മക്കൾ നല്ലവരായിത്തീരണമെന്നും നല്ലരീതിയിൽ പെരുമാറണമെന്നും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പക്ഷേ മക്കൾക്ക് തങ്ങൾ നല്കുന്ന പാഠങ്ങളോ തങ്ങൾ ഇടപെടുന്ന രീതിയോ ആണ് അവരെ നല്ലതോ മോശമോ ആക്കുന്നതെന്ന കാര്യത്തെക്കുറിച്ച് പല മാതാപിതാക്കളും ബോധവാന്മാരല്ല. കുട്ടികളെ ശക്തമായി സ്വാധീനിക്കുന്ന രണ്ടുപേർ അവരുടെ അച്ഛനും അമ്മയുമാണ്. ബാഹ്യമായ ചില ഘടകങ്ങളും വ്യക്തികളും അവരെ സ്വാധീനിക്കുമെങ്കിലും മാതാപിതാക്കളുടെയത്ര സ്വാധീനം ചെലുത്താൻ മറ്റാർക്കും കഴിയുകയില്ല. കാരണം വളരെ ചെറുപ്പം മുതൽ അവർ കണ്ടുവളരുന്നത് മാതാപിതാക്കളെയാണല്ലോ.
മക്കൾ മുതിർന്നതിന് ശേഷം അലസരായി ജീവിക്കുന്നു എന്നത് പല മാതാപിതാക്കളുടെയും സ്ഥിരം പരാതിയാണ്. പക്ഷേ ചെറുപ്പം മുതല്ക്കേ അവർക്ക് ജോലി ചെയ്യാൻ അവസരം കൊടുക്കാത്തതുകൊണ്ടാണ മുതിരുമ്പോഴും അവർ അലസരായി തുടരുന്നത് എന്നതാണ് വാസ്തവം.
അതുകൊണ്ട് ചെറുപ്രായത്തിൽ തന്നെ മക്കൾക്ക് അവരെക്കൊണ്ട് ആകുന്നവിധത്തിലുള്ള ചെറിയ ചെറിയ ജോലികൾ ചെയ്യിക്കുക. അത് ഒരു ഗ്ലാസ് വെള്ളം കൊണ്ടുവന്ന് തരാൻ ആവശ്യപ്പെടുന്നതുപോലുമാകാം. എന്നാൽ അവയൊന്നും ആജ്ഞയായോ കല്പനയായോ മക്കൾക്ക് തോന്നരുത്. മറിച്ച് പ്ലീസ് മോനേ അപ്പയ്ക്ക് ഒരു ഗ്ലാസ് വെള്ളം തരാമോ, പ്ലീസ് മോനേ അമ്മയ്ക്ക് ഈ പാത്രം ഒന്ന് കഴുകിത്തരാമോ എന്ന മട്ടിൽ ചോദിക്കുക.
തീരെ ചെറിയ പ്രവൃത്തികൾ ചെയ്യുമ്പോൾ പോലും കരുണയോടെ ഇടപെടുക. കിട്ടുന്ന ഉപകാരങ്ങൾക്ക് നന്ദി പറയുകയും വേണം. ഇതു രണ്ടും മക്കളുടെ ഭാവിയിൽ ക്രിയാത്മകമായ സ്വാധീനം ചെലുത്തും. ഇവിടെ രണ്ടുകാര്യങ്ങളാണ് കുട്ടികൾ ഹൃദിസ്ഥമാക്കുന്നത്. ജോലി ചെയ്യാനുളള സന്നദ്ധതയും ജോലി ചെയ്യുമ്പോൾ കിട്ടുന്ന കൃതജ്ഞതയും.
പല അവസരങ്ങളിലും പല കാര്യങ്ങളിലും വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടതായി വരാം. ഇത്തരം സന്ദർഭങ്ങളിൽ പ്രതിപക്ഷ ബഹുമാനത്തോടെ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ മക്കൾക്ക് അവസരം നല്കുന്ന വിധത്തിൽ മാതൃക കാണിച്ചുകൊടുക്കണം. ഉദാഹരണത്തിന് വീട്ടിലെ ഒരു പ്രശ്നത്തിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ വാക്ക് വ്യത്യാസമുണ്ടാകുന്നു. പക്ഷേ അവിടെ ഭാര്യഭർത്താക്കന്മാർ ആദരവോടെ സംസാരിക്കണം. മറ്റെയാളെ പുച്ഛിച്ചും അവഗണിച്ചും കോപ്രായം കാണിച്ചും പ്രതികരിക്കുന്ന രീതി മക്കൾ കാണാൻ അവസരം കൊടുക്കരുത്. ഇങ്ങനെ കണ്ടുവളരുന്ന മക്കൾ പിന്നീട് പൊതുജീവിതത്തിൽ ഇടപെടുകയും വിയോജിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്യുമ്പോൾ തങ്ങൾ വീട്ടിൽ കണ്ടുവളർന്ന രീതി തന്നെയായിരിക്കും സ്വീകരിക്കുന്നത്. പ്രതിപക്ഷ ബഹുമാനം ഏതൊരാൾക്കും അത്യാവശ്യമാണ്.
പൊട്ടിത്തെറിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ ആരോപണങ്ങൾ നടത്തുന്ന ഒരാളെ ആർക്കും സ്വീകരിക്കാനാവില്ല. ഭക്ഷണത്തെ ആദരിക്കാൻ പഠിപ്പിക്കുകയാണ് മറ്റൊന്ന്. എത്രയോ കുട്ടികളാണ് ഭക്ഷണം പാഴാക്കിക്കളയുന്നത്. അവർക്ക് അതിന്റെ വിലയറിയില്ല. ആവശ്യപ്പെടുന്നതെന്തും പാഴ്സലായോ അടുക്കളയിൽ നിന്നോ അവർക്ക് കിട്ടുന്നുണ്ട്. അല്ലെങ്കിൽ ഭർത്താവ് അദ്ധ്വാനിച്ചു കൊണ്ടുവരുന്ന ഭക്ഷണത്തോട് ആദരവില്ലാതെയായിരിക്കും ഭാര്യ സംസാരിക്കുന്നത്.
ഭാര്യ വിയർപ്പൊഴുക്കി പാകം ചെയ്യുന്നതിനോട് വിലയില്ലാതെയായിരിക്കും ഭർത്താവ് സംസാരിക്കുന്നത്. ഇതു രണ്ടും കുട്ടികളിൽ ഭക്ഷണത്തോട് അനാദരവ് സൃഷ്ടിക്കും. ഈ ലോകത്ത് കോടിക്കണക്കിന് കുട്ടികൾ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ വിളമ്പിക്കിട്ടുന്ന ഭക്ഷണത്തോട് ആദരവ് കാണിക്കാൻ മക്കൾക്ക് പ്രേരണ നല്കുന്ന വിധത്തിൽ അവർക്ക് മാതൃക നല്കണം. ഇനിയൊന്ന് തുല്യതയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത കല്പിക്കുന്ന വിധത്തിലുള്ള സമീപനവും കുട്ടികൾക്ക് നല്കണം.
സ്ത്രീപുരുഷ സമത്വത്തിൽ മാത്രമല്ല ജാതി മതം, ജോലി, എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ പരിഛേദങ്ങളിൽ എല്ലാവർക്കും തുല്യത നല്കണമെന്നും ആദരിക്കണമെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. സമൂഹത്തിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒക്കെ പേരിലുള്ള പല കലഹങ്ങളും ശമിക്കുന്നതിന് ഇത് ഒരു പരിധിവരെ കാരണമാകുക തന്നെ ചെയ്യും.
ചുരുക്കത്തിൽ മക്കൾ പെട്ടെന്നൊരു ദിവസം കൊണ്ടല്ല മിടുക്കരാകുന്നത്. അവരെ മിടുക്കരാക്കി മാതാപിതാക്കൾ വളർത്തുകയാണ് ചെയ്യുന്നത്. പല പല ഘട്ടങ്ങളിലൂടെ… മാതൃകകളിലൂടെ…