ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. മാറിയ ജീവിതശൈലികളും, അനാരോഗ്യകരമായ ഭക്ഷണരീതികളും, ലഹരികളുടെ അമിതോപയോഗവുമാണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇങ്ങനെ കൂട്ടുന്നത്.
എങ്കിലും, ക്യാന്‍സര്‍ അങ്ങനെ ഭയക്കേണ്ട ഒരു രോഗമല്ല. തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും അത് ചികിത്സിച്ചു ഭേദമാക്കാം. അതോടൊപ്പം നല്ല ഭക്ഷണശീലങ്ങളും, നല്ല പാചകരീതികളും പിന്തുടര്‍ന്നാല്‍ ക്യാന്‍സറിനെ തടയാനും സാധിക്കും. അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇവയാണ്:-
· വറുത്തതും, പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍, ടിന്നുകളില്‍ അടച്ചു വരുന്ന വിഭവങ്ങള്‍ എല്ലാം വേണ്ടെന്നു വെയ്ക്കുക. കാരണം, അതില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകളില്‍ ക്യാന്‍സറിനു കാരണമാകുന്ന കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ട്.
· ചുവന്ന മാംസങ്ങളുടെ (റെഡ് മീറ്റ്) ഉപയോഗം മിതമാക്കുക. ഉപ്പിന്റെ അമിതോപയോഗവും ആമാശയക്യാന്‍സറിനു കാരണമാകുമെന്നതിനാല്‍ കുറയ്ക്കണം.
· ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം പലതവണ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് തീരെ നല്ലതല്ല. അതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
· സസ്യഭക്ഷണത്തില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ദഹനപ്രക്രിയയ്ക്ക് വഴങ്ങാത്ത നാരുകള്‍ (ഫൈബര്‍) കാര്‍സിനോജനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. അതുകൊണ്ട് നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
· പഴങ്ങളും പച്ചക്കറികളും കീടനാശിനികള്‍ കലരാത്തവ ആണെന്ന് ഉറപ്പു വരുത്തുക. നല്ല പോലെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.
· പഴങ്ങള്‍ ജ്യൂസാക്കാതെ നേരിട്ട് കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. നാരുകള്‍ കൂടാതെ, നിറമുള്ള പഴങ്ങളിലും, പച്ചക്കറികളിലുമൊക്കെ ധാരാളമായി അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിന്‍, വൈറ്റമിന്‍ സി, സെലിനീയം തുടങ്ങിയ ആന്‍റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ക്യാന്‍സറിനെ പ്രതിരോധിക്കും.
· പാചകരീതികളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. എണ്ണയില്‍ വറുത്ത് ഉപയോഗിക്കുന്നതിനേക്കാള്‍ ബേക്കിംഗ്, ആവി കയറ്റല്‍, തിളപ്പിക്കല്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നത് നല്ലതാണ്.
· അതുപോലെ പാകം ചെയ്ത എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഒട്ടും നല്ലതല്ല. പാചകത്തിന് ആവശ്യമായ എണ്ണ അളന്നെടുത്ത് ഉപയോഗിക്കുക.
· മൈക്രോവേവ് ചെയ്യുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പൊതിയാന്‍ പ്ലാസ്റ്റിക് പേപ്പറിന് പകരം വാക്സ് പേപ്പര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.