വീട്ടിലെ താമസക്കാര്‍ക്ക് മന:സുഖം നല്കുന്നതാവണം ചുവരുകള്‍ക്ക് നല്‍കുന്ന നിറങ്ങള്‍. നിറങ്ങള്‍ക്ക് ചില മന:ശാസ്ത്രപരമായ വശങ്ങള്‍ കൂടിയുണ്ട് എന്നതാണ് സത്യം. ഓരോ നിറങ്ങളും പകര്‍ന്നുനല്‍കുന്ന ചില ശുഭചിന്തകള്‍ ഇവയാണ്:-
ചുവപ്പ്:- പ്രണയത്തിന്റെയും, തീവ്രവികാരങ്ങളുടെയും നിറമാണ് ചുവപ്പ്. ഹൃദയമിടിപ്പും, ശ്വസനവും കൂട്ടുവാനും രക്തത്തിന്റെ നിറമായ ചുവപ്പ് സഹായിക്കുന്നു. ശക്തിയും, ഊര്‍ജ്ജവും സൂചിപ്പിക്കുന്ന ചുവപ്പ് അഴകും, പ്രത്യേക സ്റ്റൈലും തരുന്നു. മനസ്സിന് ധൈര്യവും, ശുഭാപ്തിവിശ്വാസവും പകരുന്നതുകൂടിയാണ് ചുവപ്പ്. കിടപ്പുമുറിയ്ക്ക് ചുവപ്പിന്റെ വകഭേദങ്ങള്‍ നല്‍കാവുന്നതാണ്.
ഓറഞ്ച്:- ഭക്തിയുടെയും, ഊഷ്മളതയുടെയും നിറമാണ് ഓറഞ്ച്. സാഹസികതയാണ് ഇത് സൂചിപ്പിക്കുന്നത്. ധ്യാനത്തിന്റെ നിറമായ ഓറഞ്ച് ജ്വലിക്കുന്ന പ്രകാശമായി മുറിയില്‍ നിറയും. ഓറഞ്ചു പെയിന്റടിച്ച്, മുറിയില്‍ നല്ല ലൈറ്റിംഗ് കൂടി നല്‍കിയാല്‍ ഒരു സൌരഭ്യം മുറിയില്‍ തെളിയും. പ്രതീക്ഷയുടെ നിറം കൂടിയാണ് ഓറഞ്ച്. അതുകൊണ്ടുതന്നെ പൂജാമുറി, അല്ലെങ്കില്‍ പ്രാര്‍ത്ഥനാമുറിയ്ക്ക് ഈ നിറം നല്‍കിയാല്‍ ഉത്തമമായിരിക്കും.
മഞ്ഞ:- മഞ്ഞ എന്നാല്‍ ശുഭാപ്തിവിശ്വാസമാണ്. അത് മനസ്സിന് സന്തോഷവും, ഉണര്‍വ്വും നല്‍കുന്നു. ഓര്‍മ്മശക്തിയും, ഏകാഗ്രതയും കൂട്ടാന്‍ മഞ്ഞനിറം സഹായിക്കും. വസന്തവും, സമൃദ്ധിയും സൂചിപ്പിക്കുന്ന മഞ്ഞ നിറത്തിലൂടെ തെളിഞ്ഞ ബുദ്ധിയും, ചിന്തകളും സാധ്യമാകുന്നു. പഠനമുറിയ്ക്ക് നല്‍കാന്‍ യോജിച്ച നിറം എന്ന് ചുരുക്കം.
പച്ച:- പച്ച എന്നാല്‍ പ്രകൃതിയാണ്. സമൃദ്ധിയും, വളര്‍ച്ചയും, ഐക്യവും സൂചിപ്പിക്കുന്നു. പച്ചനിറം കണ്ണിനു കുളിര്‍മ്മയും, മനസ്സിന് ശാന്തിയും നല്‍കുന്നു. മനസ്സിന്റെ ഭാരം കുറച്ച് സ്വസ്ഥമാകാനും പച്ച നല്ലതാണ്. ഇത് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണംചെയ്തു മുന്നോട്ടു പോകാന്‍ പ്രചോദനമാകും. വിശ്രമമുറിയ്ക്ക് അനുയോജ്യമായ നിറം എന്ന് ചുരുക്കം.
നീല:- സമാധാനത്തിന്റെയും പ്രശാന്തതയുടെയും മന:ശാന്തിയുടെയും നിറമാണ് നീല. അത് ശരീരത്തിനും, മനസ്സിനും സുഖം നല്‍കുന്നു. മനസ്സിന് ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു എന്നതുകൊണ്ടാണ് നീല കിടപ്പുമുറിയ്ക്ക് ഏറ്റവും അനുയോജ്യമായ നിറമാണെന്ന് പറയുന്നത്.
വയലറ്റ്:- ഭാവനയെയും സ്വത്വബോധത്തെയും ഉണര്‍ത്തുന്ന നിറമാണ് വയലറ്റ്. വിവിധതരം ചിന്തകളിലേയ്ക്ക് അത് നമ്മെ കൂട്ടികൊണ്ടുപോകുന്നു. കാല്‍പനികമായൊരു ലോകത്തേയ്ക്ക് ഈ നിറം നമ്മെ നയിക്കുന്നു. കുലീനതയും, രാജകീയതയും സൂചിപ്പിക്കുന്ന പര്‍പ്പിള്‍ ആഡംബരവും, സമ്പത്തുമാണ് സൂചിപ്പിക്കുന്നത്.
വെള്ള:- പരിശുദ്ധിയുടെയും, നിഷ്ക്കളങ്കതയുടെയും, സമാധാനത്തിന്റെയും പര്യായമാണ് വെള്ള. വെള്ള പെയിന്റടിച്ച മുറികള്‍ കൂടുതല്‍ വിസ്താരമുള്ളതായി തോന്നിക്കും. തെളിഞ്ഞ മനസ്സും, പുതിയ ചിന്തകളും, പുതുമയും സൂചിപ്പിക്കുന്ന നിറമാണിത്.