മക്കളെ നല്ലവരായി കാണാന്‍ ആ്ഗ്രഹിക്കാത്ത മാതാപിതാക്കള്‍ ആരും തന്നെയുണ്ടാവില്ല. പക്ഷേ അതിന് ആദ്യം നല്ല കുടുംബബന്ധങ്ങള്‍ മാതാപിതാക്കള്‍ സ്ഥാപിച്ചെടുക്കുകയാണ് വേണ്ടത്. കുട്ടികള്‍ സുരക്ഷിതത്വബോധമുള്ളവരും സ്‌നേഹസമ്പന്നരുമായി വളരുന്നതിന് ഇത് വളരെ അത്യാവശ്യമാണ്.
മാതാപിതാക്കള്‍ സ്‌നേഹത്തോടെ ജീവിക്കുന്ന എല്ലാ കുടുംബങ്ങളിലും മക്കളുടെ ഭാവിജീവിതം സുരക്ഷിതമായിരിക്കും. തങ്ങള്‍ സുരക്ഷിതരും സ്‌നേഹിക്കപ്പെടുന്നവരുമാണെന്ന് മക്കള്‍ മനസിലാക്കുമ്പോള്‍ അതവരുടെ തലച്ചോറിന്റെ വളര്‍ച്ചയെ ഗുണകരമായി ബാധിക്കും. തന്മൂലം ആഹാരശീലങ്ങള്‍, ഉറക്കം, പഠനം, പെരുമാറ്റം എന്നിവയെല്ലാം മെച്ചപ്പെട്ടതായിരിക്കും.
പ്രശ്‌നങ്ങളില്ലാത്ത കുടുംബങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. പക്ഷേ പ്രശ്‌നങ്ങളെ വേഗത്തിലും നല്ല രീതിയിലും പരിഹരിക്കാന്‍ കഴിയുന്നത് നല്ല ബന്ധങ്ങള്‍ പരസ്പരം സൂക്ഷിക്കുന്ന കുടുംബങ്ങള്‍ക്കാണ്. പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാന്‍ അവര്‍ക്ക് എളുപ്പത്തില്‍ കഴിയുന്നു. നല്ല കുടുംബം എന്നാല്‍ ദൃഢതയുള്ള കുടുംബം എന്നാണ് അര്‍ത്ഥം. സുദൃഢമായ കുടുംബങ്ങള്‍ വളരുന്നതും വളര്‍ച്ചപ്രാപിക്കുന്നതും സ്‌നേഹത്തില്‍ നിന്നാണ്. പരസ്പരം സംസാരിക്കാനും ഒരുമിച്ചിരുന്ന് പൊട്ടിചിരിക്കാനും കഴിയുന്ന കുടുംബങ്ങള്‍ മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്തുന്ന കുടുംബങ്ങള്‍ക്ക് ഉദാഹരണമാണ്. ഒരുമിച്ചുള്ള യാത്രകളും ഭക്ഷണം ഒരുമിച്ചുകഴിക്കുന്നതും അവിടെ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നു. കുട്ടികള്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് അവരോട് അഞ്ചു മിനിറ്റെങ്കിലും സ്വകാര്യമായി സംസാരിക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തണമെന്ന് ചില വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ആശയവിനിമയത്തിലുള്ള സുതാര്യതയും അടുപ്പവും ബന്ധങ്ങളുടെ വളര്‍ച്ചയെ ഗുണകരമായി സ്വാധീനിക്കുന്നു. മാതാപിതാക്കളോട് എന്തും തുറന്നുപറയാന്‍ കഴിയുന്ന വിധത്തിലുള്ള അടുപ്പം മക്കള്‍ക്കുണ്ടാകുന്നത് അവര്‍ ചെന്നുചാടാന്‍ സാധ്യതയുള്ള അപകടകരമായ ബന്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പോലും സഹായിക്കും.
ചുരുക്കത്തില്‍ മക്കളുടെ ഭാവിയും നന്മയും മാതാപിതാക്കളുടെ കൈകളിലാണ്. അവരെങ്ങനെ പ്രതികരിക്കുന്നു, പെരുമാറുന്നു എന്നത് അനുസരിച്ചാണ് മക്കളുടെ സ്വഭാവം രൂപപ്പെടുന്നത്.