യുവാക്കളില്‍ ഇപ്പോള്‍ പൊതുവായി കണ്ടു വരുന്ന പ്രശ്നമാണ് അമിതമായ ക്ഷീണം. ഈ ക്ഷീണത്തെ നിസ്സാരമായി തള്ളിക്കളയരുത്. അമിതജോലിഭാരം മുതല്‍ ഗുരുതരമായ രോഗങ്ങള്‍ വരെ ക്ഷീണത്തിനു കാരണമാകാം. തൈറോയ്ഡ്, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍ മൂലവും ക്ഷീണവും തളര്‍ച്ചയുമുണ്ടാകാം.
ശാരീരികമായ അധ്വാനം മാത്രമല്ല, തലച്ചോറ് ഉപയോഗിച്ചുള്ള ജോലികളും ക്ഷീണം ഉണ്ടാക്കും. ദീര്‍ഘനേരം ഒരേ ഇരുപ്പിലിരുന്നു ജോലി ചെയ്യുന്നത് ക്ഷീണത്തോടൊപ്പം മടുപ്പുമുണ്ടാക്കും. 35 വയസ്സ് കഴിഞ്ഞാല്‍ ഇടയ്ക്കിടെ ആരോഗ്യപരിശോധനകള്‍ നടത്തുന്നത് രോഗാവസ്ഥകള്‍ കണ്ടെത്താന്‍ സഹായിക്കും. ആറുമാസത്തില്‍ കൂടുതല്‍ കാലം ക്ഷീണം തുടര്‍ച്ചയായി നിലനില്‍ക്കുന്നുവെങ്കില്‍ അത് ക്രോണിക് ഫെറ്റിഗ് അഥവാ അമിതക്ഷീണമാവാം പ്രശ്നം. ഇതിന്റെ കാരണം എന്താണെന്ന് കണ്ടുപിടിച്ചു ചികിത്സ തേടണം.
ക്ഷീണത്തിന്റെ മറ്റൊരു കാരണം വിളര്‍ച്ചയാണ്. ജോലിത്തിരക്കിനിടയില്‍ ആവശ്യമായ പോഷകാഹാരം കഴിക്കാത്തത് വിളര്‍ച്ചയ്ക്ക് കാരണമാകും. ക്ഷീണം, തളര്‍ച്ച, തലചുറ്റല്‍, കൈകാല്‍മുട്ട് വേദന, ഓര്‍മ്മക്കുറവ് എന്നിവയാണ് വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുക. ഹീമോഗ്ലോബിന്റെ കുറവ് മൂലം ശരീരത്തിനു മതിയായ ഓക്സിജന്‍ ലഭിക്കില്ല. ഇത് ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭിക്കാത്തത് ഹൃദ്രോഗത്തിനു കാരണമാകും.
- ഇരുമ്പ് അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് വിളര്‍ച്ചയേ അകറ്റാന്‍ സഹായകമാണ്. പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍, കൂവരക്, റാഗി എന്നിവയില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
- പച്ചനിറത്തിലുള്ള ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിവ ഉത്തമമാണ്. കറിവേപ്പില, മല്ലിയില, ചീര, കാബേജ്, ബീന്‍സ് എന്നിവ ധാരാളമായി ഉപയോഗിക്കുക.
- ഇറച്ചി, മുട്ട എന്നിവയില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെ എള്ള്, നിലക്കടല, ഈന്തപ്പഴം, നെല്ലിക്ക എന്നിവയും വിളര്‍ച്ച അകറ്റും.
- ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ വൈറ്റമിന്‍, അയേണ്‍ ഗുളികകള്‍ കഴിക്കണം.
- ദീര്‍ഘനേരമുള്ള ജോലിക്കിടെ പത്തുമിനിട്ടു നേരം ഒന്നും ചെയ്യാതെ കണ്ണടച്ച് ഇരിക്കുക. പവര്‍ നാപ്പിങ്ങ് എന്നാണു ഇതിനു പറയുക. ഇത് തലച്ചോറിനു വിശ്രമം നല്‍കും. ഈ പവര്‍ നാപ്പിംഗിനു ശേഷം ജോലി ചെയ്‌താല്‍ ക്ഷീണം അകലുകയും, കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ സാധിക്കുകയും ചെയ്യും.