്കാനും മൂത്രമൊഴിക്കാനും മടിയുള്ള ചിലരെങ്കിലും നമുക്കിടയിലുണ്ട്. മൂത്രശോധന വന്നാലും പിടിച്ചുവയ്ക്കുന്നവര്‍. വെള്ളം കുടിക്കാതിരിക്കുന്നതോ ധാരാളം മൂത്രമൊഴിക്കാതിരിക്കുന്നതോ ആരോഗ്യത്തിന് ദോഷകരമാണെന്ന് മാത്രമല്ല അസുഖം പിടിപെടാനും കാരണമാകും. അങ്ങനെയുള്ള ഒരു അസുഖമാണ് സന്ധിവാതം അഥവാ ഗൗട്ട്.
രാജാക്കന്മാരുടെ അസുഖം എന്നാണത്രെ പണ്ട് കാലങ്ങളില്‍ ഈ അസുഖം അറിയപ്പെട്ടിരുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടിയാല്‍ പിടിപെടാവുന്ന പ്രധാന രോഗമാണ് ഇത്. കാരണമാകട്ടെ മാംസത്തിന്റെയും മദ്യത്തിന്റെയും അമിത ഉപയോഗവും പ്രമേഹവും അമിതവണ്ണവും.
പണ്ടുകാലങ്ങളില്‍ രാജാക്കന്മാര്‍ക്ക് മാത്രമാണ് ഈ അസുഖം ഉണ്ടായിരുന്നത് എങ്കില്‍ ഇന്ന് ജീവിതശൈലിയിലുണ്ടായ മാറ്റം വഴി സാധാരണക്കാരെയും ഈ അസുഖം പെട്ടെന്ന് പിടികൂടുന്നുണ്ട്. മാംസ ഉപയോഗവും മദ്യവും സുലഭമായിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിവിശേഷമാണല്ലോ ഇന്നുളളത്? മദ്യത്തില്‍ ബിയര്‍ ആണ് ഏറ്റവും ഉപദ്രവം ചെയ്യുന്നത്.
ഒറ്റ ദിവസം കൊണ്ട് പലപ്പോഴും ഗൗട്ട് മൂര്‍ദ്ധന്യത്തിലെത്താം. കാല്‍പ്പാദങ്ങളിലെ പെരുവിരലിന്റെ സന്ധിയിലാണ് കഠിനമായ വേദനയോടും ചുവന്നു വീര്‍ത്തും രോഗം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. ക്രമേണ മറ്റ് സന്ധികളിലേക്കും വേദന വ്യാപിക്കുന്നു. യൂറിക്ക് ആസിഡ് ശരീരത്തില്‍ നിന്ന് മൂത്രത്തിലൂടെ പുറത്തുപോകാത്തതാണ് രോഗകാരണം.
അതുകൊണ്ട് വേനല്‍ക്കാലമെന്നോ വര്‍ഷകാലമെന്നോ നോക്കാതെ ദിവസവും പ്ത്തുഗ്ലാസെങ്കിലും വെള്ളം കുടിക്കുന്നത് ഈരോഗത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും. വെള്ളം കുടിക്കുന്നതുപോലെ തന്നെ ധാരാളം മൂത്രമൊഴിക്കുകയും വേണം.ഭക്ഷണക്രമീകരണത്തിലും പ്രത്യേകമായി ശ്രദ്ധിക്കണം.
ചിക്കന്‍, കോള പാനീയങ്ങള്‍, കടല്‍ ഭക്ഷണം എന്നിവ പരമാവധി ഒഴിവാക്കുക, കാരറ്റ്, ബീറ്റ് റൂട്ട്, വെള്ളരിക്ക തുടങ്ങിയ ജ്യൂസ് ആയി ഉപയോഗിക്കുക ആപ്പിള്‍ കൂടുതലായി ഉപയോഗിക്കുക തുടങ്ങിയവയാണ് ഡോക്ടേഴ്‌സ് ഇതിനായി നിര്‍ദ്ദേശിക്കുന്ന മുന്‍കരുതലുകളും പരിഹാരമാര്‍ഗ്ഗങ്ങളും.
സന്ധി വേദന ഉള്ളവര്‍ രക്തത്തിലെ യൂറിക്കാസിഡ് പരിശോധന നടത്തണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.