പുതുകാലത്തെ ഫാഷൻ ട്രെൻഡാണ് ടാറ്റൂ. സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ ന്യൂജെൻ ആകാൻ ഇപ്പോൾ പലരും ടാറ്റുവിന്റെ പിന്നാലെയാണ്. എന്നാൽ ഇതിന്റെ പിന്നിൽ ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് മെഡിക്കൽ രംഗത്തെ പല വിദഗ്ദരുടെയും അഭിപ്രായം. ടാറ്റുവിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ നല്ല രീതിയിൽ സ്റ്റെറിലൈസ് ചെയ്യാത്തതും ശരിയായ രീതിയിൽ ഉപയോഗിക്കാത്തതും സൗന്ദര്യത്തിന് പകരം സങ്കീർണ്ണതകൾ സൃഷ്ടിക്കാൻ കാരണമാകുമെന്നാണ് അവർ പറയുന്നത്. ആദ്യമായി ശ്രദ്ധിക്കേണ്ടത് ടാറ്റു പാർലറുകളുടെ വൃത്തിയും ആരോഗ്യപരിസരവുമാണ്.
ടാറ്റുവിന് ഉപയോഗിക്കുന്ന മഷി പലർക്കും അലർജിക്ക് കാരണമാകുന്നുണ്ട്. ക്ലാസിക് പിഗ്മെന്റ്സും അതിന്റെ ഡിഗ്രേഡേഷൻ പ്രൊഡക്ടുകളുമായ ഡിക്രോമേറ്റ് (പച്ച) കോബാൾട്ട് (നീല) കാഡ്മിയം (മഞ്ഞ) മെർക്കുറി സാൾട്ട് (ചുവപ്പ്) എന്നിവയാണ് സ്ഥിരമായ ടാറ്റുവിന് ഉപയോഗിക്കുന്നത്. ഇവയെല്ലാം അലർജിക്ക് കാരണമാകുന്നുണ്ടെന്നാണ് ജേർണൽ ഓഫ് ഈസ്തെറ്റിക് സർജറി പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. ടാറ്റു ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നം സ്‌കിൻ കാൻസറുകളാണ്. ടാറ്റുവിന് ഉപയോഗിക്കുന്ന മഷി തന്നെയാണ് ഇവിടെയും വില്ലൻ. ടാറ്റു പിന്നീട് ശരീരത്തിൽ നിന്ന് മായ്ച്ചുകളയാൻ വളരെയധികം ബുദ്ധിമുട്ടുണ്ട്.
ശരീരകോശങ്ങളിലേക്ക് വ്യാപിച്ചിറങ്ങുന്ന ടാറ്റു ഇങ്ക് സ്‌കിൻ കാൻസറിന് കാരണമാകാറുണ്ട്. ശരീരത്തിലെ വിയർപ്പിന്റെ അളവ് കുറയാൻ ടാറ്റു കാരണമാകുന്നുണ്ടെന്നാണ് മറ്റൊരു നിരീക്ഷണം. ടാറ്റു ചെയ്യാത്ത ഒരാളുമായി തട്ടിച്ചുനോക്കുമ്പോൾ അമ്പത് ശതമാനത്തിലും കുറവാണ് ടാറ്റു ചെയ്ത ആൾ വിയർക്കുന്നത്. സോഡിയവും ഇലക്ട്രോലൈറ്റ്സുമാണ് വിയർപ്പിലൂടെ പുറത്തുപോകുന്നത്. പക്ഷേ ടാറ്റൂ ചെയ്യുമ്പോൾ അവിടെ ബ്ലോക്ക് സംഭവിക്കുകയും അവ പുറത്തുപോകാതെ ശരീരത്തിൽ കെട്ടികിടക്കുകയും ചെയ്യുന്നു. എം ആർ ഐ ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിൽ ടാറ്റു അപൂർവ്വമായിട്ടെങ്കിലും പ്രശ്നം സൃഷ്ടിക്കാറുണ്ട്. ബാക്ടീരിയ ഇൻഫെക്ഷൻ, എച്ച് ഐവി എന്നിവയ്ക്കും ടാറ്റു കാരണമാകാറുണ്ട്. വേണ്ട വിധം സ്റ്റെറിലൈസ് ചെയ്യാത്ത ഉപകരണങ്ങൾ വഴിയാണ് എച്ച് ഐവി പകരുന്നത്. ഭവിഷ്യത്തുകൾ കൂടി മനസ്സിലാക്കി വേണം ട്രെൻഡിന്റെയും ഫാഷന്റെയും പേരിൽ ശരീരത്തിൽ ടാറ്റു ചെയ്യേണ്ടത് എന്ന് ചുരുക്കം.