”ഓ പരീക്ഷ കഴിഞ്ഞു ഇനി അവധിക്കാലം അടിച്ചു പൊളിക്കണം”…. വിദ്യാർത്ഥികളുടെ ആരവം. ”ദൈവമേ മക്കൾക്ക് അവധി തുടങ്ങി. ഇനി രണ്ടു മാസം എന്തു ചെയ്യും”…
”ഓ പരീക്ഷ കഴിഞ്ഞു ഇനി അവധിക്കാലം അടിച്ചു പൊളിക്കണം”…. വിദ്യാർത്ഥികളുടെ ആരവം. ”ദൈവമേ മക്കൾക്ക് അവധി തുടങ്ങി. ഇനി രണ്ടു മാസം എന്തു ചെയ്യും”… മാതാപിതാക്കളുടെ നെടുവീർപ്പ്… അവധിക്കാലമല്ലേ! മക്കൾ മരം കയറിയും മണ്ണിൽ കളിച്ചും കുളത്തിൽ കുളിച്ചും ആഘോഷിക്കട്ടേയെന്ന് ഒരു കൂട്ടർ… അതൊന്നും പാടില്ല നിർബന്ധമായും ഒന്നോ രണ്ടോ കോഴ്‌സുകൾ ചെയ്ത് അവധിക്കാലത്തെയും പഠന കാലമാക്കണമെന്ന് മറ്റൊരു കൂട്ടർ. എന്തു ചെയ്യണമെന്ന് ഒരു തുമ്പും കിട്ടുന്നില്ല. ഇങ്ങനെ അവധിക്കാലത്തെക്കുറിച്ചോർത്ത് ആധിപിടിക്കുന്ന കേരളത്തെയാണ് പൊതുവേ കാണാറുള്ളത്.
സങ്കീർണ്ണതകളൊക്കെ മാറ്റി വച്ച് ലളിതമായി അവധിക്കാലത്തെക്കുറിച്ച് ആലോചിക്കാം. എന്തിനാണ് അവധിക്കാലം? നീണ്ട പത്തുമാസത്തെ ക്രമീകൃതമായ ചിട്ടവട്ടങ്ങളിൽ നിന്നും പരിശീലനത്തിന്റെയും പരീക്ഷയുടെയും ആയാസത്തിൽ നിന്നും മാറി അല്പം വിശ്രമം. വിശ്രമത്തിന് നിറം നല്കുന്ന ഉല്ലാസം. വിശ്രമത്തിലൂടെയും ഉല്ലാസത്തിലൂടെയും കൈവരുന്ന പുത്തനുണർവും ഉന്മേഷവും. ഇതൊക്കെയാണ് അവധിക്കാലം കൊണ്ടുദ്ദേശിക്കുന്നത്.
ഇനി വിശ്രമമെന്നു പറഞ്ഞാൽ ദിവസം മുഴുവൻ കട്ടിലിൽ കിടന്നുറങ്ങുന്നതാണോ? അല്ലേ അല്ല… ഉല്ലാസം എന്നാൽ ദിവസം മുഴുവൻ കളിച്ചു നടക്കുന്നതിലുമല്ല. അവധിക്കാലം ഒരു റീചാർജ്ജിനുളള സമയമാണ്. ശരീരവും മനസും ബുദ്ധിയും ആത്മാവും റീചാർജ് ചെയ്യപ്പെടണം. അവധി കഴിയുമ്പോൾ സമയം വെറുതെ നഷ്ടപ്പെടുത്തിയെന്ന കുറ്റബോധം ഉണ്ടാകരുത്. മനസ്സിൽ ശൂന്യത മാത്രം എന്ന അവസ്ഥയും ഉണ്ടാകരുത്. തികച്ചും നിറവുള്ള മനസ്സോടെ വേണം പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കാൻ. ശരിയായി പ്ലാൻ ചെയ്താൽ അവധിക്കാലം അടിപൊളിയാകും. അതിന് മാതാപിതാക്കളും അധ്യാപകരും വിദ്യാർത്ഥികളെ സഹായിക്കണം.
1) ശരീരത്തിൽ നിന്നും തുടങ്ങാം
അവധിക്കാലത്ത് ശരിയായി ഉറങ്ങാൻ തീരുമാനിക്കാം. കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും. അത് രാത്രിയിൽ തന്നെ ആവണം. പകൽ ചെയ്യാൻ രസകമായ അനവധി കാര്യങ്ങളുണ്ട്. കുറച്ചു നേരമെങ്കിലും കളിക്കണം. ഒറ്റയ്ക്കിരുന്നുള്ള മൊബൈൽ ഗെയിംസല്ല. കൂട്ടുകാരുമായി കളിക്കണം. അല്ലെങ്കിൽ ദിവസവും കുറച്ച് വ്യായാമം ചെയ്യണം. ശാരീരികധ്വാനത്തിനായി ദിവസവും കുറച്ചു സമയം മാറ്റി വയ്ക്കണം. ഒരു പൂന്തോട്ടമോ, പച്ചക്കറി തോട്ടമോ നിർമ്മിക്കാം. വീട് വൃത്തിയാക്കാം, അലമാരകൾ, ഷോക്കെയ്‌സ് തുടങ്ങിയവ പുന:ക്രമീകരിക്കാം. വീട്ടിലുള്ള കർട്ടൻസ് കഴുകി വൃത്തിയാക്കാം ഇങ്ങനെ എന്തെങ്കിലും ഒരു ജോലി ദിവസവും ചെയ്യാം.
2) ഇനി ബൗദ്ധിക മണ്ഡലത്തെ ഉത്തേജിപ്പിക്കുന്ന കുറച്ചു കാര്യങ്ങൾ പ്ലാൻ ചെയ്യാം
ഒരു പുതിയ ഭാഷ പഠിക്കാം. ഒരു കോച്ചിംഗ് സെന്ററിൽ പോയോ വീട്ടിലിരുന്ന് ഓൺലൈനായോ പരിശീലിക്കാം. നിർബന്ധമായോ കുറച്ചു പുസ്തകങ്ങൾ വായിക്കണം. അഗ്നിച്ചിറകുകൾ : എ.പി.ജി. അബ്ദുൾ കലാം ; ആൽക്കെമിസ്റ്റ് : പൗലോ കൊയ്‌ലോ; How to Win Friends and Influence People : Dale Carnegie ; You can Win : Rohit Sharma; മദർ തെരേസ: നവീൻ ചവ്‌ള; കുറച്ചു പുസ്തകങ്ങളുടെ പേര് പറഞ്ഞു എന്നു മാത്രം. ഒന്നോ രണ്ടോ മ്യൂസിയങ്ങൾ സന്ദർശിക്കുന്നതും, പ്രശസ്തമായ കോളേജുകൾ, യൂണിവേഴ്‌സിറ്റികിൾ എന്നിവ സന്ദർശിക്കുന്നതും ബൗദ്ധിക മേഖലയെ ഉത്തേജിപ്പിക്കുന്നതാണ്. പദസമ്പത്ത് (vocabulary) വർദ്ധിപ്പിക്കുക, writing skill, speed reading എന്നിവയിൽ പ്രാവീണ്യം നേടുക കൈയ്യക്ഷരം നന്നാക്കാൻ പരിശ്രമിക്കാം. ഇങ്ങനെ നിരവധി കാര്യങ്ങൾ.
3) മനസ്സിന്റെ ഉന്മേഷത്തിനും ഉണർവിനും പറ്റിയ ചില കാര്യങ്ങൾ
കുറച്ചു നല്ല സ്ഥലങ്ങൾ സന്ദർശിക്കാം. ദൂരെയുള്ളതൊന്നുമല്ല അടുത്തുളള പ്രക്യതി രമണീയമായ സ്ഥലങ്ങൾ. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുക. അടുത്തുള്ള പുഴയിലോ കുളത്തിലോ പോയി ചൂണ്ടയിട്ട് മീൻ പിടിക്കാം. ഒരു പട്ടം പറത്താം. കുറച്ച് നല്ല സിനിമകൾ കാണാം (സിനിമയുടെ പേരുകൾ നിർദ്ദേശിക്കുന്നില്ല). ബന്ധു വീടുകൾ സന്ദർശിക്കാം. വീട്ടിലെ പക്ഷിമൃഗാദികളെ പരിപാലിക്കാം. ഒരു പുതിയ ഹോബി ആരംഭിക്കാം. ഇങ്ങനെ നിരവധി കാര്യങ്ങളുണ്ട്.
4) അവധിക്കാലം ആത്മീയ ആഘോഷത്തിന്റെയും കാലമാക്കണം
പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി കുറച്ചു ദിവസങ്ങൾ മാറ്റി വയ്ക്കാം. തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഒരു കാൽനട യാത്ര പോകാം. അനാഥാലയമോ അഗതി മന്ദിരമോ സന്ദർശിച്ച് ഒരു ദിവസത്തെയോ ഏതാനും ദിവസത്തേക്കോ സേവനം നല്കാം. എല്ലാ ദിവസവും അല്പനേരം പ്രാർത്ഥിക്കാം.
5) മാതാപിതാക്കളറിയാൻ
കുട്ടികൾ തങ്ങളോടൊത്തുള്ള കാലമാണ് അവധിക്കാലം എന്നു ഒരോ മാതാപിതാക്കളും ഓർക്കണം. അവരെ ജീവിത കലകൾ പഠിപ്പിക്കാനുള്ള അവസരമാക്കി അവധിക്കാലത്തെ മാറ്റണം. വീട്ടിലെ എല്ലാ കാര്യങ്ങളിലും അവരെ പങ്കാളികളാക്കുക. ഭക്ഷണം പാകംചെയ്യാനും വസ്ത്രംഅലക്കാനും വീട് വൃത്തിയാക്കാനും അതിഥികളെ സ്വീകരിക്കാനും കടയിൽ പോയി വീട്ടു സാധനങ്ങൾ മേടിക്കാനും വീട്ടിലെ വരവ് ചെലവ് കണക്കുകൾ എഴുതാനും ഒക്കെ അവരെ പഠിപ്പിക്കുക.
6) പാർട്ട് ടൈം ജോലി
ചില വിദ്യാർത്ഥികൾ അവധിക്കാലത്ത് ഏതെങ്കിലും ഒരു പാർട്ട് ടൈം ജോലിയിൽ പ്രവേശിച്ച് നാല് കാശ് സമ്പാദിക്കുന്നത് കാണാറുണ്ട്. വളരെ നല്ലൊരു കാര്യമാണിത്. കൂടുതൽ ജീവിത പാഠങ്ങൾ പഠിക്കാനും സമൂഹത്തെ കൂടുതൽ മനസ്സിലാക്കാനും ഇതു വഴി സാധിക്കും. ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാക്കാര്യങ്ങളും ചെയ്യാൻ പരിശ്രമിക്കരുത്. അനുയോജ്യമായത് മാത്രം തെരെഞ്ഞെടുക്കുക. ഉല്ലാസപ്രദവും ഫലപ്രദവും സൃഷ്ടിപരവും നിറവുള്ളതുമായ ഒരവധിക്കാലം ആശംസിക്കുന്നു.
ഫാ. അജി പുതിയപറമ്പിൽ