”സൗഹൃദം വിശുദ്ധമായ ഒരു ആരാധനാലയമാണ്. സുഹൃത്തുക്കൾ അവിടെ മുനിഞ്ഞുകത്തുന്ന മെഴുകുതിരികളും”
ഏതു പ്രായക്കാരും ഏത് അവസ്ഥയിലുള്ളവരും സൗഹൃദം ആഗ്രഹിക്കുന്നുണ്ട്. നേഴ്സറി ക്ലാസു മുതൽ ഓഫീസു വരെയുള്ള ജീവിതത്തിലെ വിവിധഘട്ടങ്ങൾ അതിനുള്ള ഉദാഹരണമാണ്. കാരണം ജീവിതത്തിലെ ഏറ്റവും നിരാശാജനകവും സങ്കടപൂരിതവുമായ നിമിഷങ്ങളിലെല്ലാം സൗഹൃദങ്ങൾ പകർന്നുതരുന്ന ഊർജ്ജം അത്രത്തോളം വലുതാണ്. നല്ല സൗഹൃദങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ്. നല്ലൊരു സുഹൃത്തിനെ ലഭിക്കുകയാണെങ്കിൽ ഭാവിയിലേക്ക് വലിയൊരു നിക്ഷേപം കണ്ടെത്തി എന്നാണ് അർത്ഥം. എന്നാൽ എങ്ങനെ നല്ല ഒരു സുഹൃത്തിനെ കണ്ടെത്തും.? അതിന ്ആദ്യം ചെയ്യേണ്ടത് നിങ്ങൾ നല്ല ഒരു സുഹൃത്തായിത്തീരുക എന്നതാണ്. എങ്ങനെയാണ് നല്ല ഒരു സുഹൃത്താകുന്നത്. ഇതാ ചില നിർദ്ദേശങ്ങൾ:
നീ നീയാകുക
നീയെന്താണോ അതായിത്തന്നെ പ്രത്യക്ഷപ്പെടുക. അനുകരണങ്ങളിൽ വഞ്ചിതരാകരുത് എന്ന മുന്നറിയിപ്പ് പോലെ മറ്റാരെയും അനുകരിക്കാതിരിക്കുക. നീ നീയായി നില്ക്കുകയും അങ്ങനെ തുടരുകയും ചെയ്യുന്നിടത്താണ് നിന്റെ വ്യക്തിത്വം. മറ്റാരെയോ പോലെ ആകാൻ ശ്രമിക്കുമ്പോൾ അവിടെ നിന്റെ വ്യക്തിത്വം നഷ്ടപ്പെടുന്നു. അത്തരം ശ്രമങ്ങൾ പരാജയപ്പെടുന്നിടത്ത് നിന്നോടുള്ള സൗഹൃദത്തിനും മങ്ങലേല്ക്കുന്നു. നീ നീയായി നില്ക്കുമ്പോൾ നിന്നെ സ്നേഹിക്കുകയും നിന്നോട് സൗഹൃദപ്പെടുകയും ചെയ്യുന്നവർ എക്കാലവും നിന്നോടു കൂടെ തന്നെയുണ്ടായിരിക്കും.
മറ്റുള്ളവരോട് കരുണയുണ്ടായിരിക്കുക അവരുടെ കാര്യത്തിൽ താല്പര്യവും
മനസ്സലിവുള്ള ഒരാളെ എല്ലാവരും ഇഷ്ടപ്പെടും; സഹായ മനസ്ഥിതിയുള്ളവരെയും. കണ്ണിൽ ചോരയില്ലാത്തവർ എന്നൊരു പ്രയോഗം കേട്ടിട്ടില്ലേ, അതുപോലെ കല്ലാണ് നെഞ്ചിലെന്ന് പറയുന്നവരുമുണ്ട്. ഇത്തരക്കാരെ ഒരാൾക്കും സ്നേഹിതന്മാരായി കൂടെ കൂട്ടാനാവില്ല. മനസ്സലിവും വ്യക്തിപരമായ പരിഗണനയും താല്പര്യവും പുലർത്തുന്ന ഒരാൾക്കൊപ്പം കൂട്ടുകൂടി നടക്കാനാണ് എല്ലാവർക്കും താല്പര്യം.
ആത്മാർത്ഥതയും സ്ഥിരതയുമുണ്ടായിരിക്കുക
ആത്മാർത്ഥമായ മനസ്സാണ് എല്ലാ നല്ല ബന്ധങ്ങളുടെയും അടിസ്ഥാനം.പലരും സ്വാർത്ഥതയുടെ കെട്ടുപാടുകളിൽ കുടുങ്ങികിടക്കുന്നവരാണ്. എല്ലാവരും തന്നെ സ്നേഹിക്കണം, സഹായിക്കണം എന്ന് വിചാരിക്കുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. അത്തരക്കാർക്ക് ഒരിക്കലും നല്ല സൗഹൃദങ്ങളുണ്ടാവുകയില്ല. കൊടുക്കാൻ മനസ്സുണ്ടെങ്കിൽ മാത്രമേ തിരികെ കിട്ടൂ. കൊടുക്കുന്നത്ര അളവിൽ തിരിച്ചുകിട്ടാൻ സാധ്യതയില്ലായിരിക്കാം. പക്ഷേ കൊടുക്കാതെ നമുക്കൊരിക്കലും കിട്ടില്ലെന്ന് മനസ്സിലാക്കണം. ജന്മദിനമോ വിവാഹവാർഷികമോ പോലെയുള്ള ദിനങ്ങൾ ഓർത്തുവച്ച് ഒരു ഫോൺവിളി.. ഒരു മെസേജ്.. നിന്നെ ഞാൻ ഓർമ്മിക്കുന്നുവെന്നു തന്നെയാണ് അതിന്റെ അർത്ഥം. അത്തരമൊരു ഓർമ്മയുണർത്തുന്നത് നിസ്സാരകാര്യമല്ല.
അതുപോലെ പല സൗഹൃദങ്ങളും സമയബന്ധിതമായി മാത്രം കൊണ്ടുനടക്കുന്നവരുണ്ട്. പഠനകാലത്തോ ഹോസ്റ്റൽ ജീവിതകാലത്തോ മാത്രം ബന്ധം പുലർത്തിയിരുന്നവർ. ആ കാലം കഴിഞ്ഞതോടെ സൗഹൃദവും അവസാനിപ്പിച്ചവർ. അത് ശരിയായ രീതിയല്ല. ഏതൊരു ബന്ധത്തിനും ഫോളോ അപ്പ് വേണം. നിന്റെ സ്നേഹത്തിന് സ്ഥിരതയുണ്ടെന്ന് എനിക്ക് ബോധ്യമുണ്ടെങ്കിൽ മാത്രമേ നിന്നെ തുടർന്നും സ്നേഹിക്കാനും സൗഹൃദംപുലർത്താനും ഞാൻ താല്പര്യപ്പെടുകയുള്ളൂ.
സാമൂഹ്യജീവിയായിരിക്കുക
മനുഷ്യൻ സാമൂഹ്യജീവിയാണ്. ഏകാകിയും ഒറ്റപ്പെട്ടവനുമായി കഴിഞ്ഞുകൂടൂന്ന ഒരാൾക്ക് ചങ്ങാതിമാരെ കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് സ്വയം ഓടിയൊളിച്ചിരിക്കുന്ന മാളങ്ങളിൽ നിന്ന് പുറത്തുകടക്കുക, സമാനചിന്താഗതിക്കാരെയും ഒരേ തരംഗദൈർഘ്യമുള്ളവരെയും കണ്ടെത്തുക. തുടർന്നുള്ള സൗഹൃദകാലം ആഘോഷമാക്കുക. തനിക്കൊപ്പം നടന്നുനീങ്ങാൻ ബുദ്ധിമുട്ടുള്ള ഒരാളുമായും ആർക്കും സൗഹൃദം സ്ഥാപിക്കാനാവില്ല. അതുകൊണ്ട് സമാനഹൃദയരെ ചങ്ങാതിമാരായും ഹൃദയത്തിന്റെ അയൽക്കാരായും കൂടെ കൂട്ടുക.