വേനൽക്കാലങ്ങളിൽ സുലഭമായി കണ്ടുവരുന്ന പഴമാണ് മാമ്പഴം. വീട്ടുമുറ്റത്തും തൊടിയിലുമെല്ലാമുള്ള മാവുകൾ പൂത്തുതളിർത്ത് കായ്കളുമായി നില്ക്കുന്നത് വേനലിന്റെ ചൂടിനപ്പുറം കുളിർമ്മയുള്ള കാഴ്ചയാണ് നല്കുന്നത്. പഴങ്ങളുടെ രാജാവ് എന്നൊരു വിശേഷണം പോലും മാമ്പഴത്തിനുണ്ട്.ധാരാളം പ്രോട്ടീൻസ് അടങ്ങിയിട്ടുള്ള മാമ്പഴം സൗന്ദര്യവർദ്ധനവിനും ഏറെ സഹായകരമാണ്. ത്വക്കിന്റെ ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങൾ മാമ്പഴത്തിലുണ്ട്.
വിറ്റമിൻ എ ധാരാളമായി മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ വരകളും ചുളിവുകളും വീഴുന്നത് തടയുന്നതിൽ ഇത് പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്. പ്രായക്കൂടുതൽ തോന്നിക്കുന്നത് തടയാനും കാലമെത്താതെയുള്ള വാർദ്ധക്യം പ്രതിരോധിക്കാനും മാമ്പഴത്തിലെ വിറ്റമിൻ ബി1 സഹായിക്കുന്നു. മുഖത്തുണ്ടാകുന്ന കറുത്തപുള്ളികളോടും ചുളിവുകളോടും ഇങ്ങനെ ബൈ ബൈ പറയാനും കഴിയും.
വിറ്റമിൻ ബി 2 വും മാമ്പഴത്തിലുണ്ട്. ത്വക്കിന് തിളക്കം, മൃദുത്വം എന്നിവ വർദ്ധിപ്പിക്കാൻ ഇത് ഗുണകരമാണ്.
മാമ്പഴത്തിലെ മഗ്‌നീഷ്യം ശരീരത്തിലെ എണ്ണമയം കുറയ്ക്കാൻ സഹായിക്കും. തൽഫലമായി മുഖക്കുരു, ത്വഗ്രോഗം എന്നിവ തടയുന്നു. മാമ്പഴത്തിലെ ബെറ്റാ കരോറ്റിൻ ശരീരത്തിലുണ്ടാകുന്ന വിഷാംശം പുറന്തള്ളുകയും ആന്റി ബാക്ടീരിയൽ പ്രവർത്തനം നടത്തുകയും ചെയ്യുന്നു.
നിർജലീകരണം തടയാനുള്ള ഘടകങ്ങളും മാമ്പഴത്തിലുണ്ട്. വിറ്റമിൻ ബി 3, വിറ്റമിൻ ഇ എന്നിവ മാമ്പഴത്തിൽ അടങ്ങിയിരിക്കുന്നതുകൊണ്ടാണിത്. ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ ഏറെ പ്രയോജനപ്രദവുമാണ് മാമ്പഴം.