നല്ല ഉറക്കം എന്നത് എത്ര നേരം ഉറങ്ങി എന്നതല്ല, നന്നായി ഉറങ്ങിയോ എന്നതാണ്. പറയുന്നത് മറ്റാരുമല്ല അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ് മെഡിസിനിലെ ഡോ. രാമന്‍ മല്‍ഹോത്രയാണ്. നല്ല ഉറക്കം ശീലിക്കുന്നത് ഒരേ സമയം മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് വളരെ ഉത്തമമാണ്. കാരണം ഉറക്കമാണ് നമ്മുടെ ശരീരത്തിന് എനര്‍ജി നല്കുന്നതും ശാരീരികപ്രവര്‍ത്തനങ്ങളെ പുനക്രമീകരിക്കുന്നതും. നല്ലരീതിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല എങ്കില്‍ ദിവസം മുഴുവന്‍ ക്ഷീണം, തളര്‍ച്ച, മാന്ദ്യം എന്നിവയെല്ലാം ഉണ്ടാകും. കൂടാതെ നാം അസഹിഷ്ണുത പ്രകടിപ്പിക്കുകയും ക്ഷമ നശിച്ചവരുമാകും. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ടാബ്ലറ്റ്, സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍ ഇതര ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് ഇലക്ട്രോണിക് ഡിവൈസുകളില്‍ നിന്നുള്ള വെളിച്ചം ചില വ്യക്തികളില്‍ ഉറക്കം നഷ്ടപ്പെടുത്തുകയോ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്യുന്നതായി കണ്ടുവരുന്നുണ്ട്. അതുപോലെ ഉറക്കം നഷ്ടപ്പെടുത്തുന്ന മറ്റൊരു ഘടകമാണ് കാപ്പി, മദ്യം എന്നിവയുടെ സായാഹ്നങ്ങളിലെ ഉപയോഗം. പലപ്പോഴും ഇവ സ്വഭാവികമായ ഉറക്കത്തിന് തടസം നില്ക്കുന്നുണ്ട്. ഉറക്കക്കുറവ് എല്ലാ പ്രായത്തിലുള്ളവരെയും എല്ലാ ലിംഗക്കാരെയും ബാധിക്കാറുണ്ടെന്നും ഡോ. മല്‍ഹോത്ര പറയുന്നു.
യുവജനങ്ങളുടെയും പ്രായപൂര്‍ത്തിയായവരുടെയും ഉറക്കം പലപ്പോഴും കുറയ്ക്കുന്നത് അമിതമായ ജോലിഭാരവും സോഷ്യല്‍ മീഡിയായുടെ അതിരുകടന്ന ഉപയോഗവുമാണ്. പ്രായപൂര്‍ത്തിയായവര്‍ ഏഴോ അതില്‍കൂടുതലോ മണിക്കൂര്‍ ഉറങ്ങണമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ് മെഡിസിന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അതില്‍ കൂടുതല്‍ ഉറക്കം ആവശ്യമുണ്ട്. ഉറക്കം കുറയുമ്പോള്‍ മുകളില്‍ പറഞ്ഞതുപോലെ ദിവസം മുഴുവന്‍ പലവിധ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. ജോലിയിലും മീറ്റിംങിലും ഡ്രൈവിംങിലും എല്ലാം തെറ്റുകള്‍ സംഭവിക്കാന്‍ ഉറക്കക്കുറവ് പലപ്പോഴും കാരണമാകുന്നുണ്ട്. അതുപോലെ കോട്ടുവാ, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിവില്ലായ്മ, മൂഡ് വ്യതിയാനം, അമിതമായ തെറ്റുകള്‍ എന്നിവയെല്ലാം ഉറക്കമില്ലായ്മയുടെ ഫലമാണ്. അവധി ദിവസങ്ങളില്‍ കൂടുതല്‍ സമയം ഉറങ്ങുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ശരിയായ രീതിയല്ല എന്നാണ് വിദഗ്ദരുടെ അഭിപ്രായം. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാന്‍ പോകുന്നതും ഉറങ്ങിയെണീല്ക്കുന്നതും ആരോഗ്യകരമായ ഉറക്കശീലങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഉറക്കത്തെ ശല്യപ്പെടുത്തുന്നതോ ഉറക്കത്തെ വൈകിപ്പിക്കുന്നതോ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമിതമായ വെളിച്ചം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഉദാഹരണം. അതുപോലൈ നാളെ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അമിതമായ ചിന്ത കൂടാതെ ഉറങ്ങാന്‍ കിടക്കുക. അമിതമായ ടെന്‍ഷനും ഉത്കണ്ഠകളും ഒഴിവാക്കി ഉറങ്ങാന്‍ കിടക്കുക.
തുടര്‍ച്ചയായ പരിശീലനത്തിലൂടെ നല്ല രീതിയില്‍ ഉറങ്ങാന്‍ കഴിയുമെന്നാണ് വിദഗ്ദരെല്ലാം പറയുന്നത്. നല്ല കിടക്കയും തലയണയും നല്ല ഉറക്കത്തിന് കാരണമാകുന്നുണ്ട് എന്ന കാര്യവും മറക്കാതിരിക്കാം.